കേരളം 44 നദികളുടെയും ആയിരക്കണക്കിന് അരുവികളുടെയും നാടാണ്. മഴ ധാരാളമായി ലഭിക്കുന്ന ഇടം. അതുകൊണ്ട് തന്നെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുന്ന അപകടങ്ങളും മരണങ്ങളും കേരളത്തിൽ അസാധാരണമല്ല. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ അപകടതോത് വളരെ കൂടുതലാണ്.
എന്നാൽ ഒരു കാർ വെള്ളത്തിൽ വീണാൽ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല. എന്നാൽ അപകടം സംഭവിക്കുമ്പോള്‍ അൽപം മനഃസാന്നിധ്യത്തോടെ പ്രവർത്തിച്ചാൽ ഒരു പക്ഷേ നമുക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന് രക്ഷപ്പെടാനുളള ചില വഴികളിതാ...
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- മനഃസാന്നിധ്യം കൈവിടാതിരിക്കുക: മുങ്ങുന്ന കാറിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് മനോധൈര്യം നഷ്‌ടപ്പെടുത്താതിരിക്കുകയാണ്. അപകടഘട്ടത്തിൽ പരിഭ്രാന്തരാവാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും ഓക്‌സിജൻ ഒഴുകുന്നത് നിലനിർത്താൻ ആഴത്തിൽ ശ്വാസമെടുക്കാൻ ശ്രമിക്കുക.
- സീറ്റ് ബെൽറ്റ് ഊരിമാറ്റുക: കാറിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ സീറ്റ് ബെൽറ്റ് വേഗത്തിൽ ഊരിമാറ്റുക. നിങ്ങളുടെ ബക്കിൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ സ്വയം മോചിപ്പിക്കാൻ സീറ്റ് ബെൽറ്റ് മുറിക്കാൻ ശ്രമിക്കുക.
- രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം വിൻഡോ: നിങ്ങളുടെ കാർ വെള്ളത്തിൽ ഇടിച്ചാലുടൻ വിൻഡോ തുറക്കാൻ ശ്രമിക്കുക. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞാൽ ഇത് വഴി പുറത്ത് കടക്കാം. വെള്ളത്തിനടിയിൽ ആയിരിക്കുമ്പോൾ ഓട്ടോമാറ്റിക് വിൻഡോകൾ ഉടൻ തുറക്കാന്‍ കഴിയില്ല. അതിനാൽ നിങ്ങൾ വേഗത്തില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്‌ത് വിൻഡോകൾ തുറക്കാൻ ശ്രമിക്കണം. കാർ വെള്ളത്തിലേക്ക് കൂടുതൽ ആഴത്തിൽ പോകുന്നതിന് മുൻപേ കാറിലുള്ള എന്തെങ്കിലും ഉപയോഗിച്ച് ജനാലകൾ തകർക്കുക. വിൻഡ്ഷീൽഡ് തകർക്കാൻ ശ്രമിക്കരുത്. കാറിലെ ഏറ്റവും കട്ടിയുള്ള ഗ്ലാസാണ് വിൻഡ്ഷീൽഡ് വാഹനത്തിനുള്ളിൽ നിന്ന് അത് തകർക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
- മറ്റ് യാത്രക്കാരെ സഹായിക്കുക: വാഹനത്തിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ചുറ്റുമുള്ളവർ കൂടെ ഉണ്ടെന്ന് ഉറപ്പു വരുത്തുക. പ്രത്യേകിച്ച് കാറിൽ കുട്ടികളുണ്ടെങ്കിൽ. മുതിർന്ന കുട്ടികളെ അവരുടെ സീറ്റ് ബെൽറ്റുകളുടെ ബക്കിൾ ഊരാൻ സഹായിക്കുക. കാറിൽ നിന്ന് ഏറ്റവും അടുത്തുള്ള ജനാലയിലൂടെ പുറത്തിറങ്ങാൻ അവരോട് നിർദേശിക്കുക. അല്ലെങ്കിൽ നിങ്ങളോടൊപ്പം കാറിൽ നിന്ന് രക്ഷപ്പെടാൻ അവരെ മുൻസീറ്റിലേക്ക് കൊണ്ടുവരിക.
- വിൻഡോയിലൂടെ കയറി സുരക്ഷിത സ്ഥാനത്തേക്ക് നീന്തുക: വാഹനത്തിനകത്തേക്ക് വെളളം കയറിയാൽ കാർ തള്ളി നീന്തുക. മുൻ സീറ്റിൽ ചെറിയ കുട്ടികളുണ്ടെങ്കിൽ ആദ്യം അവരെ ജനാലയിലൂടെ കയറ്റി അവരെ പിന്തുടരുക. കുട്ടികളെ ആദ്യം സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കാൻ സഹായിക്കുക. കാറിലുളള നിങ്ങളുടെ സാധനങ്ങളൊന്നും ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കരുത്.
മുങ്ങുന്ന കാറിൽ കുടുങ്ങിയാൽ നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങൾ
- വാതിലുകൾ തുറക്കരുത്: നിങ്ങളുടെ കാർ വെള്ളത്തിൽ വീഴുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ കാറിന്‍റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ ആദ്യത്തെ അതിജീവന ശ്രമമായിരിക്കാം. എന്നാല്‍ ഇത് കാർ കൂടുതൽ വേഗത്തിൽ മുങ്ങാൻ ഇടയാക്കും. കൂടാതെ കാറിലുളള യാത്രക്കാരെയും ഈ ശ്രമം ദോഷകരമായി ബാധിക്കും. കാറിൽ വെള്ളം നിറയുന്നത് വരെ കാത്തിരിക്കണമെന്നും അത് രക്ഷപ്പെടാൻ എളുപ്പമാക്കുമെന്നും ഒരു മിഥ്യാധാരണയുണ്ട്. അകത്തും പുറത്തും മർദ്ദം തുല്യമാകുമ്പോൾ നിങ്ങൾക്ക് വാതിൽ കൂടുതൽ എളുപ്പത്തിൽ തുറക്കാൻ കഴിയുമെന്നത് ശരിയാണ്. എന്നാൽ ഇത് ഒരു മികച്ച ഓപ്ഷനല്ല. നിങ്ങളുടെ കാറിൽ വെള്ളം നിറയുന്നത് വരെ ശ്വാസം പിടിച്ച് നിൽക്കുന്നത് അപകടകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിസ്‌ക് എടുക്കരുത്.
- ഓർമിക്കേണ്ട കാര്യങ്ങൾ:
മുങ്ങുന്ന കാറുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാണിക്കുന്നത് വാഹനം സാധാരണയായി 30 മുതൽ 120 സെക്കൻഡ് വരെ പൊങ്ങിക്കിടക്കുകയും പിന്നീട് പൂർണമായും മുങ്ങുകയും ചെയ്യും എന്നാണ്.
- വാതിലുകളിലൂടെയും ജനാലകളിലൂടെയും മാത്രമല്ല വെള്ളം കാറിലേക്ക് പ്രവേശിക്കുന്നത്.
- വാതിൽ തുറന്നിട്ടാൽ കൂടുതൽ വെള്ളം അകത്തുകടക്കുകയും കാർ വേഗത്തിൽ മുങ്ങുകയും ചെയ്യും.
- കാറിലെ ഏറ്റവും കട്ടിയുള്ള ഗ്ലാസാണ് വിൻഡ്‌ഷീൽഡ്. ഇത് വാഹനത്തിനുള്ളിൽ നിന്ന് തകർക്കുന്നത് പ്രയാസമേറിയ കാര്യമാണ്.
ഓട്ടോമാറ്റിക് വിൻഡോകൾ വെള്ളത്തിനടിയിൽ പ്രവര്‍ത്തിക്കില്ല. പിന്നിലെ വിൻഡോകൾ മുൻവശത്തെ വിൻഡോകളേക്കാൾ ചെറുതാണ്. അതിനാൽ എല്ലാവർക്കും അതിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഉറപ്പാക്കാൻ മുൻവശത്തെ വിൻഡോ തകർക്കുന്നതാണ് സുരക്ഷിതം. ജനാലകൾ തകർക്കാൻ കഴിയുന്ന എന്തെങ്കിലും എപ്പോഴും കാറിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
- SWOC എന്ന ചുരുക്കപ്പേര് ഓർമിക്കുക: വാഹനത്തില്‍ കുരുങ്ങി മുങ്ങിമരിക്കുന്നതില്‍ നിന്ന് അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം കാർ പൂർണമായും വെള്ളത്തിനടിയിലാകുന്നതിന് മുമ്പ് ജനാലകളിലൂടെ രക്ഷപ്പെടുക എന്നതാണെന്ന് വിദഗ്‌ധർ സമ്മതിക്കുന്നു.
S — സീറ്റ് ബെൽറ്റുകൾ ഓഫ്
W — വിൻഡോകൾ തുറക്കുന്നു
O — ഉടൻ പുറത്തുകടക്കുക
C — കുട്ടികൾ ആദ്യം
Also Read:മിനി കൺട്രിമാൻ ഇലക്‌ട്രിക് ജെസിഡബ്ല്യു പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി: വില 62 ലക്ഷം