ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ്‌എക്‌സ് ഉടമ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് മുറുകുന്നതിനിടെ, ഇത് ബഹിരാകാശ ഗവേഷണത്തെ ബാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ബജറ്റിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം മസ്‌കിന് നൽകിവരുന്ന സർക്കാർ സബ്‌സിഡികൾ അവസാനിപ്പിക്കുക എന്നതാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ അമേരിക്കയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കാവശ്യമായ സ്‌പേസ്‌എക്‌സ് റോക്കറ്റുകൾ നൽകാതിരിക്കാൻ തനിക്ക് സാധിക്കുമെന്ന് മസ്‌ക് തിരിച്ചും ഭീഷണി ഉയർത്തിയിരുന്നു. മസ്‌ക് പിന്നീട് തന്‍റെ ഭീഷണി പിൻവലിച്ചെങ്കിലും ട്രംപ്-മസ്‌ക് വാക്‌പോര് അമേരിക്കയുടെ ബഹിരാകാശ ഗവേഷണത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌പേസ്‌എക്‌സിന്‍റെ സേവനങ്ങൾ പെന്‍റഗണിനും ബഹിരാകാശ ഏജൻസിയായ നാസയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം മസ്‌കിന് അറിയാം. ഇനി മസ്‌കുമായുള്ള കരാറുകൾ എളുപ്പത്തിൽ അവസാനിപ്പിക്കാൻ ട്രംപിന് സാധിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കരാറുകൾ റദ്ദാക്കിയാൽ അമേരിക്കയ്‌ക്ക് എന്തൊക്കെ നഷ്‌ട്ടങ്ങളുണ്ടായേക്കാം? ഭാവി ബഹിരാകാശ പരീക്ഷണങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ മറ്റെന്തെങ്കിലും വഴിയുണ്ടാവുമോ? ഇങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. ഇവ വിശദമായി പരിശോധിക്കാം.
മസ്‌കുമായുള്ള കരാറുകൾ റദ്ദാക്കുന്നത് ട്രംപിന് അത്ര എളുപ്പമാണോ?
ഡൊണാൾഡ് ട്രംപ് ഇലോൺ മസ്‌കുമായുള്ള ഫെഡറൽ കരാറുകൾ റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും, ഇത് അദ്ദേഹത്തിന് അത്ര എളുപ്പമായിരിക്കില്ല. പെന്‍റഗണും നാസയും ബഹിരാകാശ പദ്ധതിക്കായി സ്‌പേസ് എക്‌സിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ബഹിരാകാശ വിക്ഷേപണ പരിപാടികൾക്കും, ഡാറ്റ ട്രാൻസ്‌മിഷനും സ്‌പേസ് എക്‌സ് അമേരിക്കയ്‌ക്ക് നൽകുന്നത് പ്രധാനപ്പെട്ട സേവനങ്ങളാണ്. അതിനാൽ തന്നെ ഇലോൺ മസ്‌കുമായി ഉടക്കിയാൽ അമേരിക്കയുടെ ഭാവി ബഹിരാകാശ പ്രവർത്തനങ്ങളെ അത് ഉറപ്പായും ബാധിക്കും.
ട്രംപിന് എന്തുചെയ്യാൻ സാധിക്കും?
ഇത്തരമൊരു സാഹചര്യത്തിൽ, ഇലോൺ മസ്‌കിന്‍റെ കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ ട്രംപിന്‍റെ സർക്കാരിന് എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും എന്നതാണ് ഉയർന്നുവരുന്ന മറ്റൊരു ചോദ്യം. മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്, ടെസ്‌ല, എക്‌സ്, ബോറിങ് കമ്പനി, ന്യൂറാലിങ്ക് തുടങ്ങിയ നിരവധി കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കാൻ ട്രംപിന് യുഎസ് ഫെഡറൽ റെഗുലേറ്ററി ഏജൻസികളോട് ഉത്തരവിടാൻ കഴിയും. പെന്‍റഗൺ കരാറുകളിൽ മസ്‌കിന്‍റെ സ്‌പേസ്‌എക്‌സിന് തുടരാൻ കഴിയാത്ത വിധം സുരക്ഷാ അനുമതി റദ്ദാക്കാനും അമേരിക്കയ്‌ക്ക് കഴിയും. ഇതിനുപുറമെ, സ്‌പേസ് എക്‌സുമായി പുതിയ കരാറുകളിൽ ഏർപ്പെടുന്നത് വൈകിപ്പിക്കാനോ, നിർത്തിവെയ്‌ക്കാനോ ട്രംപിന് സാധിക്കും.
സ്‌പേസ്‌എക്‌സിന്‍റെ പ്രാധാന്യമെന്ത്?
യുഎസ് സർക്കാറിന്‍റെ ബഹിരാകാശ പദ്ധതികളിൽ സ്‌പേസ് എക്‌സ് എത്രത്തോളം നിർണായകമാണെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇത് സൂചിപ്പിക്കുന്ന ചില കണക്കുകൾ പരിശോധിക്കാം. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കൻ സർക്കാർ സ്പേസ് എക്‌സുമായി 18 ബില്യൺ ഡോളറിന്‍റെ കരാറിലേർപ്പെട്ടിട്ടുണ്ട്. ഇതിൽ 3.8 ബില്യൺ ഇതിൽ 3.8 ബില്യൺ ഡോളറിന്‍റെ കരാറുകൾ 2024 ൽ മാത്രമാണ് നൽകിയത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചാന്ദ്ര ദൗത്യങ്ങൾ, സൈനിക, ചാര ഉപഗ്രഹങ്ങൾ എന്നിവയ്‌ക്കാവശ്യമായ സേവനങ്ങൾ സ്‌പേസ്‌എക്‌സ് നൽകിയിട്ടുണ്ട്.
മാത്രമല്ല, ട്രംപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ ഗോൾഡൻ ഡോം (അമേരിക്കൻ മിസൈൽ സുരക്ഷാ സംവിധാനം) വിജയകരമാക്കാൻ സ്‌പേസ് എക്‌സിന്‍റെ വിക്ഷേപണത്തെയും ഡാറ്റ ട്രാൻസ്‌മിഷൻ സേവനങ്ങളെയും ആശ്രയിക്കേണ്ടതുണ്ട്. ഇതിനുപുറമെ, സ്‌പേസ് എക്‌സിന്‍റെ പ്രശസ്‌തി നേടിയ ഫാൽക്കൺ 9 റോക്കറ്റ് വഴി ഇതിനകം തന്നെ നിരവധി ദൗത്യങ്ങൾ വിജയകരമായി നിർവഹിക്കാൻ സാധിച്ചിട്ടുണ്ട്.
സ്‌പേസ് എക്‌സിന്‍റെ എതിരാളികളായ ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ്, റിലേറ്റിവിറ്റി സ്‌പേസ് എന്നിവയേക്കാൾ ഫാൽക്കൺ 9 റോക്കറ്റ് എന്തുകൊണ്ടും മികച്ചതാണ്. സുനിതാ വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെ ബഹിരാകാശത്തിൽ നിന്നുള്ള മടങ്ങിവരവി തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കരാർ നാസ നേരത്തെ മറ്റൊരു കമ്പനിയായ ബോയിങിന് നൽകിയിരുന്നു.
എന്നാൽ ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വെറും 7 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് പോയ സുനിതയും വില്യംസും 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്നത് നമുക്കറിയാം. ഇത് സ്റ്റാർലൈനർ പേടകത്തിന്‍റെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയും കാരണമായിരുന്നു. പിന്നീട് ഇവരെ തിരികെ കൊണ്ടുവന്നത് സ്‌പേസ്എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ്. ഇത് ബഹിരാകാശ ദൗത്യത്തിൽ സ്‌പേസ്എക്‌സിന്‍റെ പ്രാധാന്യം എത്രത്തോളമാണെന്ന് കാണിച്ചുതരുന്നു.
കരാർ റദ്ദാക്കിയാൽ എന്ത് സംഭവിക്കും?
മസ്‌കുമായുള്ള കരാറുകൾ റദ്ദാക്കിയാൽ പല യുഎസ് ബഹിരാകാശ പദ്ധതികളും അവതാളത്തിലാവും. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നതനുസരിച്ച്, സ്‌പേസ്എക്‌സുമായുള്ള കരാറുകൾ റദ്ദാക്കുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാനുള്ള അമേരിക്കയുടെ കഴിവിനെയും ഇല്ലാതാക്കും. മാത്രമല്ല, ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യം സാധ്യമാക്കുന്നതിൽ ഇത് കാലതാമസമുണ്ടാക്കിയേക്കാം. ട്രംപ് സർക്കാരിന്‍റെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് സ്‌പേസ് എക്‌സുമായുള്ള കരാറുകൾ വളരെ പ്രധാനമായതിനാൽ അവ റദ്ദാക്കുന്നത് എളുപ്പമല്ലെന്ന് നാസ വക്താവ് ബെഥാനി സ്റ്റീവൻസ് പോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ട്രംപിന്‍റെ ഭീഷണി മസ്‌കിന്‍റെ മറ്റ് കമ്പനികളെ ബാധിക്കുമോ?
എലോൺ മസ്‌കുമായുള്ള കരാറുകൾ അവസാനിപ്പിക്കുന്നത് ട്രംപ് ഭരണകൂടത്തിന് എളുപ്പമല്ലെന്ന് പറഞ്ഞെങ്കിലും, തിരിച്ച് മസ്‌കിന്‍റെ മറ്റ് കമ്പനികളെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. മസ്‌കിന്‍റെ കമ്പനികളായ ടെസ്‌ല, എക്‌സ്, ബോറിങ് കമ്പനി, ന്യൂറാലിങ്ക് എന്നിവയ്‌ക്കെ് നേരെ നിയന്ത്രണം ഉണ്ടാക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിക്കും. 11 ഫെഡറൽ ഏജൻസികൾ ഇതിനകം തന്നെ മസ്‌കിന്‍റെ കമ്പനികളെ നിരീക്ഷിച്ചുവരുകയാണ്. ട്രംപ് ഇത് വേഗത്തിലാക്കിയാൽ മസ്‌ക്കിന്‍റെ കമ്പനികളെ ഇത് ബാധിച്ചേക്കും.
ഉദാഹരണത്തിന്, ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന് ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇപിഎ)ക്ക് ടെക്‌സസിലെ സ്പേസ് എക്‌സിന്‍റെ വിക്ഷേപണ സൈറ്റിലെ ജലമലിനീകരണം അന്വേഷിക്കാൻ കഴിയും. ഇതിനുപുറമെ, യുഎസ് ഗതാഗത നിയന്ത്രണ ഏജൻസിക്ക് എലോൺ മസ്‌കിന്‍റെ ഓട്ടോമൊബൈൽ കമ്പനിയായ ടെസ്‌ലയുടെ ഓട്ടോപൈലറ്റുമായി ബന്ധപ്പെട്ട അപകടങ്ങളും അന്വേഷിക്കാൻ കഴിയും. അത്തരം എല്ലാ അന്വേഷണങ്ങളും ഇലോൺ മസ്‌കിന്‍റെ മറ്റ് കമ്പനികളെ ദോഷകരമായി ബാധിക്കും.
Also Read:
- ഇന്‍റർനെറ്റ് വിപ്ലവത്തിനൊരുങ്ങി ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക്: ഇന്ത്യയിൽ അനുമതി
- ഇനി മസ്‌കിൻ്റെ കാറും വേണ്ട; ചുവന്ന ടെസ്‌ല ട്രംപ് വിറ്റ് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്
- 'ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും'; മസ്‌കിന് മുന്നറിയിപ്പുമായി ട്രംപ്
- വാട്‌സ്‌ആപ്പ് സ്റ്റോറേജ് പെട്ടെന്ന് തീർന്നുപോകുന്നോ? ടെൻഷനടിക്കേണ്ട!! പുതിയ ഫീച്ചർ വരുന്നു
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്