തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കിയെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് കപ്പല്‍ തീരമണഞ്ഞത്ത്. രണ്ട് ടഗ് ബോട്ടുകളുടെ സഹായത്തോടെ തുറമുഖത്തേക്ക് ആനയിച്ച കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
ഇന്ത്യന്‍ തുറമുഖത്ത് ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ചരക്ക് കപ്പലാണ് എംഎസ്‌സി തുര്‍ക്കിയ. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എംഎസ്‌സിയുടെ ആറ് കപ്പലുകളുടെ ക്ലാസില്‍പ്പെട്ട സിസ്റ്റര്‍ വെസലുകളിലൊന്നാണ് വിഴിഞ്ഞം തീരത്ത് ഇന്നെത്തിയ എംഎസ്‌സി തുര്‍ക്കിയെ. 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവും വരുന്ന കപ്പലിന് ഒരേ സമയം 24,346 ടിഇയു (ട്വന്‍റി ഫീറ്റ് ഇക്വലന്‍റ് യൂണിറ്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയും (ചരക്ക് കപ്പലിന്‍റെ വലിപ്പം അളക്കുന്നതിനുള്ള യൂണിറ്റാണ് ടിഇയു).
ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയുന്ന കപ്പലുകളുടെ ശ്രേണിയിലാണ് എംഎസ്‌സി തുര്‍ക്കിയെ. സിംഗപ്പൂര്‍ തുറമുഖത്ത് നിന്നുമെത്തിയ കപ്പല്‍ വിഴിഞ്ഞത്ത് നിന്നും ഗാനയിലെ ടെമാ തുറമുഖത്തിലേക്കാകും പോവുക.
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 257മത്തെ കപ്പലാണ് എംഎസ്‌സി തുര്‍ക്കിയെ. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള പ്രതിവാര ഡേജ് സര്‍വീസിന്‍റെ ഭാഗമായാണ് എംഎസ്‌സി തുര്‍ക്കി ആദ്യമായി വിഴിഞ്ഞത്ത് എത്തുന്നത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയ ഏറ്റവും വലിയ കപ്പലുകളിലൊന്നെന്ന പ്രത്യേകതയുമുണ്ട്. ശരാശരി പ്രതിമാസം ഒരു ലക്ഷത്തിലേറെ കണ്ടയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം 53 കപ്പലുകളായിരുന്നു വിഴിഞ്ഞം തുറമുഖത്തെത്തിയത്.
വിഴിഞ്ഞം വിജിഎഫ് കരാര്‍ ഒപ്പിട്ടു: വിഴിഞ്ഞം തുറമുഖത്തിന്‍റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാര്‍ സംസ്ഥാനം ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറിലും തുറമുഖത്ത് നിന്നുള്ള വരുമാനത്തിന്‍റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സര്‍ക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്.
കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കരാറില്‍ ഒപ്പുവച്ചത്. കേന്ദ്ര സാമ്പത്തിക കാര്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ബല്‍ദേവ് പുരുഷാര്‍ത്ഥ്, തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ.എ കൗശികന്‍ , വിഐഎസ്‌എല്‍ മാനേജിങ് ഡയറക്‌ടര്‍ ദിവ്യ എസ് അയ്യര്‍, എവിപിപിഎല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രദീപ് ജയരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്.