ഹൈദരാബാദ്: ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം-4 (ആക്‌സ്-4) ദൗത്യം മെയ് മാസത്തോടെ വിക്ഷേപിക്കുമെന്ന് നാസ. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്നായിരിക്കും ആക്‌സ്-4 വിക്ഷേപിക്കുക. നാല് ബഹിരാകാശയാത്രികരാണ് ദൗത്യത്തിന്‍റെ ഭാഗമാകുക. ഇതിൽ ഉത്തർപ്രദേശ് സ്വദേശി കൂടെയുണ്ടെന്നതാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ കാര്യം. അമേരിക്ക, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ക്രൂ അംഗങ്ങൾ.
ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻഷു ശുക്ല. ദൗത്യം ആക്‌സിയോം-4 ദൗത്യം പൂർത്തിയാകുന്നതോടെ ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബഹിരാകാശയാത്രികൻ കൂടിയാകും ശുഭാൻഷു ശുക്ല. ഇന്ത്യൻ വ്യോമസേനയിൽ (IAF) സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥനായ ശുഭാൻഷു ശുക്ലയെ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.
ആക്‌സിയോം-4 ദൗത്യത്തിലെ അംഗങ്ങൾ: അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സാവോസ് ഉസാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് യാത്രികർ. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ചതിന്‍റെ റെക്കോർഡ് സ്വന്തമാക്കിയ മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ ആണ് ആക്‌സിയോം-4ന്‍റെ മിഷൻ കമാൻഡർ. അവരുടെ രണ്ടാമത്തെ വാണിജ്യ മനുഷ്യ ബഹിരാകാശ യാത്രയുമാണിത്. സാവോസ് ഉസാൻസ്‌കി ആയിരിക്കും മിഷൻ സ്‌പെഷ്യലിസ്റ്റ്. 1978ന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന പോളിഷ് ബഹിരാകാശയാത്രികനായിരിക്കും ഉസാൻസ്‌കി. അതേസമയം 1980ന് ശേഷമുള്ള രണ്ടാമത്തെ ദേശീയ ഹംഗേറിയൻ ബഹിരാകാശയാത്രികനായിരിക്കും കപു.

'ആക്‌സിയം സ്പേസ്' എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഐഎസ്‌എസിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമാണിത്. 14 ദിവസം ബഹിരാകാശനിലയത്തിൽ ചെലവഴിച്ച ശേഷമായിരിക്കും ദൗത്യസംഘം മടങ്ങുക. കഴിഞ്ഞ വർഷം നടക്കാനിരുന്ന ദൗത്യം പിന്നീട് നീട്ടിവെക്കുകയായിരുന്നു. ബോയിങ് സ്റ്റാർലൈനറിന് സംഭവിച്ച തകറാറിനെ തുടർന്ന് യാത്രികരില്ലാതെ പേടകത്തിന് വരേണ്ടിവന്നപ്പോൾ, സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാൻ ഡ്രാഗൺ പേടകം അയച്ചത് കാരണം ആക്‌സിയോം ദൗത്യവും വൈകുകയായിരുന്നു.
During the #Ax4 mission, crew will be performing a wide range of experiments and demonstrations that leverage microgravity to enhance scientific research #ForEarth. With 60 research and science-related activities, this mission sets a record for Axiom Space missions. Find out more… pic.twitter.com/u790ZMiKCB
— Axiom Space (@Axiom_Space) April 3, 2025
Also Read:
- ധ്രുവപ്രദേശങ്ങളെ കടന്ന് ചരിത്രംകുറിച്ച് പോളാർ ഓർബിറ്റിലേക്കുള്ള ആദ്യ യാത്ര: ഫ്രാം2 ദൗത്യം വിജയകരം; ക്രൂ അംഗങ്ങൾ തിരികെയെത്തി
- ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലൂടെയുള്ള ആദ്യ ബഹിരാകാശയാത്ര: ഫ്രാം2 പകർത്തിയ അന്‍റാർട്ടിക്കയുടെ ദൃശ്യങ്ങൾ
- ചാറ്റ്‌ജിപിടിക്കും ഡീപ്‌സീക്കിനും എതിരാളിയാകുമോ? മെറ്റയുടെ പുതിയ എഐ മോഡലുകൾ പുറത്തിറക്കി
- 'ടിക്ടോക്കിനെ ഇരുട്ടിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ല': ടിക്‌ടോക് വിൽപ്പനയിൽ തീരുമാനമെടുക്കാൻ ചൈനയ്‌ക്ക് സമയം നീട്ടിനൽകി ട്രംപ്
- കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഈ കമ്പനിയുടെ ഫോൺ!! കൂടുതൽ പേർ വാങ്ങിയ മോഡലുകൾ ഇവയെല്ലാം...