ഹൈദരാബാദ്: ആമസോണിന്‍റെ ഇന്‍റർനെറ്റ് സാറ്റലൈറ്റ് പ്രൊജക്‌റ്റായ കൈപ്പറിന്‍റെ വിക്ഷേപണം മാറ്റിവച്ചു. കൈപ്പറിന്‍റെ ആദ്യ ബാച്ച് ഉപഗ്രഹങ്ങളുടെ ഇന്ന് (ഏപ്രിൽ 10) നടത്താനിരുന്ന വിക്ഷേപണം മോശം കാലാവസ്ഥ കാരണമാണ് നീട്ടിയത്. മാറ്റിവച്ച തീയതി ആമസോൺ അറിയിച്ചിട്ടില്ല. ഫ്ലോറിഡയിലെ കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് (യുഎൽഎ) അറ്റ്ലസ് വി റോക്കറ്റിൽ വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇന്ത്യൻ സമയം പുലർച്ചെ 4:30നും രാവിലെ 6:30നും ഇടയിലായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
കേപ് കാനവറലിലെ കാലാവസ്ഥ നിരീക്ഷിച്ചു വരികയാണെന്നും, വിക്ഷേപണത്തിന് അനുകൂലമല്ലെന്നുമാണ് ലോഞ്ച് വെതർ ഓഫിസർ ബ്രയാൻ ബെൽസൺ അറിയിച്ചത്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് സർവീസിന് എതിരാളിയായിരുന്നു ഇന്ന് വിക്ഷേപിക്കാനിരുന്ന ആമസോണിന്‍റെ പ്രൊജക്‌റ്റ് കൈപ്പർ. 450 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ ലോ എർത്ത് ഓർബിറ്റിലേക്ക് 27 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോൺ പദ്ധതിയിട്ടത്.
2023ൽ കൈപ്പർ പ്രൊജക്‌റ്റിന്‍റെ ഭാഗമായി ഇതിനകം തന്നെ കൈപ്പർസാറ്റ്-1, കൈപ്പർസാറ്റ്-2 എന്നിങ്ങനെ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങളൾ അറ്റ്ലസ് വി റോക്കറ്റിൽ വിക്ഷേപിച്ചിരുന്നു. പ്രാരംഭ നക്ഷത്രസമൂഹത്തെ വിന്യസിക്കുന്നതിനായി ഏരിയൻസ്‌പേസ്, ബ്ലൂ ഒറിജിൻ, സ്‌പേസ് എക്‌സ്, യുഎൽഎ എന്നീ കമ്പനികൾ വഴി 80ലധികം വിക്ഷേപണങ്ങൾ കൈപ്പർ പ്രൊജക്‌റ്റിന്‍റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഓരോ വിക്ഷേപണവും കൈപ്പർ നെറ്റ്‌വർക്കിലേക്ക് ഡസൻ കണക്കിന് ഉപഗ്രഹങ്ങളാണ് സംഭാവന ചെയ്യുന്നത്.
പ്രൊജക്‌റ്റ് കൈപ്പർ: ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനമാണ് കൈപ്പർ. ഫൈബർ ഒപ്റ്റിക് കേബിളുകളും സെല്ലുലാർ ടവറുകളും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കൈപ്പർ വഴി ഇന്‍റർനെറ്റ് ലഭ്യമാകും. അതായത് ഫൈബർ ഒപ്റ്റിക് കേബിളുകളും സെല്ലുലാർ ടവറുകളും ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കൈപ്പർ വഴി ഇന്‍റർനെറ്റ് ലഭ്യമാകും. അതിവേഗ ലോ-ലേറ്റൻസി സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുക എന്നതാണ് പ്രൊജക്‌റ്റ് കൈപ്പർ ലക്ഷ്യമിടുന്നത്. 2026 മധ്യത്തോടെ ലോ എർത്ത് ഓർബിറ്റിൽ 3,236 ഉപഗ്രഹങ്ങളുടെ ശൃംഖല സ്ഥാപിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രൊജക്‌ട് കൈപ്പറിന് എതിരാളിയായി സ്റ്റാർലിങ്ക് ഉള്ളതിനാൽ തന്നെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് മേഖലയിലേക്ക് ആമസോണും കൂടെ പ്രവേശിക്കുന്നതോടെ മത്സരം കടുക്കും.
Also Read:
- ഇനി ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ട!! പുതിയ ആധാർ ആപ്പ് വരുന്നു; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...
- ചാറ്റ്‌ജിപിടിക്കും ഡീപ്‌സീക്കിനും എതിരാളിയാകുമോ? മെറ്റയുടെ പുതിയ എഐ മോഡലുകൾ പുറത്തിറക്കി
- 'ടിക്ടോക്കിനെ ഇരുട്ടിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ല': ടിക്‌ടോക് വിൽപ്പനയിൽ തീരുമാനമെടുക്കാൻ ചൈനയ്‌ക്ക് സമയം നീട്ടിനൽകി ട്രംപ്
- ആക്‌സിയോം-4 ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ലയും: വിക്ഷേപണം മെയ് മാസത്തോടെ