കോഴിക്കോട്: കുറ്റ്യാടി കാവിലുംപാറക്കടുത്ത് ലഡാക്ക് മലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മൂന്നാം വാർഡിലെ മലയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന ചരിഞ്ഞത്. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്. 30 വയസ് തോന്നിക്കുന്ന പിടിയാന ആണിതെന്നും ജഡത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നും റേഞ്ച് ഓഫീസർ നിഖിൽ ജറോം പറഞ്ഞു.
കുറ്റ്യാടി സ്വദേശി പന്നിയങ്കിൽ കുഞ്ഞമ്മദിന്‍റെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ആനയുടെ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മറവ് ചെയ്യും. ദിവസങ്ങൾക്കു മുമ്പ് ഈ പ്രദേശത്ത് നിന്ന് കാട്ടാനകളുടെ ചിന്നംവിളി തുടർച്ചയായി കേട്ടതായി നാട്ടുകാർ പറയുന്നു. ആനകൾ തമ്മിൽ ഉണ്ടായ സംഘട്ടനത്തെ തുടർന്നാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കൃത്യമായ മരണകാരണം വ്യക്തമാകൂ. പറമ്പിന്‍റെ ഉടമസ്ഥനടക്കം പ്രദേശവാസികളിൽ നിന്നും വനംവകുപ്പ് അധികൃതർ വിശദാംശങ്ങൾ രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഞ്ചായത്ത് ജനപ്രതിനിധികളും കുറ്റ്യാടി ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും തുടര്‍നടപടി. കഴിഞ്ഞ കുറച്ചു ദിവസമായി ആന കൂട്ടം പകലും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. കുറ്റ്യാടി ആർആർടി സംഘം ആനകളെ തുരുത്തുമെങ്കിലും രാത്രികാലങ്ങളിൽ ആനകൾ വീണ്ടും പ്രദേശത്ത് തമ്പടിക്കുന്നത് പതിവായിരുന്നു. അടിയന്തരമായി ആനകളെ തുരത്താനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിക്കുന്നു
കേരളത്തിലെ വനപ്രദേശങ്ങളിൽ കാട്ടാന സംഘർഷം വർധിച്ചതായാണ് ഡോ: അരുൺ സക്കറിയ വ്യക്തമാക്കുന്നത്. ആനകളുടെ എണ്ണത്തിന്‍റെ പത്ത് ശതമാനം ഒരു വർഷം ചരിയുന്നു എന്നാണ് കണക്ക്. ഇതിൽ കൂടുതലും അസുഖം ബാധിച്ചും മനുഷ്യ കെണിയിൽ പെട്ടുമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൂടുതല്‍ ആനകളും ചരിയുന്നത്. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടവരും കൂട്ടത്തിൽപ്പെട്ടവരും ഏറ്റുമുട്ടുന്നുണ്ട്. പരിക്കേറ്റ ചില ആനകളെ മാത്രമാണ് ചികിത്സിക്കാൻ കഴിയുന്നത്. ഭൂരിഭാഗവും കാട്ടിൽ തന്നെ ചരിയും. വൈദ്യുതി ലൈനിൽ പെട്ടും കുഴിയിൽ അകപ്പെട്ടും ആനകൾ ചരിയുന്നതിന്‍റെ കണക്കും കുറവല്ല.
