മധ്യവേനല്‍ അവധിയെത്തി, കത്തുന്ന ചൂടില്‍ കുളിരുതേടി കശ്‌മീരിലേക്ക് പറക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഇതുതന്നെ പറ്റിയ ടൈം. താഴ്‌വരയില്‍ വസന്തം ഇപ്പോഴതിന്‍റെ പാരമ്യത്തിലാണ്. പൂത്തു നില്‍ക്കുന്ന ബദാം മരങ്ങളും പലവര്‍ണത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന ട്യൂലിപ്പ് പൂക്കളും നിങ്ങളെ വരവേല്‍ക്കും.
ഏപ്രില്‍ 19ന് വന്ദേ ഭാരത് കശ്‌മീരിന്‍റെ ട്രാക്കിലിറങ്ങുന്നതോടെ പ്രതീക്ഷയുടെ സൈറണ്‍ ഉച്ചത്തില്‍ മുഴങ്ങും എന്നതില്‍ സംശയമില്ല. ഹിമാലയത്തിന്‍റെ മടിത്തട്ടിലേക്ക് യാത്രചെയ്‌തെത്തുന്ന സഞ്ചാരികള്‍ക്ക് വന്ദേ ഭാരത് സര്‍വീസ് കൂടുതല്‍ സൗകര്യമാകും. കശ്‌മീരിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വൈകിപ്പിക്കുന്നതെന്തിന്? ഏപ്രില്‍ 13 വരെ നടക്കുന്ന ഇക്കൊല്ലത്തെ സ്‌പ്രിങ് ഫെസ്റ്റിവല്‍ കൂടി ആസ്വദിക്കാവുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യൂ. ബദാം പൂക്കളുടെ നറുമണമേറ്റ് ബദാം വാരി ഗാര്‍ഡനിലൂടെയൊരു സവാരി, സബര്‍വന്‍ കുന്നിന്‍ ചെരിവിലെ ട്യൂലിപ്പ് പൂന്തോട്ടത്തില്‍ നിന്നൊരു ഫോട്ടോ, നാടോടി സംഗീതം, തനതായ ഭക്ഷണ വിഭവങ്ങള്‍, കരകൗശല മേളകള്‍ എന്നിവ ആസ്വദിക്കാന്‍ കശ്‌മീർ ടൂറിസം വകുപ്പിന്‍റെ സ്‌പ്രിങ് ഫെസ്റ്റിവല്‍ 2025 മികച്ചൊരു ഓപ്‌ഷനാണ്.

കശ്‌മീരിലേക്കെത്താന്‍ വിമാനമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ഉചിതം. വസന്തകാലത്ത് കശ്‌മീരിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കുവര്‍ധന അതിവേഗമാണ്. ഹൈദരാബാദിൽ നിന്ന് ശരാശരി 7,600 രൂപയും, ബെംഗളൂരുവിൽ നിന്ന് ഏകദേശം 9,000 രൂപയും, ചെന്നൈയിൽ നിന്ന് 9,700 രൂപയും, കൊച്ചിയിൽ നിന്ന് 10,500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഏകദേശം 4,536 രൂപ മുതല്‍ ആരംഭിക്കുന്നു. മുംബൈയിൽ നിന്നുള്ള ചാര്‍ജ് കുറഞ്ഞത് ഏകദേശം 6,245 രൂപയാണ്.
സീസണില്‍ കശ്‌മീരിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്ത് ശ്രീനഗറിനും പുറത്തും ഹോട്ടലുകളും ഹോംസ്റ്റേകളും സജ്ജമായിക്കഴിഞ്ഞു. നിലവില്‍ ഇവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ലാസി കശ്‌മീര്‍ എക്‌സ്‌പീരിയന്‍സിന് ദാല്‍ തടാകത്തില്‍ ഒരു ഹൗസ്‌ബോട്ട് രാത്രി, ശ്രീനഗറിന്‍റെ തനതായ രുചിയും ഭംഗിയും അനുഭവിക്കാന്‍ സ്വദേശി കുടുംബങ്ങള്‍ നടത്തുന്ന ഗെസ്റ്റ് ഹൗസുകളില്‍ താമസം എന്നിവ പരീക്ഷിക്കാവുന്നതാണ്.

'ബജറ്റ് യാത്രക്കാര്‍ക്ക് മികച്ച പാക്കേജ് ലഭ്യമാണ്. ഒരു രാത്രിക്ക് 3,000 രൂപ മുതൽ 5,000 രൂപ വരെ നിരക്കില്‍ താമസ സൗകര്യം ലഭിക്കും. പക്ഷേ മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നുമാത്രം' -ട്രാവൽ ഏജന്‍റ്‌സ് അസോസിയേഷൻ ഓഫ് കശ്‌മീർ (TAAK) മുൻ പ്രസിഡന്‍റ് ഫാറൂഖ് അഹമ്മദ് കതു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗുല്‍മാര്‍ഗ്, പഹല്‍ഗാം തുടങ്ങിയ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഹോട്ടലുകളൊക്കെ ഫുള്‍ ആണ്. ഉത്സവ സീസണില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചത് താമസ സൗകര്യങ്ങളുടെ ആവശ്യകതയും വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ കശ്‌മീര്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ മുന്‍കൂട്ടിയുള്ള ബുക്കിങ് നിര്‍ബന്ധമായും ചെയ്‌തിരിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.

കശ്‌മീര്‍ യാത്രയ്‌ക്ക് വ്യത്യസ്‌ത ബജറ്റില്‍ വിവിധ പാക്കേജുകളും ലഭ്യമാണ്. യാത്രക്കാരന്‍റെ പോക്കറ്റ് അനുസരിച്ചുള്ള പാക്കേജുകളുമായി സ്വകാര്യ ടൂര്‍ ഓപ്പറേറ്ററുമാരും കളംനിറഞ്ഞിട്ടുണ്ട്. ചില പാക്കേജുകളില്‍ അപ് ആന്‍ഡ് ഡൗണ്‍ വാഹന സൗകര്യം (വിമാന ടിക്കറ്റ് ഉള്‍പ്പെടെ), പാക്കേജ് ദിവസങ്ങളില്‍ കാബ് സൗകര്യം, സൈറ്റ് സീയിങ്, 3 സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം എന്നിവ ഉള്‍പ്പെടുന്നു. ചിലതിലാകട്ടെ ഷിക്കാര റൈഡുകളും ഹൗസ്ബോട്ടിലെ താമസവും സാഹസിക ആക്‌ടിവിറ്റികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഞ്ചാരികളെ ഇപ്പോള്‍ കശ്‌മീരിലേക്ക് മാടിവിളിക്കുന്ന വിവധ ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഇന്ദിരാഗാന്ധി ട്യൂലിപ്പ് ഗാര്‍ഡന്‍. വിവിധ വര്‍ണത്തിലുള്ള പതിനായിരക്കണക്കിന് ട്യൂലിപ്പ് പൂക്കള്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന ഉദ്യാനം. ഏപ്രില്‍ തുടക്കത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ്പ് തോട്ടമാണ്. ദാല്‍ തടാകത്തില്‍ മുഖം നോക്കിനില്‍ക്കുന്ന ഈ പൂന്തോട്ടത്തിനടുത്തായി ഷാലിമാർ ബാഗ്, നിഷാത് ബാഗ്, ചഷ്മെ ഷാഹി എന്നിങ്ങനെ മൂന്ന് മുഗള്‍ ഗാര്‍ഡനുകള്‍. ഹിമാലയത്തിന്‍റെ ശാന്തതയില്‍ പേര്‍ഷ്യന്‍ ശൈലിയിലുള്ള ഈ തോട്ടങ്ങള്‍ ആരുടെയും മനംകവരും.

ദാല്‍ തടാകത്തിലെ ശാന്തതയില്‍ ഒരു ഷിക്കാര യാത്ര ഇല്ലാതെ കശ്‌മീര്‍ ട്രിപ്പ് അപൂര്‍ണമെന്ന് പറയാം. ഒപ്പം ശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള നടത്തം, ലാല്‍ ചൗക്കിന് ചുറ്റുമുള്ള തെരുവ് ഭക്ഷണ ശാലകള്‍ എന്നിവ കൂടി പരീക്ഷിക്കുന്നത് കശ്‌മീര്‍ യാത്ര കൂടുതല്‍ മികച്ചതാക്കും. വസന്തകാലത്ത് കശ്‌മീരിലെത്തുന്നവര്‍ക്ക് റോഡുമാര്‍ഗമുള്ള യാത്രകള്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാകും. ഇക്കാലത്ത് മാത്രം അതിമനോഹരമാകുന്ന പാതകളുണ്ടിവിടെ, പ്രത്യേകിച്ച് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ളവ. ഉദംപൂർ, ബനിഹൽ, പുതിയ ചെനാനി-നഷ്രി ടണൽ വഴി പോകുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് അതിസുന്ദരമായ കാഴ്‌ചകളാണ്.
ജമ്മുവിലെ ഉപ ഉഷ്‌ണ മേഖലാ വനങ്ങൾ മുതൽ ദക്ഷിണ കശ്‌മീരിലെ പൈൻ താഴ്‌വരകൾ വരെ, കശ്‌മീരിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കാണാന്‍ സോളോ യാത്രികരും നിരവധിയെത്തുന്നുണ്ട്. ഇവര്‍ക്ക് ശ്രീനഗറിലെത്തിയാല്‍ കാര്‍, ബൈക്ക് എന്നിവ വാടകയ്‌ക്ക് ലഭിക്കും. സോളോ റൈഡര്‍മാര്‍ക്ക് കശ്‌മീര്‍ ഒരു സ്വപ്‌നഭൂമിക തന്നെയാണ്.

എടുത്തുപറയേണ്ട മറ്റൊരു കാര്യം കശ്‌മീരികളുടെ ആതിഥ്യമര്യാദയാണ്. സോളോ റൈഡര്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും മറ്റൊന്നും ചിന്തിക്കാതെ സേഫായി കശ്‌മീര്‍ കണ്ടുമടങ്ങാം. അടിസ്ഥാനപരമായ മുന്‍കരുതലുകളും ജനങ്ങളുടെ മാന്യമായ പെരുമാറ്റവുമാണ് ഇതിന് അടിത്തറയിടുന്നത്. സാഹസികയാത്രയാണ് മനസിലെങ്കില്‍ അധികൃതരെ അറിയിക്കുക. ആവശ്യമുള്ളിടങ്ങളില്‍ പ്രാദേശിക ഗൈഡുകളും ലഭ്യമാണ്.
ഒരു യക്ഷി കഥയിലേതു പോലെയോ, അപസര്‍പ്പക കഥയിലേതു പോലെയോ തോന്നിക്കും വിധം പ്രകൃതി കനിഞ്ഞരുളിയ ഫ്രെയിമുകള്‍ ബന്ദിപ്പോരയിലെ ഗുരെസ് താഴ്‌വര മുതൽ തുലൈൽ താഴ്‌വര വരെ നീണ്ടങ്ങനെ കിടക്കുകയാണ്. ഏകാന്തതയും മനോഹരമായ ട്രെക്കിങ്ങുകളും നദീതീരത്തെ ക്യാമ്പിങ്ങും ഇഷ്‌ടപ്പെടുന്നവര്‍ക്ക് കുപ്വാരയിലെ കേരൻ, മച്ചിൽ, ബംഗസ് താഴ്‌വരകൾ മികച്ച ഓപ്‌ഷനുകളാണ്. അനന്ത്‌നാഗും ദക്‌സും ചത്‌പാലുമൊക്കെ നല്‍കുന്നത് മറ്റൊരു അനുഭവം. കിഷ്ത്വാറിലെ വാർവാൻ താഴ്‌വര (ദക്ഷിണ കശ്‌മീരിലൂടെ എത്തിച്ചേരാം) ആകട്ടെ കാഴ്‌ചയുടെ പറുദീസ തന്നെയാണ്.

ബുദ്‌ഗാമിലെ പച്ചപുതച്ച പുല്‍മേടുകള്‍, പൈന്‍ വനങ്ങള്‍ എന്നിവ സമ്പന്നമാണ്. പടിഞ്ഞാറ്, ഉറിയിലേക്ക് പോയാല്‍ ആകട്ടെ വ്യത്യസ്‌ത അനുഭവമാകും. കമാന്‍ പോസ്റ്റും സലാമാബാദും അതിര്‍ത്തി പ്രദേശവുമെല്ലാം നമ്മെ തികഞ്ഞൊരു രാജ്യസ്‌നേഹിയാക്കിയേക്കാം. ഇതിനെല്ലാം ഇടയില്‍ ബാരാമുള്ളയിലെ ഗോഗൽദാര മിസ് ചെയ്യരുതേ...
Also Read: അറിയാ കാഴ്‌ചകളിലേക്ക് മാടിവിളിച്ച് കൊടൈക്കനാല്‍; സഞ്ചാരികള്‍ക്ക് അപരിചിതമായ ക്ലാവരൈയിലൂടെ ഒരു യാത്ര