ശ്രീനഗർ: മനോഹരമായ സബർവാൻ പർവതനിരകൾക്കും ശാന്തമായ ദാൽ തടാകത്തിനും അരികെയുള്ള കശ്‌മീരിലെ ട്യൂലിപ് പൂന്തോട്ടം സന്ദർശകർക്കായി തുറന്നുകൊടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനാണിത്. വ്യത്യസ്‌തമായ നിറങ്ങളാല്‍ 15 ലക്ഷം ട്യൂലിപ്പുകൾ പൂത്തുലഞ്ഞ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗാർഡൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് അതിമനോഹരമായ കാഴ്‌ചയാണ് സമ്മാനിക്കുന്നത്.
മനംകുളിര്‍പ്പിക്കുന്ന വര്‍ണ - സുഗന്ധ വശ്യതയാൽ കാഴ്‌ചക്കാരെ മാടിവിളിക്കുകയാണ് ട്യൂലിപ് ഗാർഡൻ. കശ്‌മീർ താഴ്‌വരയിൽ വസന്തത്തിന്‍റെ വരവ് അടയാളപ്പെടുത്തിക്കൊണ്ട്, മാർച്ച് 27 ഉച്ചയ്ക്ക് 2 മണിക്കാണ് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഉദ്യാനം ഉദ്ഘാടനം ചെയ്‌തത്. 2007ൽ സ്ഥാപിതമായതിന് ശേഷം കഴിഞ്ഞ വർഷം ഉദ്യാനത്തിൽ 4.65 ലക്ഷം സന്ദർശകരാണ് എത്തിയത്. എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു അത്.


2023ൽ ഉദ്യാനം 3.65 സന്ദർശകരെയാണ് ഉദ്യാനം സ്വാഗതം ചെയ്‌തത്. ഈ സീസണിൽ വീണ്ടും റെക്കോർഡ് തകർക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആകർഷകമായ ട്യൂലിപ്പുകൾക്ക് പുറമേ, 55 ഹെക്‌ടർ വിസ്‌തൃതിയുള്ള ഈ പൂന്തോട്ടത്തിൽ ഹയാസിന്ത്സ്, ഡാഫോഡിൽസ്, മസ്‌കറി, സൈക്ലമെൻസ് തുടങ്ങിയ വൈവിധ്യമാർന്ന പൂക്കളും നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് ഗാർഡൻ ഇൻ-ചാർജ് ജാവിദ് മസൂദ് പറഞ്ഞു. അതേസമയം സന്ദർശകരുടെ വർധനവ് കണക്കിലെടുത്ത് അധികൃതർ പാർക്കിങ് സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീനഗർ വിമാനത്താവളം, ടൂറിസ്‌റ്റ് റിസപ്ഷൻ സെന്‍റർ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് സംവിധാനവും ക്യുആർ കോഡ് അധിഷ്‌ഠിത ബുക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. തിരക്ക് കുറയ്ക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുമാണ് ഇവിടങ്ങളിലല്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഫ്ലോറികൾച്ചർ ഡയറക്‌ടർ ഷക്കീൽ-ഉൽ-റഹ്മാൻ റാത്തർ പറഞ്ഞു.
'നിരവധി രാജ്യങ്ങളിലെ ടൂറിസം വകുപ്പുകളുമായി ഞങ്ങൾ പങ്കാളിത്തം വഹിച്ചിട്ടുണ്ട്, അതിനാൽ തന്നെ യാത്രക്കാർക്ക് വെബ്‌സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും' എന്ന് റാത്തർ പറഞ്ഞു. തുടക്കത്തിൽ തങ്ങൾ ഓൺലൈൻ, സാധാരണ രീതിയിലുള്ള ടിക്കറ്റ് ഓപ്ഷനുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, മുഴുവൻ പ്രക്രിയയും ആധുനികവത്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


റമദാനിന്‍റെ അവസാന ദിവസങ്ങളിൽ ഉദ്യാനം തുറക്കുന്നതിനാൽ, ഈ വർഷത്തെ സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷത്തെ റെക്കോഡ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാത്തർ പറഞ്ഞു. കഴിഞ്ഞ വർഷം, റമദാൻ 15 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഉദ്യാനം ഉദ്ഘാടനം ചെയ്‌തത്. കാൽനടയാത്രക്കാരുടെ എണ്ണം 4.5 ലക്ഷം കടക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് റാത്തർ കൂട്ടിച്ചേർത്തു.
ജമ്മു കശ്‌മീരിലെ വിനോദസഞ്ചാര സീസൺ നീട്ടുന്നതിനായി 2007ൽ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ സ്ഥാപിച്ചത്. നേരത്തെ വേനൽക്കാലത്തും ശൈത്യകാലത്തും മാത്രമായിരുന്നു ഇത് തുറന്നുകൊടുക്കുന്നത്. മുമ്പ് സിറാജ് ബാഗ് എന്നറിയപ്പെട്ടിരുന്ന ഈ ഉദ്യാനം കശ്‌മീരിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറി. 2023ൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ (ലണ്ടൻ) ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനായി ഇത് അംഗീകരിക്കപ്പെട്ടു. കശ്‌മീരിലേക്ക് വിനോദസഞ്ചാരത്തിനു പോകുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലം കൂടിയാണ് ഇത്.