തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഏഴാം ദിവസമായ ഇന്ന് കൈയിൽ കർപ്പൂരം കത്തിച്ചുവച്ച് പ്രതിഷേധിച്ച് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ. നിയമനം തേടി വൈകിട്ട് 6 മണിക്കാണ് സമരമിരിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ കൈയിൽ കർപ്പൂരം കത്തിച്ചു മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്. സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
ഇന്ന് രാവിലെ സമരവേദിയിൽ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചിരുന്നു. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി പൂർത്തിയാകാൻ ഇനി 11 ദിവസം കൂടിയാണ് ബാക്കിയുള്ളത്. നിയമനം തേടി നിരവധി ജനപ്രതിനിധികളെ കണ്ടുവെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. എന്നാൽ ഇതു വരെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുങ്ങിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
967 പേരാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 570 വനിതാ സിപിഒ മാരുടെ ഒഴിവുകളാണുള്ളതതെന്നു വിവരാവകാശ രേഖയുണ്ടെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി. റാങ്ക് ലിസ്‌റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്‌റ്റിൽനിന്ന് 60 ശതമാനം നിയമനമാണ് നടന്നത്. വനിതാ സിപിഒ റാങ്ക് ലിസ്‌റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 60.67 മാർക്കായിരുന്നു വനിതാ സിപിഒ പരീക്ഷയുടെ കട്ട് ഓഫ്. ഇതും മുൻ വർഷങ്ങളിലേക്കാൾ കൂടുതലാണ്. ഏപ്രിൽ 19 ന് ലിസ്‌റ്റിൻ്റെ കാലാവധി തീരുന്നതോടെ തങ്ങളുടെ പ്രതീക്ഷകൾ അസ്‌തമിക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.