ജീവിത തിരക്കുകളില്‍ നിന്നെല്ലാം മാറി സന്തോഷത്തോടെയും സമാധാനത്തോടെയും സമയം ചെലവഴിക്കാനും അല്ലെങ്കില്‍ സാഹസിക യാത്രകള്‍ നടത്താനും ആഗ്രഹിക്കാത്തവര്‍ വിരളമാണ്. അവധിക്കാലവും ഒഴിവ് ദിനങ്ങളും നോക്കി നേരത്തെ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. സ്വദേശത്തെയും വിദേശത്തെയും നിരവധി സ്ഥലങ്ങള്‍ അവരുടെ പ്ലാനിങ് പട്ടികയില്‍ ഇടം പിടിക്കുന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ ഇനി യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ സ്‌പോട്ടുകള്‍ തെരഞ്ഞ് മിനക്കെടേണ്ട നിങ്ങളറിയാത്ത നിരവധി ഡെസ്റ്റിനേഷനുകളുണ്ട് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍. സ്ഥിരം ടൂറിസം കേന്ദ്രങ്ങളായ ഇടുക്കിയോ മൂന്നാറോ വയനാടോ ഒന്നുമല്ല കേട്ടോ. തെക്കന്‍ കേരളത്തിലെ സ്വര്‍ഗമായ കോട്ടയം. അതിശയിപ്പിക്കുന്ന നിരവധി ടൂറിസ്‌റ്റ് സ്‌പോട്ടുകളുള്ള ജില്ലയാണ് കോട്ടയം. അമ്പലങ്ങൾ, പള്ളികൾ, വ്യൂ പോയിൻ്റുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാല്‍ സമ്പന്നം. ഇവിടുത്തെ വ്യത്യസ്‌തമായ ടൂറിസ്‌റ്റ് ഡെസ്റ്റിനേഷനുകൾ തേടി കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളായ കുമരകം മുതല്‍ മല കയറിയെത്തിയാല്‍ കാണാനാകുന്ന വിസ്‌മയങ്ങള്‍ വരെയുണ്ട് ഇവിടെ. കോട്ടയത്ത് കാണാന്‍ എന്നാ ഉള്ളതെന്ന് ഇനി ആരും ചോദിക്കില്ല. അത്തരക്കാരോടാണ് ഇനി പറയാനുള്ളത്. കോട്ടയത്തെ ടൂറിസം സ്‌പോട്ടുകളെ കുറിച്ച് വിശദമായറിയാം.
16ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തിരുനക്കര മഹാദേവർ ക്ഷേത്രവും ഏഴരപ്പൊന്നാനയുടെ ചരിത്രമുറങ്ങുന്ന ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രവും പൂഞ്ഞാർ കൊട്ടാരവും മനം കുളിർപ്പിക്കുന്ന വ്യൂപോയിൻ്റുകളും വെള്ളച്ചാട്ടങ്ങളും എല്ലാം വിനോദ സഞ്ചാരികളെ ഒരുപാട് ആകർഷിക്കുന്നുണ്ട്. ഭക്ഷണപ്രിയരാണെങ്കിൽ അവർക്കുമുണ്ട് നാവിനെ ത്രസിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ലഭിക്കുന്ന നിരവധി സ്‌പോട്ടുകള്‍.
ഇല്ലിക്കൽ കല്ല്: ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അതാണ് ഇല്ലിക്കല്‍ കല്ല്. മീനച്ചിലാറിന്‍റെ ഉത്ഭവ സ്ഥാനമായ ഇവിടം സഥാസമയവും മഞ്ഞും കുളിര്‍ക്കാറ്റുമാണ്. അതുകൊണ്ട് തന്നെ വേനല്‍ കടുക്കുമ്പോള്‍ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ എണ്ണവും അധികരിക്കും. പ്രകൃതി ഭംഗി ആസ്വദിച്ച് അങ്ങനെ മല കയറാം. എങ്ങും പച്ചപ്പ് മാത്രം. താഴേ നിന്നും നോക്കിയാല്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മാത്രമല്ല ഇവിടെയുള്ള ഓരോ കുന്നുകള്‍ക്കും അതിന്‍റേതായ പ്രത്യേകതകളുണ്ട്.

ഏറ്റവും ഉയരം കൂടിയ കുന്നിന് കൂണിന്‍റെ അല്ലെങ്കിലൊരു കുടയുടെ ആകൃതിയാണുള്ളതെന്ന് തോന്നും. അതോടൊപ്പം കൂനന്‍ കല്ലും കുടക്കല്ലുമെല്ലാം കൗതുക കാഴ്‌ചകള്‍ തന്നെയാണ്. ഇവകള്‍ക്കിടയില്‍ ഏകദേശം 20 അടിയോളം താഴ്‌ചയുള്ള ഒരു വിടവുണ്ട്. ഇതിനെ നരകപ്പാലം എന്നാണ് അറിയപ്പെടുന്നത്. ഇതെല്ലാം കൂടുമ്പോഴാണ് ഇല്ലിക്കല്‍ കല്ലെന്ന വിസ്‌മയം ഏറെ സുന്ദരിയാകുന്നത്.
മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങൾക്ക് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണ്. വിവാഹ ഷൂട്ടുകൾക്കും മറ്റുമായി നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്കിപ്പോള്‍ പുതിയൊരു പാതയും നിർമ്മിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലിക്കൽ കല്ലിലെത്താം. കൂടാതെ തലനാട് - കാളക്കൂട് - ഇല്ലിക്കൽ കല്ല് റോഡ് വഴിയിലൂടെ സഞ്ചരിച്ചാല്‍ ഇല്ലിക്കൽ കല്ല് താഴ്‌വരയിലെത്താം. എന്നാല്‍ ഇല്ലിക്കല്‍ കല്ലിലെ പാറക്കൂട്ടങ്ങള്‍ക്ക് അടുത്തെത്താന്‍ വാഹന യാത്ര സാധ്യമല്ല. ഇതിന്‍റെ താഴ്‌വരയില്‍ നിന്നും ഏകദേശം 1 മണിക്കൂര്‍ കാല്‍നട യാത്ര ചെയ്യണം. എന്നാല്‍ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ഈ നടത്തം അതൊരു പ്രത്യേക സുഖമാണ്. ഈയൊരു ഫീല്‍ അറിയണമെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടം ഒന്ന് സന്ദര്‍ശിക്കണം.

ഇലവീഴാപൂഞ്ചിറ: ഇല്ലിക്കല്‍ കല്ലിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു സ്‌പോട്ടാണ് ഇലവീഴാപൂഞ്ചിറ. ജില്ലയിലെ തന്നെ പ്രധാന ഹില്‍ സ്റ്റേഷനാണിത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 ഉയരത്തിലാണിത്. പേര് പോലെ തന്നെ സുന്ദരമായൊരു ഭൂമി. എപ്പോഴും വീശിയടിക്കുന്ന കാറ്റാണ് ഇവിടുത്തെ പ്രത്യേകത. അതും കുളിര് കോരിയിട്ട് ഇല്ലിക്കല്ലിനെ തഴുകി നീങ്ങുന്ന മന്ദമാരുതന്‍.
പടുകൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. മഹാഭാരത കഥയിലെ പാഞ്ചാലി കുളിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു കുളവും ഇവിടെ കാണാം. മനോഹരിയായ ഇടമാണെങ്കിലും വൃക്ഷങ്ങളൊന്നും ഇല്ലാത്തതില്‍ ഇലകളൊന്നും ഇവിടെ വീഴാറില്ല. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഇല വീഴാപൂഞ്ചിറ എന്ന പേര് വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രകൃതി ഭംഗി ഏറെയുള്ള ഇവിടെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും. അതിന്‍റെ ഭാഗമായി ഇല്ലിക്കല്‍ കല്ലില്‍ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് റോപ്പ് വേ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
മഞ്ഞും കോടയും മൂടി പ്രകൃതിയുമായി എറ്റവും ഇണങ്ങി നിൽക്കുന്നതുകൊണ്ടുതന്നെ ആസ്വാദനത്തിനപ്പുറം അപകട സാധ്യതയും ഏറെയാണ്. അക്കാര്യത്തില്‍ സഞ്ചാരികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേക്ക് സഞ്ചരിച്ച് കാഞ്ഞാറിലെത്തിയാല്‍ അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. നവംബർ മാർച്ച് മാസങ്ങളിലാണ് ഇലവീഴാപൂഞ്ചിറയെ ഏറ്റവും മനോഹരമായി കാണുവാൻ കഴിയുന്നത്. ട്രെക്കിങ് ആവോളം ആസ്വദിക്കാനാകുന്ന ഇവിടെ പ്രവേശനവും സൗജന്യമാണ്.
തിരുനക്കര മഹാദേവർ ക്ഷേത്രം: കോട്ടയത്തിൻ്റെ പേരുകേട്ട ഇടമാണ് തിരുനക്കര തേവരുടെ ഇരിപ്പിടം. ഇന്ത്യയിലെ മധ്യകേരളത്തിലെ 108 ശിവാലയങ്ങളിലൊന്ന്. തെക്കുംകൂർ രാജവംശത്തിലെ ഒരു രാജാവ് 500 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ക്ഷേത്രം. വിവിധ ഹൈന്ദവ ദേവതകളുടെ അദ്വിതീയ ശിൽപങ്ങളും ചുവർചിത്രങ്ങളും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എല്ലാവർഷവും ഉത്സവനാളിൽ ജനഹൃദയങ്ങൾ ഏറ്റെടുക്കുന്ന പകൽപ്പൂരവും ഏറെ പ്രസിദ്ധമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.
തിരുനക്കര മൈതാനത്തിൽ നിന്ന് 400 മീറ്റർ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ്, കോട്ടയം നഗരസഭ കാര്യാലയം, ഹെഡ് പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് ക്ഷേത്രത്തിൻ്റെ നാല് ഭാഗത്തായി സ്ഥിതിചെയ്യുന്നത്. പ്രധാന നിരത്തിൽ നിന്ന് ഒരല്‍പം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്ര മൈതാനം കാണാം. ഉത്സവക്കാലത്ത് ഇവിടെ നടക്കുന്ന ചെണ്ടമേളം വളരെ ശ്രദ്ധേയമാണ്.
ക്ഷേത്ര വളപ്പിന് ഏകദേശം നാലേക്കർ വിസ്‌തീർണമുണ്ട്. പ്രദക്ഷിണ വഴി കരിങ്കല്ല് പാകിയും ചുറ്റുമുള്ള സ്ഥലങ്ങൾ മണലിട്ടതുമാണ്. ധാരാളം മരങ്ങളും ചെടികളും ക്ഷേത്രമുറ്റത്ത് നിൽക്കുന്നു. തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലങ്ങളിലൊന്നാണിത്. ശില്‍പ ചാതുരിയുടെ ഉത്തമ ഉദാഹരണമാണ് ഈ കൂത്തമ്പലം. രാമായണം, ഭാഗവതം തുടങ്ങിയ പുരാണ ഇതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ദാരുശില്‍പങ്ങളായി പുനർജനിച്ചിരിക്കുന്നത്. അരങ്ങത്ത് കൂത്തോ കൂടിയാട്ടമോ നടക്കുമ്പോൾ കാണികൾക്ക് കഥ മനസിലാക്കാനുള്ള ഉപാധി കൂടിയാണ് ഈ ശില്‍പ രൂപങ്ങൾ. രാമരാവണ യുദ്ധം, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത്, അശോകവനത്തിലെ സീത, ബ്രഹ്മാവിൻ്റെ രൂപങ്ങൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
കുമരകം പക്ഷിസങ്കേതം: ജില്ലയിലെ കുമരകത്ത് 14 ഹെക്‌ടറിൽ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശം. വേമ്പനാട് കായലിൻ്റെ തീരത്തായി നിലകൊള്ളുന്നതിനാൽ വേമ്പനാട് പക്ഷി സങ്കേതം എന്നും അറിയപ്പെടുന്നു. രാജ്യത്തെ അറിയപ്പെടുന്ന പക്ഷി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ വന്നാൽ ആയിരക്കണക്കിന് പക്ഷികളെ കാണാൻ കഴിയും. 1847ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിൻ്റെ വിസ്‌തൃതി.

പല ദേശങ്ങളിൽ നിന്നും നൂറുകണക്കിന് ദേശാടനക്കിളികളും ഇവിടെ എത്താറുണ്ട്. ഇവിടെ വരുന്ന സഞ്ചാരികൾക്ക് നടന്നു കാഴ്‌ചകൾ കാണാനും അതോടൊപ്പം ബോട്ടിങ് സൗകര്യങ്ങളും ഉണ്ട്.
താഴത്തങ്ങാടി ജുമാ മസ്‌ജിദ്: മീനച്ചിലാറിൻ്റെ തീരത്ത് താഴത്തങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന അതി പുരാതനമായ മുസ്‌ലീം പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്‌ജിദ്. കേരളത്തിൽ ഇസ്‌ലാം മതം പ്രചരിപ്പിക്കാനെത്തിയ മാലിക് ദീനാറിൻ്റെ മകൻ ഹബീബ് ദീനാർ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ പള്ളിക്ക് ആയിരത്തിലധികം പഴക്കം ഉള്ളതായി പറയപ്പെടുന്നു.

പള്ളിയുടെ മുഖവാരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ഒരു കരിങ്കൽ തൊട്ടികാണാം. കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളം കൽപാത്തി വഴി തൊട്ടിയിലെത്തിക്കുന്നു. ഈ വെള്ളം കൊണ്ട് ശരീരശുദ്ധി വരുത്തിയിട്ടുവേണം പള്ളിയിൽ പ്രവേശിക്കാൻ. കിഴക്കേ വരാന്തയിൽ ഖുറാൻ വചനങ്ങളും തടികൊണ്ടുള്ള മോന്താപ്പിൽ കൊത്തുപണികളും രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂർ രാജാവ് പള്ളിക്ക് സംഭാവന ചെയ്‌തതെന്ന് കരുതപ്പെടുന്ന ഒരു വാളും ഇവിടെ കാണാം.

പള്ളിയുടെ മുൻഭാഗത്തായി ഒരു സൂര്യഘടികാരവുമുണ്ട്. പണ്ട് നമസ്‌കാര സമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. ഖാസിയുടെ മുറിയിലേയ്ക്ക് തുറക്കുന്ന വാതിലിൽ ഇന്ന് അത്ര പ്രചാരത്തിലില്ലാത്ത മുക്കുറ്റിസാക്ഷ കാണാവുന്നതാണ്. ചരിത്രവും പൗരാണികതയും ഇഷ്‌ടപ്പെടുന്നവർക്ക് പറ്റിയ ഇടം കൂടിയാണ് ഇവിടം. ഈ പള്ളിയുടെ മറ്റൊരു പ്രധാന ആകർഷണം പഴമയും പ്രൗഢിയും വിളിച്ചോതുന്ന കൊത്തുപണികളാണ്. പ്രാർഥനാ സമയങ്ങളൊഴിച്ച് ബാക്കി എല്ലാ നേരവും സന്ദർശകരെ ഇവിടെ അനുവദിക്കുന്നു.
പൂഞ്ഞാർ കൊട്ടാരം: പഴമയും ഗ്രാമീണതയും പണ്ട് കാലത്തെ നാലുകെട്ടും നെല്ലറയും ഒക്കെ കൊണ്ട് കൗതുകമുണർത്തുന്ന ഒട്ടനവധി വാസ്‌തുകലാ പാരമ്പര്യമുള്ള നാടാണ് കേരളം. ഇത്തരത്തിൽ പൗരകാണികത ഏറെ ഇഷ്‌ടപ്പെടുന്നവർക്ക് ഒരു നവ്യാനുഭൂതി നൽകുന്ന 600 വർഷത്തോളം പഴക്കമുള്ള ഒരു കൊട്ടാരമാണ് പൂഞ്ഞാർ കൊട്ടാരം. ഇന്ന് ഇത്തരം കൊട്ടാരങ്ങൾ പലതും വിനോദ സഞ്ചാര കേന്ദ്രങ്ങളായിട്ടാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
വാസ്‌തുകലയുടെ അഭൗമസൗന്ദര്യവും രാജകീയ പ്രൗഢിയും വിളിച്ചോതുന്ന ഈ കൊട്ടാരം ആദ്യ കാഴ്‌ചയിൽത്തന്നെ ആരെയും ആകർഷിക്കും. മധുര പാണ്ഡ്യ വംശത്തിൽപ്പെട്ട രാജകുടുംബം ഭരണത്തിലിരുന്ന ഒരു രാജ്യമായിരുന്നു പൂഞ്ഞാർ. പാണ്ഡ്യ രാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട് വിലക്കുനാങ്ങിയതാണ് ഈ രാജ്യം. മാനവിക്രമ കുലശേഖര പെരുമാളാണ് പൂഞ്ഞാർ കൊട്ടാരം നിർമ്മിച്ചത്.
കോട്ടയത്ത് നിന്നും പാലാ-ഈരാറ്റുപേട്ട റൂട്ടിലൂടെ സഞ്ചരിച്ചാൽ പൂഞ്ഞാർ കൊട്ടാരത്തിലെത്താം. ഇവിടുത്തെ വാസ്‌തുശൈലി എന്ന് പറയുന്നത് പുരാതന ചേര, പാണ്ഡ്യ രാജാക്കന്മാരുടെ നിർമ്മിതിയിലാണ്. മരത്തടിയിലാണ് കൊട്ടാരത്തിൻ്റെ ഭൂരിഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. തേക്ക്, ഈട്ടി എന്നിവ കൊണ്ട് നിർമിച്ച ഫർണീച്ചറുകൾ ഇപ്പോഴും ഇവിടെയുണ്ട്. ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ടൈലുകൾ, കളിമണ്‍ ടൈലുകൾ എന്നിവയും ഉപയോഗിച്ചതായി കാണാം.
ക്ഷേത്രത്തിൻ്റെ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിൽ പണ്ടുകാലത്ത് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും കൽവിളക്കുകളും കാണാം. കൂടാതെ രാജാക്കന്മാർ സഞ്ചരിച്ചിരുന്ന പല്ലക്ക്, എണ്ണത്തോണി, ആഭരണപ്പെട്ടികൾ, കരകൗശല വസ്‌തുക്കൾ എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തെ ഒരു പൈതൃക ഇടമായിട്ടാണ് കണക്കാക്കി സംരക്ഷിക്കുന്നത്.
ദക്ഷിണ കുടജാദ്രി മാതൃമല ശ്രീ രാജരാജേശ്വരീക്ഷേത്രം: കോട്ടയം ടൗണിൽ നിന്നും 16 കിലോമീറ്റർ കിഴക്കായി നിലകൊള്ളുന്ന അപൂർവ ക്ഷേത്രം. പ്രകൃതിഭംഗി കൊണ്ടും ക്ഷേത്ര നിർമ്മിതിയിലെ വ്യത്യസ്‌തത കൊണ്ടും കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടും ഏറെ വേറിട്ട് നിൽക്കുകയാണ് ഈ ദേവീക്ഷേത്രം. ജില്ലയിൽ കൂരോപ്പട എന്ന പ്രദേശത്ത് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൻ്റെ ചരുവിൽ നിന്നാൽ കുട്ടിക്കാനം മലനിരകളും ആലപ്പുഴ വരെയും കാണുവാൻ കഴിയും.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ പ്രദേശവാസികൾ മാത്രമായിരുന്നു ഇവിടുത്തെ പ്രധാന സന്ദർശകർ. എന്നാൽ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ക്ഷേത്രം സന്ദർശിക്കാനെത്തുന്നുണ്ട്.

നാലുമണിക്കാറ്റ്: കഥകൾ കൈമാറാനും വൈകുന്നേരം ആസ്വദിക്കാനും മനോഹരമായ ഒരിടം. പരന്നു കിടക്കുന്ന വയലോരങ്ങൾക്കരികെ ചെറു ചായക്കടകളുമായി യാത്രികരെ സ്വാഗതം ചെയ്യുകയാണ് നാലുമണിക്കാറ്റ്. കോട്ടയം മണർകാടിനടുത്ത് തിരുവഞ്ചൂർ ഏറ്റുമാനൂർ ബൈപാസ് റോഡിൽ സ്ഥിതിചെയ്യുന്ന വഴിയോര വിനോദ കേന്ദ്രവും ഭക്ഷണശാലയുമാണ് നാലുമണിക്കാറ്റ്. 2011 ജനുവരിയിൽ തുറന്ന ഈ സ്ഥലത്ത് കുട്ടികളുടെ പാർക്കും ബട്ടർഫ്ലൈ പാർക്കും ഉണ്ട്. വൈകുന്നേരങ്ങളിലാണ് ഇവിടം സജീവമാകുന്നത്.
വൈകുന്നേരങ്ങളിൽ ആളുകൾ എത്തുമ്പോഴേക്കും മുട്ട ബജി അടക്കം നിരവധി വിഭവങ്ങള്‍ ഇവിടെ തയ്യാറാണ്. പുസ്‌തക വായനക്കാര്‍ക്കായി ഇവിടെ നല്ലൊരു ലൈബ്രററിയും സജ്ജമാക്കിയിട്ടുണ്ട്.

ഉച്ചയ്‌ക്ക് 1.30ന് തുറക്കുന്ന കടകൾ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും. വൈകുന്നേരങ്ങള്‍ കൂടgതല്‍ രസകരമാക്കാന്‍ നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
മാങ്കോ മെഡോസ്: ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രികൾച്ചറൽ വാട്ടർ തീം പാർക്കാണ് മാങ്കോ മെഡോസ്. ഏകദേശം 120 കോടിയോളം ചെലവാക്കിയാണിത് നിർമ്മിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന ഇവിടം.
മാങ്കോ മെഡോസിൻ്റെ ശില്‌പി എൻകെ കുര്യൻ എന്ന വ്യവസായിയാണ്. 14 വർഷം കൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും ഒരുക്കി പാർക്കിൻ്റെ നിർമാണം പൂർത്തീകരിച്ചത്. കപ്പിൾസിനും ഫാമിലിക്കും 1500 രൂപയ്ക്ക് കോട്ടയം മാങ്കോ മെഡോസിൽ ഡേ & നൈറ്റ് പാക്കേജ് വിത്ത് ഡിന്നർ സൗകര്യമുണ്ട്.
പകൽ സന്ദർശിക്കുവാൻ 350/400 രൂപ വരെയാണ്. ഗ്രൂപ്പ് ആക്‌ടിവിറ്റീസിനും ടീം ഔട്ടിങ്ങിനും കുടുംബ സംഗമങ്ങൾക്കും പറ്റിയ ഒരു കിടിലൻ സ്ഥലം തന്നെയാണ് മാങ്കോ മെഡോസ്. 4800ഓളം വെറൈറ്റി സസ്യങ്ങള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍, 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ ഇവിടെ സംരക്ഷിക്കുന്നു.
കോട്ടയത്ത് കടുത്തുരുത്തിക്കടുത്ത് ആയാംകുടിയിലാണ് മാംഗോ മെഡോസ്. കേരളത്തിൻ്റെ തെക്ക് ഭാഗത്ത് നിന്നുള്ളവര്‍ക്ക് മെഡിക്കല്‍ കോളജ്, നീണ്ടൂര്‍, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം. എറണാകുളത്ത് നിന്ന് വരുന്നവര്‍ കടുത്തുരുത്തിയില്‍ നിന്ന് നേരേ ആയാംകുടി. പാര്‍ക്കിലെത്തുന്നവര്‍ മരങ്ങളെ പരിചയപ്പെടുത്തുന്ന ഗൈഡ് ടൂറില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.
ഈ പാര്‍ക്കിലെ മറ്റൊരു പ്രധാന ആകര്‍ഷണം ഇതിനുള്ളില്‍ പണികഴിപ്പിച്ചിട്ടുള്ള പരശുരാമൻ്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമയായ ഇതും കൂടാതെ വൃക്ഷ കന്യക, പ്രണയ ജോഡികള്‍ എന്ന് തുടങ്ങി കുട്ടൂസനും ഡാകിനിയും വരെ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം.
ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രം: കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിലൊന്ന്. 16ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ ഈ ക്ഷേത്രം സാംസ്‌കാരിക ചരിത്രത്തിൽ മുന്നിട്ടുനിൽക്കുന്നു. ഗോപുരവും ചുറ്റുമുള്ള കോട്ടയും ഉള്ള ഇപ്പോഴത്തെ ക്ഷേത്ര കെട്ടിടം 717ലാണ് പുനർനിർമ്മിച്ചത്. ക്ഷേത്ര കവാടങ്ങളിലും ചുവരുകളിലുമുള്ള ദ്രാവിഡ ചുവർച്ചിത്രങ്ങൾ കലാപൈതൃകത്തിൻ്റെ മഹിമ വിളിച്ചോതുന്നു.

പ്രദോഷ നൃത്തത്തിൻ്റെ (ശിവൻ്റെ നൃത്തം) ഫ്രെസ്കോ ഇന്ത്യയിലെ ഏറ്റവും മികച്ച ചുവർ ചിത്രങ്ങളിൽ ഒന്ന് ഇവിടെ സ്ഥിതി ചെയ്യുന്നു. വാസ്‌തുവിദ്യയുടെ കാര്യത്തിൽ എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന് ഈ ക്ഷേത്രം ഒരു ആത്യന്തിക സാക്ഷ്യമായി നിലകൊള്ളുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ തിരുവാതിര നാളിൽ വലിയ തോതിൽ ആഘോഷിക്കുന്ന ആറാട്ടുത്സവം നടക്കുന്നു.
ഉത്സവത്തിൻ്റെ എട്ടാം തീയതിയും പത്താം തീയതിയും പലദേശത്ത് നിന്നും നിരവധി ആളുകൾ ക്ഷേത്രത്തിൽ എത്തുന്നു. സ്വർണം കൊണ്ട് നിർമ്മിച്ച ഏകദേശം 13 കിലോഗ്രാം തൂക്കം വരുന്ന ഏഴര ആനകളെ പൊതുജനങ്ങൾക്ക് ദർശനം നൽകുന്ന സമയമാണിത്. ഇത് ഏഴരപ്പൊന്നാന എന്ന പേരിൽ പ്രസിദ്ധമാണ്. തിരുവിതാംകൂർ മഹാരാജാവ് സ്വർണത്തിൽ തീർത്ത ആനകളെ ക്ഷേത്രത്തിന് സംഭാവ നൽകിയ കഥകൾക്ക് ഇന്നും പഴക്കം സംഭവിച്ചിട്ടില്ല.
ഓരോ ദിവസവും വിദേശികളുൾപ്പെടെ ഇവിടെ സന്ദർശിക്കാൻ എത്തുന്നു. പൗരാണികതയും വാസ്‌തുകലകളും ക്ഷേത്ര സംസ്‌കാരവും ഇഷ്‌ടപ്പെടുന്നവർക്ക് ഇവിടം ഒരു ഒഴിച്ചുകൂടാനാവാത്ത ഇടം തന്നെയാണ്. എറണാകുളം ജില്ലയ്ക്കും കോട്ടയം ജില്ലയ്ക്കും ഇടയിലാണ് ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എറണാകുളത്ത് നിന്ന് 54 കിലോമീറ്ററും കോട്ടയത്ത് നിന്ന് 12 കിലോമീറ്ററും അകലെയാണ്. കിടങ്ങൂർ, പാലാ, കടുത്തുരുത്തി എന്നീ സ്ഥലങ്ങളാണ് ഏറ്റവും അടുത്ത പട്ടണങ്ങള്‍.
Also Read |
- വെറും 25 രൂപക്ക് ഇന്ത്യ മുഴുവന്‍ കറങ്ങണോ? സ്വപ്നയാത്ര യാഥാർഥ്യമാക്കാന്‍ ഇതാ ഒരു സുവർണാവസരം, സീറ്റുകള്‍ പരിമിതം
- പൈൻമര കാടുകളും അഡ്വഞ്ചർ പാർക്കും മാറി നില്ക്കും; സഞ്ചാരികളെ മാടിവിളിച്ച് വാഗമണ്ണിൻ്റെ മൊട്ടക്കുന്നുകള്‍
- ഓർമ്മ വേണം ഷിരൂർ ദുരന്തം! മലബാറിലെ കുന്നുകൾ ഇടിച്ചു നിരത്തുന്നു; ജലസ്രോതസുകൾ വറ്റും, ഉരുൾപൊട്ടൽ സാധ്യതയേറും
- മാങ്ങ വെറുതെ കഴിച്ച് മടുത്തോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ... മാമ്പഴം കൊണ്ടൊരു ഈസി കാൻഡി..!!
- പൈൻമര കാടുകളും അഡ്വഞ്ചർ പാർക്കും മാറി നില്ക്കും; സഞ്ചാരികളെ മാടിവിളിച്ച് വാഗമണ്ണിൻ്റെ മൊട്ടക്കുന്നുകള്‍
- ഇഞ്ചി ഇനി വിലകൊടുത്തുവാങ്ങേണ്ട; ക്യഷിയ്ക്ക് ബെസ്റ്റ് ടൈം ഇതാണ്, വീട്ടില്‍ വിളയിക്കാം അനായാസം!