കോഴിക്കോട്: വയനാട് ചുരത്തിന് മുകളിലൂടെ ആകാശപാത വരുന്നു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പാത 3.25 കിലോമീറ്റർ നീളത്തിലായിരിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ് വേയും ഇതായിരിക്കും. അടിവാരം ഒന്നാം വളവിൽ നിന്ന് കയറിയാൽ 15 മിനിട്ട് കൊണ്ട് ലക്കിടിയിൽ എത്താം. റോഡ് മാർഗ്ഗം 10 കിലോമീറ്ററിലധികം ദൂരമുണ്ടെങ്കിലും ചുരുങ്ങിയത് 45 മിനിട്ടാണ് യാത്ര സമയം. ആറ് സീറ്റുള്ള 40 കേബിൾ കാർ റോപ് വേയിൽ ഉണ്ടാകും. ഒരേ സമയം നാനൂറിലധികം പേർക്ക് സഞ്ചരിക്കാൻ കഴിയും.
നൂറ് കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു. അടിവാരത്തിനും ലക്കിടിക്കുമിടയിൽ ഇതിനായി 40 ടവറുകൾ സ്ഥാപിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടും. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിനെ മറികടക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. റോപ് വേയിൽ പ്രത്യേക ആംബുലൻസ് കാബിനും ഉണ്ടാകും. ഓക്സിജനടക്കമുള്ള സജ്ജീകരണങ്ങളും ഇതിലുണ്ടാകുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിവാരത്തും ലക്കിടിയിലും റോപ് വേയുടെ ബേസ് സ്റ്റേഷൻ നിർമ്മിക്കും. ഇവിടേയ്ക്ക് പ്രത്യേക ബസ് സർവീസും ഉണ്ടാകും. ഉത്തരാഖണ്ഡ്, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എന്നപോലെ മലയാളികൾക്ക് ഇത് പുതിയ അനുഭവമായിരിക്കും. കാട് കണ്ടും ആകാശം തൊട്ടും യാത്ര ആസ്വദിക്കാം. സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. വനഭൂമിക്ക് പകരം ഭൂമിയും നൽകും. വനം വകുപ്പിൻ്റെ അന്തിമ അനുമതി ലഭിച്ചാൽ നിർമ്മാണം തുടങ്ങുമെന്നും വെസ്റ്റേൺ ഘട്സ് ഡവലപ്‌മെൻ്റ് ലിമിറ്റഡ് എംഡി ഇ പി മോഹൻദാസ് പറഞ്ഞു.
Also Read:- ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ ഇന്ന് വിഴിഞ്ഞത് എത്തും; സംസ്ഥാനം ഒപ്പ് വയ്ക്കുന്നത് രണ്ട് കരാറുകളിൽ