തിരുവനന്തപുരം: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെൻ്റ് തുറമുഖമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനി എംഎസ്‌സി അവരുടെ 2025ലെ ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയില്‍ ഉള്‍പ്പെടുത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വികസനത്തിൻ്റെ പുത്തന്‍ മുഖമായി മാറാനുള്ള കുതിപ്പിലാണ്. 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേയിലൂടെ വിഴിഞ്ഞത്തിൻ്റെ വികസന സാധ്യതകളെ തിരിച്ചറിഞ്ഞയൊരാളുണ്ട് തലസ്ഥാനത്ത്, ജി ഗോവിന്ദ മേനോന്‍ എന്ന ജി ജി മേനോന്‍.
തിരുവനന്തപുരം കവടിയാര്‍ ശ്രീ ബാലസുബ്രഹ്‌മണ്യ കോവിലിലെ വീട്ടില്‍ വാര്‍ധക്യത്തിൻ്റെ അവശതകളിലും ഇന്നും ബ്രിട്ടീഷുകാരോടൊപ്പമുള്ള ഓര്‍മകള്‍ ജി ജി മേനോൻ്റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. തിരുവിതാംകൂര്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെൻ്റിലെ എഞ്ചിനീയറായിരുന്ന കാലത്താണ് വിഴിഞ്ഞത്ത് തുറമുഖത്തിന് സാധ്യതയുണ്ടെന്ന് ആദ്യത്തെ പഠന റിപ്പോര്‍ട്ട് ജി ജി മേനോന്‍ ഉള്‍പ്പെട്ട സംഘം സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. തൻ്റെ 40 കളില്‍ ഇംഗ്ലണ്ട് ആസ്ഥാനമായ ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിയില്‍ നിന്നെത്തിയ ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥനോടൊപ്പം തീരത്ത് നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ ദൂരെ വരെയുള്ള തിരമാലകളെ പഠിക്കാന്‍ കട്ടമരത്തില്‍ പുറപ്പെട്ട കഥ 102-ാം വയസിലും ജിജി മേനോന്‍ ഇ ടി വി ഭാരതിനോട് വിശദീകരിച്ചു.

ഇറക്കുമതി ചെയ്‌ത ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം. കടല്‍തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളെ കുറിച്ചുള്‍പ്പെടെയുള്ള പഠന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ വഴി ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൈമാറുകയും ചെയ്‌തു. സര്‍ സിപി രാമസ്വാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുറമുഖത്തിൻ്റെ സാധ്യത പഠനം. 1946ലും 1949ലുമായി നടന്ന സര്‍വേയില്‍ തുറമുഖത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയാനായെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കിയില്ലെന്ന് ജി ജി മോനോന്‍ പറയുന്നു. ഇപ്പോഴത്തെ തുറമുഖം മക്കളോടൊപ്പം പോയി ദൂരെ നിന്നും കണ്ടു. കടല്‍തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളെ കുറിച്ചുള്‍പ്പെടെയുള്ള പഠന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ വഴി ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൈമാറിയെങ്കിലും ജി ജി മേനോന്‍ ഉള്‍പ്പെട്ട സംഘത്തിൻ്റെ പരിശ്രമങ്ങള്‍ അന്നു വെളിച്ചം കണ്ടില്ല. മാറി വന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ കാലക്രമേണ ജി ജി മേനോന്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘം പല വിഭാഗങ്ങളിലേക്ക് മാറിപ്പോയി. തുറമുഖം പഠിക്കാനെത്തിയ സായിപ്പും തിരികെ സ്വാതന്ത്ര്യാനന്തരം ബ്രിട്ടണിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോയമ്പത്തൂരില്‍ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസിലായിരുന്നു ജി ജി മേനോന്‍ ആദ്യം ജോലിയില്‍ പ്രവേശിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, 1946ല്‍ തിരുവിതാംകൂര്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെൻ്റില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച മേനോന്‍ പാലക്കാട് വാട്ടര്‍ റെഗുലേഷന്‍സ് ഡിവിഷന്‍ എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയറായിരിക്കെയാണ് വിരമിക്കുന്നത്.

