ഹൈദരാബാദ്: ആപ്പിൾ വർഷം തോറും നടത്തിവരുന്ന ഒരു വിവരസാങ്കേതികവിദ്യ കോൺഫറൻസാണ് വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (WWDC). പുതിയ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്നതിനാണ് കമ്പനി ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2025 ജൂൺ 9 മുതൽ ജൂൺ 13 വരെ ഈ വർഷത്തെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് നടത്തുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. കാലിഫോർണിയയിലെ കുപെർട്ടിനോ ആസ്ഥാനമായുള്ള ആപ്പിൾ പാർക്കിൽ വെച്ചാണ് WWDC നടക്കുക.
സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് ആപ്പിൾ വിദഗധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ലഭ്യമായിരിക്കും. ഈ വർഷത്തെ കോൺഫറൻസിൽ വീഡിയോ സെഷനുകൾക്കൊപ്പം ഓൺലൈൻ ലാബുകൾ വഴി ആപ്പിൾ എഞ്ചിനീയർമാരുമായും ഡിസൈനർമാരുമായും ഇടപഴകാനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. ആപ്പിൾ ഡെവലപ്പർ ആപ്പ്, ആപ്പിൾ ഡെവലപ്പർ വെബ്‌സൈറ്റ്, ആപ്പിൾ ഡെവലപ്പർ യൂട്യൂബ് ചാനൽ എന്നിവയിലൂടെ താത്‌പര്യമുള്ളവർക്ക് സെഷനുകൾ ആക്‌സസ് ചെയ്യാൻ കഴിയും.
ആപ്പിളിന്‍റെ ഐഫോണുകൾ, ഐപാഡുകൾ, മാക് ഉപകരണങ്ങൾ എന്നിവയ്‌ക്കായി പരിപാടിയിൽ കമ്പനി അടുത്ത തലമുറ ഒഎസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് കമ്പനി വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. എഐ-പവർഡ് സിരിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ എന്തൊക്കെ പ്രതീക്ഷിക്കാം?
iOS 19 ഓപ്പറേറ്റിങ് സിസ്റ്റം: ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൊന്നാണ് ആപ്പിൾ ആസൂത്രണം ചെയ്യുന്നത്. ആപ്പിൾ ഉപകരണങ്ങളിലുടനീളം കൂടുതൽ ഏകീകൃത സോഫ്റ്റ്‌വെയർ എക്‌സ്‌പീരിയൻസ് സൃഷ്‌ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ആപ്പിളിന്‍റെ വിഷൻ പ്രോ ഹെഡ്‌സെറ്റിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റമായ വിഷൻഒഎസിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങൾ അടുത്ത തലമുറ ആപ്പിൾ ഒഎസുമായി സംയോജിപ്പിക്കാൻ സാധ്യതയുണ്ട്. വിഷൻഒഎസിനെപ്പോലെ, ഐഒഎസും ഐപാഡ്‌ഒഎസും മാക്‌ഒഎസും കൂടുതൽ സുതാര്യതമായ ഇഫക്റ്റുകൾ, പുനർരൂപകൽപ്പന ചെയ്‌ത ഇന്റർഫേസ് ഘടകങ്ങൾ, കൂടുതൽ ഘടനാപരമായ വിഷ്വൽ ശ്രേണി എന്നിവ ഉൾപ്പെടുത്താം. മാത്രമല്ല, ഐഒഎസ്19 അപ്‌ഡേറ്റ് ഉപയോഗിച്ച് ആപ്പിളിന് ഐഫോണുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌ത RCS സന്ദേശമയയ്‌ക്കുന്നതിനുള്ള പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്.
ആപ്പിൾ ഇന്‍റലിജൻസും സിരി അപ്‌ഗ്രേഡുകളും: iOS 18.4 പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചിരുന്ന എഐ പവർഡ് സിരി ഫീച്ചറുകൾ ഒരുപക്ഷേ വരുന്ന അടുത്ത ഒഎസ് അപ്‌ഗ്രേഡിനൊപ്പം പ്രതീക്ഷിക്കാം. അപ്‌ഗ്രേഡ് ചെയ്‌ത സിരി എഐ പവേർഡ് ആയിരിക്കും. സന്ദർഭ അവബോധം, ഓൺ-സ്‌ക്രീൻ തിരിച്ചറിയൽ, ഇൻ-ആപ്പ് ഫംഗ്‌ഷണാലിറ്റികൾ, വെർച്വൽ അസിസ്റ്റൻസ് എന്നിവ മെച്ചപ്പെട്ട രീതിയിലായിരിക്കും എഐ പവർഡ് സിരി നൽകുക.
You’re gonna want to save the date for the week of June 9! #WWDC25 pic.twitter.com/gjzYZCkPbA
— Greg Joswiak (@gregjoz) March 25, 2025
പുതിയ ആപ്പിൾ ഉപകരണങ്ങൾ അവതരിപ്പിക്കുമോ?
ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ സാധാരണയായി കമ്പനി പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാറില്ല. എന്നാൽ ഇടയ്‌ക്കിടക്ക് വരാനിരിക്കുന്ന ഉപകരണങ്ങളുടെ പ്രിവ്യൂ കാണിക്കാറുണ്ട്. അതിനാൽ തന്നെ സ്ലിം ഡിസൈനിലുള്ള ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോൺ 17 സ്ലിം മോഡലിന്‍റെ (ഐഫോൺ 17 എയർ) ടീസർ പുറത്തുവിടാൻ സാധ്യതയുണ്ട്. മാത്രമല്ല, ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകൾ വെയറബിൾ ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും ആപ്പിൾ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. ആപ്പിളിന്‍റെ നൂതന വിഷ്വൽ ഇന്‍റലിജൻസ് കഴിവുകളെ (ആപ്പിൾ ഇന്‍റലിജൻസ്) പിന്തുണയ്ക്കുന്നതിനായി സംയോജിതക്യാമറയുള്ള ആപ്പിൾ വാച്ച് മോഡലുകളും എയർപോഡുകളും വികസിപ്പിക്കുന്നുണ്ടെന്ന് അടുത്തിടെ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിടാൻ സാധ്യതയുണ്ട്.
Also Read:
- ഐഫോൺ 17 എയറിൽ ചാർജിങ് പോർട്ട് ഉണ്ടാകില്ല!! സ്ലിം ഡിസൈനിൽ വരാനിരിക്കുന്ന ഐഫോണിൽ പ്രതീക്ഷിക്കുന്നത് വമ്പൻ മാറ്റങ്ങൾ
- സ്ലിം ഡിസൈനിൽ സാംസങിന്‍റെ പുതിയ ഫോൺ വരുന്നു: ഗാലക്‌സി എസ് 25 എഡ്‌ജ് ഏപ്രിലിൽ ലോഞ്ച് ചെയ്‌തേക്കാം; പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ
- മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ വരുന്നു; ലോഞ്ച് ഏപ്രിലിലെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?
- ബജറ്റ് ഫ്രണ്ട്‌ലി ഐഫോണും പിക്‌സൽ 9 സീരീസിലെ വില കുറഞ്ഞ ഫോണും: മികച്ചതേത്?
- ഫോട്ടോഗ്രഫിക്കായി നിരവധി ഫീച്ചറുകൾ: ഗൂഗിൾ പിക്‌സൽ 9എ പുറത്തിറക്കി; പ്രത്യേകതകൾ അറിയാം...