തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി യഥാര്‍ത്ഥ്യമായതോടെ കേരളത്തിലെ തീര മേഖലയിലൂടെയുള്ള കപ്പല്‍ ചരക്കു നീക്കം സജീവമായിരിക്കുകയാണ്. കൊച്ചി തുറമുഖത്ത് എണ്ണ കപ്പലുകളാണ് കൂടുതലെങ്കില്‍ വിഴിഞ്ഞത്ത് കൂറ്റന്‍ മദര്‍ ഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടു പോകുന്നതിനുള്ള ചരക്കു കപ്പലുകളാണെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെയ് 25 ന് എംഎസ്‌സി എല്‍സ എന്ന കപ്പല്‍ മുങ്ങിയതിന് പിന്നാലെ കേരളത്തിന്‍റെ തീരമേഖലയില്‍ വീണ്ടും ആശങ്ക തീര്‍ത്ത് വാന്‍ഹായ് 503 എന്ന ചരക്ക് കപ്പല്‍ ഇന്ന് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് തീരത്ത് നിന്ന് 144 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ പൊട്ടിത്തെറിയും അഗ്നിബാധയുമുണ്ടായി തകര്‍ന്ന കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ തീരത്ത് വീണ്ടും ആശങ്ക സൃഷ്‌ടിക്കുമ്പോള്‍ കടലില്‍ നഷ്‌ടപ്പെടുന്ന മാലിന്യം ശേഖരിക്കാനുള്ള നമ്മുടെ അപര്യാപ്‌തത ഇടിവി ഭാരതുമായി പങ്കു വയ്ക്കുകയാണ് സംസ്ഥാന ഹൈഡ്രോളജി വിഭാഗം മുന്‍ തലവനും സര്‍വ്വേയറുമായ വി. ഗിരോഷ് കുമാര്‍.
അടുത്തിടെയുണ്ടായ കപ്പലപകടങ്ങള്‍ക്ക് പിന്നാലെ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക് വന്നടിയുകയാണ്. ആദ്യത്തെ കപ്പല്‍ മുങ്ങി 15-ാം ദിവസവും പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ തെക്കന്‍ കേരളത്തിന്‍റെ തീരങ്ങളില്‍ തുടര്‍ച്ചയായി വന്നടിയുകയാണ്. ഇതു സമുദ്രത്തിലുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എത്ര മാത്രമെന്ന് ഇതു വരെ ചിട്ടപ്പെടുത്തിയിട്ടില്ല. ഒരു കപ്പലപകടമുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്‌തത പരിഹരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ പാരിസ്ഥിതിക ഭീഷണി ഇതുയര്‍ത്തുമെന്ന് ഗിരോഷ് കുമാര്‍ പറയുന്നു.

2010 വരെ കൊച്ചി തുറമുഖത്ത് മറൈന്‍ റിക്കവറി ഡിപ്പാര്‍ട്ട്‌മെന്‍റും ഫയര്‍ റെസ്‌ക്യു ഡിപ്പാര്‍ട്ട്മെന്‍റും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇതെല്ലാം കരാര്‍ നല്‍കുന്ന രീതിയിലേക്ക് മാറി. എംഎസ്‌സി എല്‍സയുടെ കാര്യത്തില്‍ തന്നെ കപ്പല്‍ പൂര്‍ണമായി മുങ്ങുന്നതിന് മുന്‍പ് കണ്ടെയ്‌നറുകള്‍ നഷ്‌ട പ്പെടാതെ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമായിരുന്നു. ഇന്നു നമ്മുടെ തീരങ്ങളിലാകെ വന്നടിയുന്ന മാലിന്യം കടലിനെ എത്രമാത്രം മലിനമാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ള. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ മനുഷ്യ നിര്‍മിത ദുരന്തത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കാലവര്‍ഷക്കാറ്റാണ് കേരളത്തിലെ തീരങ്ങളെ ശക്തിപ്പെടുത്തി പുതുജീവനേകുന്നത്. ശക്തമായ കാലവര്‍ഷക്കാറ്റില്‍ നാല് മീറ്ററോളമുയരത്തില്‍ തിരമാലയുണ്ടാകും. കടല്‍തീരത്തെ ശക്തിപ്പെടുത്തുന്ന മണല്‍ നിക്ഷേപത്തിന്‍റെ സമയമാണിത്. കാലവര്‍ഷം തീരുന്നത് വരെ തീരത്ത് ഈ മണല്‍ നിക്ഷേപം തുടരും. തീരത്ത് വന്നടിയുന്ന പ്ലാസ്റ്റിക്കിന് മേല്‍ വളരെ വേഗം മണല്‍ വന്നടിയും. ഇത് നമ്മുടെ കടല്‍തീരങ്ങളെ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള മലിനീകരണത്തിലേക്കു നയിക്കും.
നിയമപരമായി കേരള മാരിടൈം ബോര്‍ഡിനാണ് കപ്പല്‍ ഗതാഗതത്തിന്റെ ചുമതല. എന്നാല്‍ കപ്പലപകടത്തില്‍ കണ്ടെയ്‌നറുകള്‍ കടലില്‍ നഷ്‌ടപ്പെട്ടാല്‍ എങ്ങനെ വീണ്ടെടുക്കുമെന്ന് ഇവര്‍ക്ക് യാതൊരു ധാരണയുമില്ല. കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും അപകടമുണ്ടായാല്‍ ഓടിയെത്തി മനുഷ്യരെ രക്ഷിക്കും. ഈ രണ്ടു വിഭാഗങ്ങളുടെയും കാര്യക്ഷമത നാം കണ്ടു മനസിലാക്കിയതുമാണ്. കടലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കടലില്‍ എന്തു കളഞ്ഞാലും അതു പരിഗണനാ വിഷയമല്ല. വെള്ളത്തിനടിയില്‍ എന്തു നടക്കുമെന്ന് ആരറിയാനാണ് ?

മത്സ്യങ്ങളുടെ പ്രജനന കാലത്തെ ട്രോളിംഗ് നിരോധനവും ഈ സമയത്താണെന്ന് ഓര്‍ക്കണം. മത്സ്യബന്ധനം മാത്രമാശ്രയിച്ചു കഴിയുന്ന വലിയൊരു ജനവിഭാഗമുണ്ട് കേരളത്തില്‍. വന്‍ തീപിടുത്തങ്ങളുണ്ടായാല്‍ അതു നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും നിലവിലില്ല. ദുരന്തമുണ്ടായാല്‍ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാനും അഗ്‌നിബാധ നിയന്ത്രിക്കാനും ശേഷിയുള്ള കപ്പലുകള്‍ മുംബൈയില്‍ നിന്നുമെത്തണം. ഇനി കേരളത്തിന് സ്വന്തമായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാനായാലും ഇതു നങ്കൂരമിടാനുള്ള സ്ഥലം പോലുമില്ല. കടല്‍മാര്‍ഗമുള്ള ലോക ചരക്ക് ഗതാഗത ഭൂപടത്തിലെ പ്രധാന കേന്ദ്രമായി കേരളത്തിലെ തുറുമുഖങ്ങള്‍ മാറുമ്പോള്‍ ഉത്തരവാദിത്തങ്ങളുടെ ഗൗരവം നമ്മുടെ ഭരണ സംവിധാനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ഗിരോഷ് കുമാര്‍ വിശദീകരിച്ചു.
കേരളമാകെ മുങ്ങിയ കപ്പലുകള്‍
കേരളമാകെയുള്ള ജലാശയങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നൗകകള്‍ നിരവധിയാണെന്ന് ഗിരോഷ് കുമാര്‍ പറയുന്നു. ചെളി നീക്കാന്‍ വരുന്ന ഡ്രഡ്‌ജറുകള്‍ ശേഖരിച്ച ചെളി പോലും മാറ്റാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹൈഡ്രോഗ്രാഫിക് വിഭാഗം നടത്തിയ സര്‍വ്വേകളില്‍ പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. കടലിലും നിരവധി ഡ്രെഡ്‌ജറുകള്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാചീന കാലം മുതല്‍ കേരളത്തിന്‍റെ തീരങ്ങളില്‍ നിരവധി കപ്പലുകള്‍ മുങ്ങി പോയിട്ടുണ്ട്. ഇതില്‍ ഒരു കപ്പല്‍ പോലും ഇതുവരെ പൊക്കിയെടുത്തിട്ടില്ല. അത്രമാത്രം മാലിന്യങ്ങളും നമ്മുടെ തീരങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. എന്നാല്‍ കാലം മാറി. സുഗന്ധവ്യജ്ഞനങ്ങളല്ല ഇന്നത്തെ കപ്പല്‍ ചരക്കുകള്‍. ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കാന്‍ ശേഷിയുള്ള മാരകമായ രാസസവസ്‌തുക്കള്‍ കടല്‍മാര്‍ഗമാണ് കൈമാറ്റം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കടല്‍ത്തീരത്ത് വന്നടിയുന്ന പ്ലാസ്റ്റിക് പെല്ലറ്റുകളും കണ്ടെയ്‌നറുകളും നീക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീകല ഇ ടി വി ഭാരതിനോട് പറഞ്ഞു. ബോര്‍ഡിന്‍റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ ഇതു വിലയിരുത്തും. ജില്ലാ കളക്‌ടര്‍മാരുടെ നേതൃത്വത്തിലാണ് ഏകോപനം. കടലിലെ മാലിന്യ നീക്കമെങ്ങനെയെന്ന് കപ്പല്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. തീരത്ത് വന്നടിഞ്ഞ പ്ലാസ്റ്റിക് പെല്ലറ്റുകള്‍ ശേഖരിച്ചു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു സംസ്‌കരിക്കണം. എം എസ് സി കമ്പനിയുടെ കപ്പലുകള്‍ മാത്രമാണ് എം എസ് സി എല്‍സയില്‍ നിന്നും കടലില്‍ താണുപോയ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്‌തു വരുന്നത്. ഇതിനാവശ്യമായ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചതെന്നും ശ്രീകല വിശദീകരിച്ചു.