ഹൈദരാബാദ്: 2026 ജനുവരി 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെയുള്ള എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിർബന്ധമാക്കി. എഞ്ചിൻ വലുപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്ര വാഹനങ്ങളിലും എബിഎസ് ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കേന്ദ്രസർക്കാറിന്‍റെ പ്രഖ്യാപനം. റോഡപകടങ്ങൾ കുറയ്‌ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
കൂടാതെ ഡീലർഷിപ്പുകൾ പുതിയ ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് BIS സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകളും നൽകേണ്ടതുണ്ട്. ബൈക്ക് യാത്രികനും, പിൻ സീറ്റിലിരിക്കുന്നയാൾക്കും വേണ്ടിയാണിത്. ഇരുചക്ര വാഹന യാത്രയിലെ അപകടങ്ങളും ആഘാതങ്ങളുടെ തോതും കുറയ്‌ക്കാനാണ് സർക്കാർ നീക്കം.
ഇരുചക്ര വാഹനങ്ങൾക്ക് വില വർധിക്കും: അതേസമയം രണ്ട് ഹെൽമെറ്റുകളും എബിഎസും വരുന്നതോടെ ഇത് സ്‌കൂട്ടറുകളുടെയും ബൈക്കിന്‍റെയും വില വർധനവിനിടയാക്കും. ചില ഇരുചക്ര വാഹന കമ്പനികൾ എൻട്രി ലെവൽ മോഡലുകളുടെ ചെലവ് ഉയരുമെന്ന ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ചെലവ് കൂടിയാലും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും റോഡപകട മരണം കുറയ്‌ക്കുന്നതിനും, പരിക്ക് കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുമെന്ന് റോഡ് സുരക്ഷാ വക്താക്കൾ പറയുന്നു.
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഹോണ്ട മോട്ടോർസൈക്കിൾ, ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ, സുസുക്കി മോട്ടോർസൈക്കിൾ തുടങ്ങിയവയ്‌ക്ക് 125 സിസി വിഭാഗത്തിൽ നിരവധി സ്‌കൂട്ടറുകളും ബൈക്കുകളുമുണ്ട്. ആന്‍റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം നിർബന്ധമാക്കിയതിനാൽ ഈ ബൈക്കുകൾ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ഏകദേശം ഒരു ലക്ഷം രൂപ എക്‌സ്-ഷോറൂം വരുന്നവയ്‌ക്ക് അധികമായി ഹാർഡ്‌വെയർ ആവശ്യമായി വരുന്നതിനാൽ വില വർധനവ് ഉണ്ടായേക്കാം.
എത്ര രൂപ വരെ വർധിക്കും?
പുതിയ നിയമവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഉടൻ പുറത്തിറക്കിയേക്കാം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക എൻട്രി ലെവൽ 100 സിസി മോട്ടോർസൈക്കിളുകളെയും സ്‌കൂട്ടറുകളെയും ആയിരിക്കും. 60,000 രൂപ പ്രാരംഭവിലയുള്ള ഈ മോഡലുകൾക്ക് ഫ്രണ്ട് ഡിസ്‌കും സിംഗിൾ ചാനൽ എബിഎസും ചേർത്താൽ ഏകദേശം 6,000 മുതൽ 10,000 രൂപ വരെ അധിക തുക നൽകേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും സമയപരിധിയും സർക്കാർ വൈകാതെ പുറപ്പെടുവിക്കും.
Also Read:
- ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും മാറ്റങ്ങളുമായി ഹോണ്ട സിറ്റിയുടെ സ്‌പോർട് എഡിഷൻ ഇന്ത്യൻ വിപണിയിൽ: പ്രത്യേകതകളറിയാം...
- ഗിയർ മാറ്റി ബുദ്ധിമുട്ടേണ്ട!! 8 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് ഓട്ടോമാറ്റിക് കാറുകൾ
- വെറും രണ്ട് ദിവസത്തിനകം വിറ്റഴിച്ചത് 27,642 ഇലക്ട്രിക് സ്‌കൂട്ടറുകൾ!! മൊത്തം വിൽപ്പന 6 ലക്ഷം പിന്നിട്ട കേമനാര്?
- വില ഒരു ലക്ഷത്തിൽ താഴെ: ബജാജ് ചേതകിന്‍റെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കി; അറിയേണ്ടതെല്ലാം...
- പുതിയ ടാറ്റ ആൾട്രോസിന്‍റെ എതിരാളി ഹ്യുണ്ടായി i20: ഈ രണ്ട് ഹാച്ച്ബാക്കുകളിൽ മികച്ചതേത്?