കൊല്ലം: മേടമാസപ്പുലരിയിൽ വിഷുവിനെ വരവേൽക്കാൻ വിപണികള്‍ സജീവമായി. വിഷുക്കണിയൊരുക്കാൻ പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങാനുള്ള തിരക്കിലാണ് മലയാളികള്‍. ഇത്തവണ വേനൽമഴ വില്ലനായതിനാൽ കണിക്കൊന്നയുടെ ലഭ്യത ലേശം കുറവാണ്. ഇത് പരിഹരിക്കാൻ കണിയൊരുക്കാനുള്ള റെഡിമെയ്‌ഡ് കൊന്നപ്പൂക്കളും വിപണിയിൽ സജീവമാണ്.
പ്രകൃതി സൗഹാർദമായി തുണിയിൽ തീർത്ത കൊന്നപ്പൂക്കൾക്ക് ഇത്തവണയും സ്വീകാര്യത ഏറെയാണ്. ഇതൊരെണ്ണത്തിന് 20 രൂപയാണ് വില. 12 എണ്ണം ഉൾപ്പെട്ട ഒരു സെറ്റിന് 240 രൂപയും ഈടാക്കുന്നുണ്ട്. സീസണ്‍ പ്രമാണിച്ച് കൃഷ്‌ണവിഗ്രഹങ്ങളുമായി വഴിയോരങ്ങളിൽ അഥിതി സംസ്ഥാന കച്ചവടക്കാരും സജീവമാണ്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിഗ്രഹങ്ങളാണ് കച്ചവടത്തിനായി കൂടുതലും എത്തിയിരിക്കുന്നത്.
ഉറിയുമായി വെണ്ണ തിന്നുന്ന കുസൃതിക്കണ്ണനും ഓടക്കുഴലുമായി നിൽക്കുന്ന ഉണ്ണിക്കണ്ണനുമടക്കം പല വലുപ്പത്തിലുള്ള വിഗ്രഹങ്ങള്‍ വിൽപനയ്‌ക്കുണ്ട്. വലിപ്പത്തിനനുസരിച്ചാണ് ഇവയുടെ വിലയും. കൂടാതെ കണിവെക്കാൻ മാത്രമായി ചെറിയ വലിപ്പത്തിലുള്ള ചക്ക, മത്തൻ, വെള്ളരി, പൈനാപ്പിൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. ഇവ കിറ്റായും അല്ലാതെയും വാങ്ങാം.
എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ വിഷുക്കണി കിറ്റ് 300 രൂപ മുതലാണ് തുടങ്ങുന്നത്. ആഘോഷം പൊടി പൊടിക്കാൻ വസ്‌ത്ര വ്യാപാരമേഖലയും ഉണർന്നുകഴിഞ്ഞു. മലയാളിമങ്കള്‍ക്ക് വിഷുവിന് സെറ്റ് സാരിയും കസവ് മുണ്ടുമെല്ലാം യഥേഷ്‌ടം ലഭ്യമാക്കിയിട്ടുണ്ട്. ആഘോഷം പ്രമാണിച്ച് വെറൈറ്റി ഡിസൈനുകളിൽ വസ്‌ത്രങ്ങള്‍ ലഭ്യമാണ്. കൃഷ്‌ണനും ഓടക്കുഴലും ആലിലയും കൊന്നപ്പൂക്കളും ആലേഖനം ചെയ്‌ത വസ്‌ത്രങ്ങൾക്ക് ആവശ്യക്കാരും ഏറെയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും..." എന്ന പോലെ തിരക്കു പിടിച്ച നഗര ജീവിതത്തിലും കൊയ്‌ത്തുത്സവത്തിനെ മറക്കാൻ മലയാളികള്‍ തയാറല്ല. അടുത്ത വിഷുവരെ സര്‍വൈശ്വര്യങ്ങളും സമൃദ്ധിയും അനുഭവിക്കാന്‍ ജാതി മത ഭേദമന്യേ മാലോകരെല്ലാം തയാറായിക്കഴിഞ്ഞു. സമ്പൽ സമൃദ്ധിയുടെ ഒരു വിഷുക്കാലം കൂടി കടന്നു പോകുമ്പോള്‍, ഏവർക്കും ഇടിവി ഭാരതിന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.