ഹൈദരാബാദ് : രാജ്യം 2027 ല്‍ നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഗഗന്‍യാന്‍ പദ്ധതി ബഹിരാകാശ രംഗത്ത് നമ്മുടെ മേല്‍ക്കൈ അരക്കിട്ടുറപ്പിക്കാന്‍ പോന്നതാണെന്ന ശുഭാപ്‌തി വശ്വാസത്തോടെയാണ് ആര്‍ ഉമാമഹേശ്വരന്‍ അഭിമുഖം ആരംഭിച്ചത്. റോബോട്ടിക്‌സ് സ്പേസ് ടൂളുകള്‍ ഇന്ന് ഏറെ പുരോഗമിച്ചിരിക്കുന്നു. എഐയിലെ മുന്നേറ്റങ്ങളും അതി സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ വളരെ എളുപ്പമാക്കുന്നു. പക്ഷേ മനുഷ്യന്‍ എത്തേണ്ടിടത്ത് മനുഷ്യന്‍ തന്നെ എത്തണം.
ഗഗന്‍യാന്‍ പ്രഖ്യാപിച്ച് രാജ്യം വെറുതേയിരിക്കുകയാണെന്ന് കരുതരുത്. ആക്‌സിയം 4 പോലുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഗഗന്‍യാന്‍ പദ്ധതിക്കുള്ള മുന്നൊരുക്കങ്ങളാണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തില്‍ പങ്കാളിയാകാന്‍ പോവുകയാണ്. 550 കോടി രൂപ ചെലവിട്ട് 14 ദിവസം നീളുന്ന ദൗത്യത്തില്‍ ഇന്ത്യ പങ്കാളിയാവുന്നത് വെറും പേരിനു വേണ്ടിയല്ല. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 2027 ലെ നമ്മുടെ ഗഗന്‍യാന്‍ പദ്ധതിയിലേക്കുള്ള ആദ്യ ചുവടാണിത്.
ഗഗന്‍യാനിലേക്കുള്ള ആദ്യ പാഠം
ആക്‌സിയം 4 ദൗത്യത്തിലൂടെ നമുക്ക് കൈവരുന്ന നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ചെലവേറിയതാണെന്ന് പറയാനാവില്ല. ആക്‌സിയം 4, ഗഗന്‍യാന്‍ പദ്ധതിയുടെ റിഹേഴ്‌സലാണെന്ന് പറയാം. ബഹിരാകാശത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അത് ശുഭാംശു ശുക്ലക്ക് അവസമൊരുക്കും.
ബഹിരാകാശ വാഹനത്തിന്‍റെ സംവിധാനങ്ങള്‍, ബഹിരാകാശത്തെ ഭാരമില്ലാത്ത അവസ്ഥ, തിരികെ ഭൂഭ്രമണപഥത്തില്‍ പ്രവേശിക്കുമ്പോഴത്തെ കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട് തുടങ്ങിയ അനുഭവങ്ങളൊക്കെ പരിചയിക്കുന്നത് ഗഗന്‍യാനിന് ഉപകാരപ്പെടും. ഇസ്രോയും നാസയും തമ്മിലുള്ള ദീർഘകാല പരസ്‌പര സഹകരണമാണ് യുഎസ് ആസ്ഥാനമായുള്ള ആക്‌സിയം സ്‌പെയ്‌സുമായി സഹകരിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പെട്ടെന്നുള്ള നീക്കമല്ലെന്നും വർഷങ്ങളായി ഇത്തരം ദൗത്യങ്ങൾക്കായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ആത്യന്തികമായി മുന്നോട്ട് വന്നത് അമേരിക്കയാണെന്നും ഉമാ മഹേശ്വരന്‍ പറഞ്ഞു.
സീറോ ഗ്രാവിറ്റിയിൽ പറക്കാം
ആക്‌സിയം-4 ദൗത്യവും ഗഗൻയാനും ഹാർഡ്‌വെയറിൻ്റെയും സ്യൂട്ടുകളുടെയും കാര്യത്തിൽ ഉള്‍പ്പെടെ പല തരത്തിൽ വ്യത്യസ്‌തമാണ്. എന്നിരുന്നാലും വ്യത്യസ്‌ത ഗ്ലൗ ഗ്രിപ്പുകൾ, ബഹിരാകാശ പേടക ഡിസ്പ്ലേ സിസ്റ്റങ്ങൾ തുടങ്ങിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഇത് സഹായിക്കും. ഭ്രമണപഥത്തിൽ യോഗ ചെയ്യുക, സീറോ ഗ്രാവിറ്റിയിൽ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നത് പര്യവേക്ഷണം ചെയ്യുക, തത്സമയ സിസ്റ്റം പരിശോധനകൾ കൈകാര്യം ചെയ്യുക തുടങ്ങിയ പരിശീലനങ്ങള്‍ ഗഗൻയാൻ ദൗത്യത്തിന് നേരിട്ട് സംഭാവന ചെയ്യും.
ഇന്ത്യയ്ക്ക് ഇപ്പോൾ മനുഷ്യ ബഹിരാകാശ യാത്ര ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
1961 മുതൽ മനുഷ്യർ ബഹിരാകാശത്ത് സഞ്ചരിക്കുകയും അവിടെ ജീവിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സമയമായി എന്ന് ഉമാ മഹേശ്വരന്‍ പറഞ്ഞു. ആഗോളതലത്തിൽ ബഹുമാനിക്കപ്പെടണമെങ്കിൽ ശാസ്ത്ര-സാങ്കേതികവിദ്യയിൽ നാം ശക്തി പ്രകടിപ്പിക്കണം. ഭൂമിശാസ്ത്രപരമായ സ്വാധീനത്തിന് ബഹിരാകാശ ശക്തി പ്രധാനമാണ്. അൻ്റാർട്ടിക്കയിലെ നമ്മുടെ സാന്നിധ്യം അവിടെ നമ്മുടെ ശബ്‌ദത്തിന് ആക്കം കൂട്ടുന്നതുപോലെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള നമ്മുടെ കഴിവ് അന്താരാഷ്ട്ര വേദികളിലെ നമ്മുടെ നിലപാടിന് പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
റോബോട്ടുകൾ ആവാം പക്ഷെ മനുഷ്യന് പകരമാവാൻ കഴിയില്ല
റോബോട്ടുകൾക്കും എഐക്കും സഹായിക്കാം, പക്ഷെ മനുഷ്യൻ്റെ ജിജ്ഞായക്ക് പകരമാവില്ല. പര്യവേക്ഷണം നടത്താനോ, അപകടസാധ്യതകൾ ഏറ്റെടുക്കാനോ, അജ്ഞാതമായതിനെ ചോദ്യം ചെയ്യാനോ ഉള്ള കഴിവ് യന്ത്രങ്ങൾക്ക് ഇല്ല. ഇത് മനുഷ്യന് മാത്രം സാധിക്കുന്നതാണ്. ബഹിരാകാശത്തെ പുരോഗതിക്ക് ഇത് അത്യന്താപേക്ഷിതമാണ്.
ഗഗൻയാൻ യാത്രികരുടെ തെരഞ്ഞെടുപ്പും പരിശീലനവും
60-ലധികം വ്യോമസേന പരീക്ഷണ പൈലറ്റുമാരെ സ്ക്രീൻ ചെയ്തുകൊണ്ടാണ് ഗഗൻയാൻ യാത്രികരുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഒന്നിലധകം ശാരീരിക, സാങ്കേതിക പരീക്ഷകൾക്ക് ഇവരെ വിധേയമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച നാലുപേരെ പ്രാരംഭ പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചു. തുടർന്ന് സിമുലേറ്ററുകൾ, 3D മൊഡ്യൂളുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്ന് രൂപകൽപ്പന ചെയ്ത പ്രത്യേക കോഴ്സുകളിൽ പരിശീലനം നൽകി.
മൂന്ന് ദിവസത്തെ ഗഗൻയാൻ ദൗത്യമാണ് രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും ഭ്രമണപഥത്തിൽ ഏഴ് ദിവസം കഴിയുന്ന തരത്തിൽ ബഹിരാകാശ യാത്രികരെ പരിശീലിപ്പിച്ചിട്ടുണ്ട്.
സുരക്ഷയും മുൻകരുതലും
ഇന്ന് ബഹിരാകാശ യാത്ര റോഡ് യാത്രയേക്കാൾ സുരക്ഷിതമാണ്. വിക്ഷേപണ സമയത്തും റീ എൻട്രി സമയത്തും അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ, കാര്യങ്ങൾ അങ്ങേയറ്റം സുരക്ഷിതമാണ്. എന്നിരുന്നാലും, ഓരോ സാഹചര്യത്തിനനുസരിച്ച് ഞങ്ങൾ ബഹിരാകാശ യാത്രികരെ തയ്യാറാക്കുന്നു.
മുഖഭാവങ്ങളും ശബ്ദ ആശയവിനിമയവും സജ്ജീകരിച്ച വ്യോമമിത്ര ഹ്യൂമനോയിഡ് റോബോട്ടിനെ ഈ വർഷം അവസാനം ആളില്ലാ പരീക്ഷണ പറക്കലിന് അയയ്ക്കും. പാരിസ്ഥിതിക ഘടകങ്ങൾ നിരീക്ഷിക്കുകയും അടിസ്ഥാന മാനുഷിക പ്രതികരണങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ജോലി.
വനിതാ ബഹിരാകാശയാത്രികർ
ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുന്ന പ്രവർത്തങ്ങൾ ആരംഭിച്ചപ്പോൾ വനിത ടെസ്റ്റ് പൈലറ്റുമാർ ലഭ്യമായിരുന്നില്ല. ഇപ്പോൾ ഫൈറ്റർ പൈലറ്റുകളായി പോലും സ്ത്രീകൾ എത്തുന്നുണ്ട്. ഇതൊക്കെ സമയത്തിന്‍റെ കളിയാണ്. ഗഗൻയാൻ ഒരിക്കലും ലിംഗത്തിന്‍റെ പേരിൽ വിവേചനം കാണിക്കില്ല.
ലോഞ്ച്പാഡുകൾക്കുമപ്പുറം...
ജിഎസ്എൽവി പ്രോജക്ട് ഡയറക്ടർ മുതൽ ഐഎസ്ആർഒ സയന്‍റിഫിക് സെക്രട്ടറി വരെ 35 വർഷത്തിലേറെയായി ഐഎസ്ആർഒയിൽ സേവനമനുഷ്ഠിച്ച ഉമാമഹേശ്വരൻ ഇപ്പോൾ തിരുവനന്തപുരത്തെ അനന്ത് ടെക്നോളജീസിലെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസിന്‍റെ തലവനാണ്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന്‍റെ ഉൾക്കാഴ്ചകൾ ഏറെ സഹായമായിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നു. റോക്കറ്റുകൾക്ക് ശക്തി പകരാൻ യന്ത്രങ്ങൾക്ക് കഴിഞ്ഞേക്കും, പക്ഷേ ബഹിരാകാശ പര്യവേഷണത്തെ മുന്നോട്ട് നയിക്കുന്നത് മനുഷ്യനാണ്.
Also Read: ഓപ്പറേഷന്‍ സിന്ദൂറില്‍ ഐഎസ്‌ആര്‍ഒ നിര്‍ണായക പങ്ക് വഹിച്ചോ? വിശദീകരണവുമായി ഐഎസ്‌ആര്‍ഒ മേധാവി