ഹൈദരാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമാക്കി പാക്കിസ്ഥാനികളിൽ നിന്ന് സൈബർ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗ്രൂപ്പുകളിൽ നിന്നാണ് ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ആക്രമണങ്ങളുണ്ടാകുന്നതെന്നാണ് മഹാരാഷ്ട്ര സൈബർ വിഭാഗം റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യൻ വെബ്‌സൈറ്റുകളിൽ 15 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നടത്തിയ ഏഴ് അഡ്വാൻസ്‌ഡ് പെർസിസ്റ്റന്‍റ് ത്രെറ്റ് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര നോഡൽ സൈബർ ഏജൻസി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 150 എണ്ണം മാത്രമേ സൈബർ അറ്റാക്കിന് വിധേയമായിട്ടുള്ളൂ..
സൈബർ ആക്രമണങ്ങൾക്ക് പിന്നിലാര്?
'റോഡ് ഓഫ് സിന്ദൂർ' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചറിനെതിരെ ആക്രമണം നടത്തിയ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകൾ ഏതൊക്കെയെന്ന് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. എപിടി 36, പാകിസ്ഥാൻ സൈബർ ഫോഴ്‌സ്, ടീം ഇൻസെയ്ൻ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇൻഡോ ഹാക്‌സ് സെക്, സൈബർ ഗ്രൂപ്പ് എച്ച്ഒഎക്‌സ് 1337, നാഷണൽ സൈബർ ക്രൂ എന്നീ ഏഴ് ഗ്രൂപ്പുകളെയാണ് നിലവിൽ തിരിച്ചറിഞ്ഞത്.
ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ 10 ദശലക്ഷത്തിലധികം സൈബർ ആക്രമണ ശ്രമങ്ങൾ നടന്നതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഡിഫൻസ് പോർട്ടലുകൾ വരെ ഹാക്ക് ചെയ്യാൻ ഇവർ ശ്രമിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ഒന്നിലധികം സൈബർ ഗ്രൂപ്പുകളിൽ നിന്നുള്ളവരുമായി പാകിസ്ഥാനി ഹാക്കർമാർ പ്രവർത്തിക്കുന്നുണ്ടെന്നും MH-CERT പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുകയും, ജനങ്ങളിൽ പരിഭ്രാന്തി വർധിപ്പിക്കുകയും, പൊതുജനവിശ്വാസം ഇല്ലാതാക്കുകയും ആണ് സൈബർ ആക്രമണങ്ങളിലൂടെ ഇവർ ലക്ഷ്യമിടുന്നത്.
വെടിനിർത്തൽ കരാറിന് ശേഷം ഇന്ത്യയിലെ സർക്കാർ വെബ്‌സൈറ്റുകളിൽ സൈബർ ആക്രമണങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നാലും ഹാക്കിങ് ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മൊറോക്കോ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും സൈബർ ആക്രമണങ്ങൾ നേരിടുന്നത്.
വ്യാജ വാർത്തകൾ വരെ പ്രചരിക്കപ്പെടുന്നു:
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മുതൽ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്‌ത് വിവരങ്ങൾ ചോർത്തിയിട്ടുണ്ട്. ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ഹാക്ക് ചെയ്‌തതായും രാജ്യത്ത് വൈദ്യുതി തടസമുണ്ടാക്കിയതായും വരെ ഇവർ തെറ്റായ അവകാശവാദമുന്നയിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ വിദ്വേഷമുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ പവർ ഗ്രിഡിനെതിരായ സൈബർ ആക്രമണം, വൈദ്യുതി തടസ്സപ്പെടൽ, ഉപഗ്രഹ ജാമിങ്, നോർത്തേൺ കമാൻഡിന്‍റെ തടസ്സം, ബ്രഹ്മോസ് മിസൈൽ സംഭരണ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണം എന്നിവയെല്ലാം ഇത്തരത്തിൽ പ്രചരിച്ച തെറ്റായ വാർത്തകളാണ്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്:
ഇത്തരം വ്യാജ വാർത്തകൾ കണ്ടെത്തി നീക്കം ചെയ്യാൻ മഹാരാഷ്ട്ര സൈബർ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങൾ വഴി വാർത്തകൾ പരിശോധിക്കണമെന്നുമാണ് സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. മാത്രമല്ല, വെബ്‌സൈറ്റുകളും ഡിജിറ്റൽ ഉപകരണങ്ങളും ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കണമെന്നും സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
Also Read:
- ശത്രുരാജ്യങ്ങളുടെ ചെറിയ നീക്കങ്ങൾ പോലും നിരീക്ഷിക്കും: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി രാജ്യം
- ഇന്ത്യ-പാക് സംഘർഷത്തിനിടെ ബഹിരാകാശത്തും ജാഗ്രത: രാവും പകലും പ്രവർത്തിക്കുന്നത് 10 ഉപഗ്രഹങ്ങൾ
- ആശങ്കയൊഴിഞ്ഞു: സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച 500 കിലോ ഭാരമുള്ള പേടകം അരനൂറ്റാണ്ടിന് ശേഷം ഭൂമിയിൽ പതിച്ചു
- ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി കൂപ്പുകുത്തുന്നോ? രാജ്യത്തെ ഏറ്റവും മികച്ച സ്‌മാർട്ട്‌ഫോൺ കമ്പനി ഏത്? അറിയാം...
- കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് മികച്ച ഫോൺ: നത്തിങ് ഫോൺ 3 പുറത്തിറക്കാനൊരുങ്ങുന്നു; കൂടുതലറിയാം