ഇടുക്കി : പ്രകൃതി സൗന്ദര്യത്തിന്‍റെ വശ്യതയാല്‍ മനംമയക്കുന്ന അഞ്ചുരുളി മുനമ്പ്. ഇടുക്കി ജലാശയത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്‌ച നൽകുന്ന സ്വർഗ ഭൂമി. ഇടുക്കി വനമേഖല, വിശാലമായ ജലപരപ്പ്, അഞ്ചുരുളി ടണൽ, കരടിയള്ള് ഗുഹ തുടങ്ങി അഞ്ചുരുളി ഒരുക്കുന്ന ദൃശ്യഭംഗിക്ക് മുന്നില്‍ ആർക്കും കണ്ണ് ചിമ്മാനാകില്ല. മൂന്ന് വശത്തുനിന്നും ജലാശയത്തിന്‍റെ അതിസുന്ദര കാഴ്‌ച നല്‍കുന്ന പറുദീസ, അതുകൊണ്ട് തന്നെയാണ് വിലക്ക് ലംഘിച്ചും സഞ്ചാരികള്‍ അഞ്ചുരുളി മുനമ്പിലേക്ക് എത്തിയിരുന്നത്.
മേഖലയിലെ അപകട സാധ്യത പോലും മനസിലാക്കാതെയാണ് പലരും അതിക്രമിച്ചു കയറിയിരുന്നത്. വനമേഖലയിൽ സഞ്ചാരികൾ മാലിന്യം നിക്ഷേപിയ്ക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യങ്ങൾക്കെല്ലാം ഇനി പരിഹാരമാകുകയാണ്. മൂന്ന് വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പിലേക്ക് ഇനി സുരക്ഷിതമായി എത്തിച്ചേരാം. കാനന പാതയിലൂടെ നടന്ന് ജലാശയത്തിന് സമീപത്ത് എത്തി കാഴ്‌ചകൾ ആസ്വദിയ്ക്കുവാനുള്ള അവസരമാണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ വനം വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാല് ഗൈഡുകളെ നിയമിച്ചിട്ടുണ്ട് ഇവിടെ. പ്രദേശ വാസികളുടെ നേതൃത്വത്തിലുള്ള 10 അംഗ സ്വയം സഹായ സംഘത്തിനാണ് നടത്തിപ്പ് ചുമതല. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപ, കുട്ടികള്‍ക്ക് 20രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാർ പള്ളിക്കവലയില്‍ നിന്ന് പേഴുംകണ്ടം ഭാഗത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാല്‍ പ്രവേശന കവാടത്തിലെത്താം. അവിടെ നിന്ന് കാല്‍നടയായി ഒരു മുക്കാല്‍ കിലോമീറ്റർ കൂടി പോയാല്‍ മുന്നില്‍ അതാ അഞ്ചുരുളി മുനമ്പ് തെളിഞ്ഞ് കാണുകയായി.
Also Read: