കാസർകോട്: വൈരാഗ്യം കാരണം തമിഴ്‌നാട് സ്വദേശി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. ബേഡകത്ത്
പലചരക്ക് കട നടത്തുന്ന രമിതയാണ് (27) മരിച്ചത്. 90% പൊള്ളലേറ്റ യുവതി മംഗലാപുരത്ത് ചികിത്സയിലായിരുന്നു.
ഏപ്രിൽ 8നാണ് സംഭവം. യുവതിയോടുള്ള വൈരാഗ്യം കാരണം തമിഴ്‌നാട് ചിന്ന പട്ടണം സ്വദേശി രാമാമൃതമാണ് രമിതയെ തീ കൊളുത്തിയത്. യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പിന്നീട് ആരോഗ്യ നില വഷളായതോടെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണിച്ചർ കട നടത്തിപ്പുകാരനായ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മംഗലാപുരം ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയില്‍