കൊല്ലം : മനുഷ്യ മനസിനെ വേദനിപ്പിച്ച സമര രീതിയാണ് തിങ്കളാഴ്‌ച (ഏപ്രിൽ 7) രാവിലെ ജില്ലാ ജയിലിന് സമീപം റോഡരികിൽ കാണാൻ കഴിഞ്ഞത്. നാല് പിഞ്ചുകുഞ്ഞുങ്ങളും ഒരു കൈക്കുഞ്ഞുമായി തന്‍റെ ഭർത്താവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുവതി. ഈ കാഴ്‌ച വഴിയാത്രക്കാരെയും കലക്‌ടറേറ്റ് ജിവനക്കാരെയും അൽപം ഒന്ന് വേദനിപ്പിച്ചു.
കാര്യങ്ങൾ എന്തെന്നറിയാതെ പലരും സമരമുഖത്തേക്ക് അടുത്തുകൂടി. സംഭവം കേട്ടറിഞ്ഞ ജനങ്ങളും യുവതിക്ക് അനുകൂലമായി നിന്നു. വനിതാ പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൈക്കുഞ്ഞുങ്ങളും കുട്ടികളുമായി സമരം ചെയ്യുന്നത് ബാലാവകാശ നിയമത്തിനെതിരാണെന്നും അതിനാൽ സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്നും യുവതിയോട് പറഞ്ഞു. എന്നാൽ സമരത്തിൽ നിന്നും പിന്മാറാൻ യുവതി തയ്യാറായില്ല.
തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് കുട്ടികളെ അവിടെ നിന്നും സ്‌റ്റേഷനിലേക്ക് മാറ്റി. ഈ കാഴ്‌ച മനസലിയിക്കുന്നതായിരുന്നു. യുവതിയുടെ ഭർത്താവ് ജയിലിൽ ആയതോടെ ഇവരുടെ ജീവിതം ദുരിത പൂർണമായിരുന്നു. നാട്ടുകാരുടെയും ചില ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു ഇവർ ആഹാരം പോലും കഴിച്ചിരുന്നത്. തീരെ ജീവിക്കാൻ പറ്റാതെ, മരണം മാത്രമാണ് ഏക പോംവഴി എന്നും അവസാന പ്രതീക്ഷ എന്നപോലെയാണ് സമരം ചെയ്യാൻ എത്തിയത് എന്നും യുവതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമരം ചെയ്യാനുള്ള കാരണം: വ്യാജ പോക്സോ കേസ് പരാതിയെ തുടർന്ന് ഭർത്താവിനെ റിമാൻഡ് ചെയ്‌തുവെന്ന് ആരോപിച്ചാണ് പിഞ്ചുകുഞ്ഞുങ്ങളുമായി ജില്ലാ ജയിലിന് മുന്നിൽ യുവതി പ്രതിഷേധിച്ചത്. ഭർത്താവിനെ വെറുതെ വിടണം എന്ന് ആവശ്യപ്പെട്ടാണ് അയത്തിൽ സ്വദേശിനിയായ 30കാരി അഞ്ച് മക്കളുമായി പ്രതിഷേധിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയുടെ ഭർത്താവിനെതിരെ ഭർത്താവിൻ്റെ സഹോദരി ഇരവിപുരം പൊലീസിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഏപ്രിൽ 3ന് ആയിരുന്നു സംഭവം.
കേസിനെ കുറിച്ച് യുവതി പറയുന്നത്: ഭർത്താവിൻ്റെ കുടുംബ വീടിൻ്റെ അവകാശത്തെ ചൊല്ലി ഭർത്താവിൻ്റെ സഹോദരി നിത്യവും കുടുംബവീട്ടിൽ താമസിക്കുന്ന തങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. ഏപ്രിൽ 3നും പതിവ് പോലെ ഭർതൃസഹോദരിയും മക്കളും എത്തി തന്നെയും മക്കളെയും ഉപദ്രവിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു.
ഈ സമയം ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് ഭർത്താവിനെ വിളിച്ചു വരുത്തി. വീട്ടിലെത്തിയ അദ്ദേഹം സഹോദരിയുടെ മക്കളെ മാറ്റി. തുടർന്ന് സംഭവത്തിൽ പരാതി നൽകാൻ ഭർത്താവിനും മക്കളോടുമൊപ്പം എസിപി ഓഫിസിൽ എത്തി. എസിപിയുടെ നിർദേശപ്രകാരം ഇവിടെ നിന്ന് ഇരവിപുരം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനായി എത്തിയെങ്കിലും അപ്പോഴേക്കും സഹോദരി ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.
വൈകിട്ട് ഭർത്താവിനെ വീട്ടിൽ വിടാം എന്ന് പറഞ്ഞിരുന്നെങ്കിലും പിറ്റേദിവസം പോക്സോ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇദ്ദേഹം ജയിലിൽ ആയതോടെ ഭർത്താവിന്‍റെ സഹോദരിയുടെയും മക്കളുടെയും ഉപദ്രവം കൂടി എന്നും യുവതി ആരോപിക്കുന്നു.
മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് യുവതിക്കുള്ളത്. ഇതിൽ മൂത്തകുട്ടിക്ക് 11 വയസും ഇളയ കുട്ടിക്ക് ആറുമാസവുമാണ്. സ്ഥലത്തെത്തിയ വെസ്‌റ്റ് പൊലീസ് യുവതിയേയും മക്കളെയും സ്ഥലത്തുനിന്ന് നീക്കം ചെയ്‌ത് സ്‌റ്റേഷനിൽ എത്തിച്ച ആഹാരം നൽകി വിട്ടു. സംഭവത്തിൽ കമ്മിഷണർക്ക് പരാതി നൽകിയതായി യുവതി പറഞ്ഞു.
Also Read: നാടുവിട്ട പോക്‌സോ കേസ് പ്രതിയെ ഇൻ്റർപോളിൻ്റെ സഹായത്തോടെ പിടികൂടി കൊച്ചി പൊലീസ്