കോഴിക്കോട്: വയനാട്ടിൽ ഡോപ്ലർ കാലാവസ്ഥ റഡാർ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. 2010 മുതലുള്ള സംസ്ഥാനത്തിൻ്റെ ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ തയാറാക്കിയ റഡാർ പുൽപ്പള്ളി പഴശ്ശിരാജ കോളജിൽ സ്ഥാപിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇതിനുള്ള പ്രവർത്തനം തുടങ്ങും. 100 കി മീ വിസ്തൃതിയിൽ കാലാവസ്ഥ നിരീക്ഷണം നടത്താവുന്ന എക്സ് ബാൻഡ് റഡാറാണിത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകൾ തുടങ്ങാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മേധാവി ഡോ നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ ശേഖർ എൽ കുര്യാക്കോസ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. റവന്യൂ മന്ത്രി കെ രാജൻ, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡോ കെ പി സുധീർ, സുൽത്താൻ ബത്തേരി ശ്രേയസ് ഡയറക്ടർ ഫാദർ ഡേവിഡ് ആലുങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. കോഴിക്കോടോ കണ്ണൂരോ സ്ഥലം കണ്ടെത്തണമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചത്. വിവിധ സ്ഥലങ്ങൾ കണ്ടെങ്കിലും വയനാട് റഡാറിൻ്റെ പരിധിയിൽ വരില്ലെന്ന് മനസിലായി. അങ്ങനെയാണ് പഴശ്ശിരാജ കോളജ് കാമ്പസ് ഭൂമി കണ്ടെത്തിയത്.
മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ചു. മലങ്കര സഭയുടെ ഭൂമി ആയതുകൊണ്ട് ക്ലീമിസ് തിരുമേനിയുമായി മുഖ്യമന്ത്രി സംസാരിച്ചു. ഒരു ഉപാധിയുമില്ലാതെ മാനേജർ തോമസ് ബിഷപ് സ്ഥലം വിട്ടുനൽകുകയായിരുന്നു. 30 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്.
2024 സെപ്റ്റംബർ മുതൽ തുടങ്ങിയ നീക്കങ്ങൾ വരുന്ന കാലവർഷം പകുതി പിന്നിടുമ്പോഴേക്കും ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 കോടി ചെലവ് വരുന്ന പദ്ധതിയാണിത്. പൂർത്തിയാകുന്നതോടെ കാസർകോടിൻ്റെ പകുതി ഭാഗം, കണ്ണൂർ, കോഴിക്കോടിൻ്റെ സിംഹഭാഗവും, വയനാട് പൂർണമായും, മലപ്പുറത്തിൻ്റെ കുറഞ്ഞ ഭാഗവും റഡാർ പരിധിയിൽ വരും.
100 മീറ്റർ പരിധിയിലാണ് നിരീക്ഷണം സാധ്യമാകുക. ഇടയിൽ വരുന്ന മലകളും കുന്നുകളും കാഴ്ച മറക്കുന്നതുകൊണ്ട് ചില ഭാഗങ്ങൾ പതിയാതെ പോകാം. ഇത് പൂർത്തിയാകുന്നതോടെ കേരളം ഒന്നടങ്കം റഡാർ നിരീക്ഷണത്തിലാകും. മംഗളൂരുവിൽ സി ബാൻഡ് ഡോപ്ലർ റഡാറിൻ്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
ഇത് യാഥാർഥ്യമാകുന്നതോടെ കർണാടകത്തിൻ്റെ തെക്കൻ ജില്ലകൾക്ക് പുറമേ, കാസർകോട്, കണ്ണൂർ ജില്ലകളും നിരീക്ഷണ പരിധിയിൽ വരും. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം ആശങ്കയ്ക്ക് ഇടവരുത്തുകയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരുന്നു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റഡാർ സംവിധാനങ്ങളുള്ളത്. കൊച്ചിയിൽ എസ് ബാൻഡും തിരുവനന്തപുരത്ത് സി ബാൻഡുമാണ് ഉള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ, കൊച്ചി കളമശേരിയിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്ട്രാറ്റോസ്ഫിയർ - ട്രോപോസ്ഫിയർ റഡാറും ഉണ്ട്. എന്നാൽ വടക്കൻ ജില്ലകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റഡാർ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്നത് വെല്ലുവിളിയായിരുന്നു. ഇതിന് വിരാമമിടുകയാണ് വയനാട്ടിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ.
എന്താണ് ഡോപ്ലർ റഡാർ
മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. ഇന്ത്യയിലുടനീളം കാലാവസ്ഥ നിരീക്ഷണത്തിനും പ്രവചനത്തിനുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്ന പ്രധാന സംവിധാനമാണിത്. മഴ, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പ്രവചനം ഡോപ്ലർ റഡാർ ഉപയോഗിച്ച് സാധ്യമാകും.
രാജ്യത്തെ തത്സമയ കാലാവസ്ഥ നിരീക്ഷണത്തിൽ റഡാറുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെയും സഞ്ചാര ദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. എസ്, സി, എക്സ് എന്നീ വിവിധ ബാൻഡുകളിലുള്ള റഡാറുകളാണ് കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്നത്. തരംഗത്തിൻ്റെ ആവൃത്തിയിലുള്ള മാറ്റം അടിസ്ഥാനമാക്കിയുള്ള ഡോപ്ലർ എഫക്ട് ഉപയോഗിച്ചാണ് ഡോപ്ലർ റഡാറിൻ്റെ പ്രവർത്തനം.
Also read:- കുതിച്ചു കയറി ജനസംഖ്യ: ഇന്ത്യയിൽ ഈ വർഷം 146.39 കോടിയിലെത്തും; 40 വർഷത്തിനുള്ളിൽ 170 കോടിയാകും