മഴക്കാലമായാൽ നാടൻ കറികൾക്ക് ഡിമാൻ്റേറെയാണ്. നല്ല ചൂടോടെ പാത്രത്തിലേക്ക് വിളമ്പുന്ന മഴക്കാല വിഭവങ്ങൾ നാട്ടു പച്ചക്കറികളുടെ പ്രധാന ഉറവിടം തന്നെയാണ്. വേനലിൽ ബാക്കിവച്ച ചക്കക്കുരുവും അച്ചാറുകളും വേലിച്ചീരയും ഏത്തനും ചേനയുമൊക്കെ നൽകുന്ന സ്വാദ് വളരെ വ്യത്യസ്‌തമാണ്. ഇതുപോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തനി നാടൻ കറിയാണ് മത്തങ്ങ പച്ചടി.
ആവശ്യമായ ചേരുവകള്‍
മത്തങ്ങ- 250 ഗ്രാം
വെള്ളം -2 കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ
മുളകുപൊടി -കാൽ ടീസ്‌പൂൺ
പച്ചമുളക് -2 എണ്ണം
തേങ്ങ- മുക്കാൽ കപ്പ്
ജീരകം- കാൽ ടീസ്‌പൂൺ
കടുക്- 1 ടീസ്‌പൂൺ
തൈര്- അര കപ്പ്
എണ്ണ- 2 ടേബിൾ സ്‌പൂൺ
ഉലുവ- കാൽ ടീസ്‌പൂൺ
വറ്റൽ മുളക്-3 എണ്ണം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മത്തങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളവും അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേകാൻ വെക്കുക.
ഈ സമയം മുക്കാൽ കപ്പ് തേങ്ങ എടുത്ത് ഇതിലേക്ക് കാൽ ടീസ്‌പൂൺ ജീരകം അര ടീസ്‌പൂൺ കടുക് കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം.
മത്തങ്ങ നന്നായി വെന്ത് വെള്ളം വറ്റിയതിനുശേഷം മത്തങ്ങ ആവശ്യാനുസരണം ഉടച്ചെടുക്കുക. ഇതിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തുകൊടുക്കുക. തേങ്ങയുടെ പച്ച മണം മാറുന്നതുവരെ ഇളക്കിക്കൊടുക്കണം. ( മധുരം ആവശ്യമുള്ളവർക്ക് ഈ സമയം അര ടീസ്‌പൂൺ ശർക്കരയോ പഞ്ചസാരയോ ചേർക്കാം. നേരിയ മധുരമുള്ള മത്തങ്ങയാണ് എടുത്തിരിക്കുന്നതെങ്കിൽ മധുരം ചേർക്കണ്ട ആവശ്യമില്ല. ) തേങ്ങയും മത്തങ്ങയും നന്നായി യോജിപ്പിച്ചതിനുശേഷം അടുപ്പിൽ നിന്ന് വാങ്ങി തണുക്കാനായി മാറ്റി വയ്‌ക്കാം.
നന്നായി തണുത്തതിനുശേഷം അര കപ്പ് തൈര് ചേർത്ത് യോജിപ്പിക്കാം. ശേഷം മത്തങ്ങ ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിനായി ഒരു നുള്ള് മുളകുപൊടി തൂവാം. അതിനുശേഷം മറ്റൊരു പാത്രത്തിൽ 2 ടേബിൾ സ്‌പൂൺ എണ്ണ ഒഴിച്ച് അര ടീസ്‌പൂൺ കടുക്, കാൽ ടീസ്‌പൂൺ ഉലുവ, 3 വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് താളിച്ചൊഴിക്കാം.
അങ്ങനെ നല്ല രുചികരമായ മത്തങ്ങ പച്ചടി വളരെ എളുപ്പത്തിൽ തയ്യാറാക്കാം.