ഹൈദരാബാദ്: ചന്ദ്രനിൽ ഒരു സ്വയംഭരണ ആണവ നിലയം നിർമ്മിക്കാൻ ചൈനയും റഷ്യയും പദ്ധതിയിടുന്നു. 2035ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും ചൈന നാഷണൽ സ്‌പേസ് അഡ്‌മിനിസ്ട്രേഷനും (സിഎൻഎസ്‌എ) തമ്മിൽ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും ചേർന്നുള്ള നിർദ്ദിഷ്‌ട ചാന്ദ്രദൗത്യമായ ഐഎൽആർഎസ് ലൂണാർ ബേസിന്‍റെ ഭാഗമായാണ് ഈ പ്രോജക്‌ടും.
ദീർഘകാല ചാന്ദ്ര പര്യവേക്ഷണത്തിനും ശാസ്ത്രീയ ഗവേഷണത്തിനും ആവശ്യമായ വൈദ്യുതി നൽകാനും ആണവ നിലയം വരുന്നതോടെ സാധിക്കും. 2027ൽ 'ഗേറ്റ്‌വേ' എന്ന പേരിൽ ഒരു ഓർബിറ്റൽ ചാന്ദ്ര ബഹിരാകാശ നിലയം നിർമ്മിക്കാൻ യുഎസ് പദ്ധതിയിടുന്നുണ്ട്. യുഎസിന്‍റെ ഈ ആർട്ടെമിസ് പ്രോഗ്രാം നടക്കാനിരിക്കെയാണ് ചൈനയും റഷ്യയും ആണവ നിലയ കരാറിൽ ഒപ്പുവെയ്‌ക്കുന്നത്. നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ അംഗരാജ്യങ്ങളും ഉൾപ്പെടെ 55 രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ ഏജൻസികൾ ആർട്ടെമിസ് പ്രോഗ്രാമിന്‍റെ ഭാഗമാകും.
അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം (ILRS) എന്തിന്?
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ (62 മൈൽ)ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദീർഘകാല പ്രവർത്തനങ്ങളും ഹ്രസ്വകാല മനുഷ്യ ദൗത്യങ്ങളും ഉൾപ്പെടുന്നതാണ് ഈ ദൗത്യം. ഐഎൽആർഎസിന്‍റെ ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള ടെക്‌നോളജി ടെസ്റ്റിങിനും ബഹിരാകാശ ഗവേഷണങ്ങൾ നടത്താനും അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം വഴി സാധിക്കും.
ചന്ദ്രനിൽ വിലയേറിയ ലോഹ ഓക്സൈഡുകൾ, മണ്ണ്, അപൂർവ ഭൗമ ലോഹങ്ങൾ, ണ്യമായ അളവിൽ ഹീലിയം-3, ന്യൂക്ലിയർ ഫ്യൂഷൻ പവറിന് ആവശ്യമായ ഇന്ധനം എന്നിവയുണ്ട്. ഐഎൽആർഎസിന്‍റെ ഗവേഷണത്തിൽ ചന്ദ്രനിലെ പ്രകൃതിവിഭവങ്ങളും പഠനവിധേയമാവും. 2017ലാണ് ഐഎൽആർഎസ് പ്രഖ്യാപിക്കുന്നത്. പാകിസ്ഥാൻ, വെനസ്വേല, ബെലാറസ്, അസർബൈജാൻ, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, നിക്കരാഗ്വ, തായ്‌ലൻഡ്, സെർബിയ, സെനഗൽ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകും.
Also Read:
- മൂന്നാം ഘട്ടത്തിലെ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍; പിഎസ്‌എല്‍വി സി 61 വിക്ഷേപണം പരാജയം
- ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഭാഗമാകുന്ന ആക്‌സിയോം-4 ദൗത്യം വൈകും: വിക്ഷേപണ തീയതി നീട്ടി
- ടെക്‌നോളജിയുടെ ഒരു പോക്കേ.... ചിന്തകൾ ഉപയോഗിച്ച് ഐഫോൺ പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യ വരുന്നു
- ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ? ഈ ആപ്പ് നിങ്ങളെ ഉറപ്പായും സഹായിക്കും: വേഗം ഡൗൺലോഡ് ചെയ്‌തോളൂ...
- എയർടെൽ ഉപയോക്താക്കൾ അറിയാൻ; ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പുതിയ എഐ സുരക്ഷാ സംവിധാനം; ലോകത്ത് ഇതാദ്യം