തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. വിഷുപ്പുലരിയിൽ ഗുരുവായൂരിൽ കണ്ണനെ കണി കാണാനെത്തിയത് പതിനായിരങ്ങളാണ്. പുലർച്ചെ 2.45 മുതൽ 3.45വരെയാണ് ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്‌കാര മണ്ഡപത്തിലും കണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചത്.
മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പുലർച്ചെ രണ്ടിന് ക്ഷേത്രത്തിൽ കണിയൊരുക്കിയത്. വിഷുദിനം പ്രമാണിച്ച് വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഇന്നലെ (ഏപ്രിൽ 13) രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്‌ശാന്തിയാണ് കണിയൊരുക്കിയത്. ശ്രീകോവിലിന്‍റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. വിഷുക്കണി ദർശനത്തിനായുള്ള ഭക്തരുടെ നീണ്ടനിരയാണ് ഇന്നലെ വൈകിട്ട് മുതല്‍ ക്ഷേത്രത്തില്‍ കാണാനായത്.
അതേസമയം കണികാണാന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിഐപി ദർശനം, സ്പെഷൽ ദർശനം എന്നിവ അനുവദിക്കില്ല. കണ്ണനെ കാണാൻ ക്യൂ നിൽക്കുന്നവർക്കായിരിക്കും പ്രഥമ പരിഗണന.
11 മണി വരെ ക്യൂ നിൽക്കുന്നവർക്കാണ് ദർശനത്തിന് അവസരമുണ്ടാകുക. പുലർച്ചെ മൂന്നിന് നിർമാല്യത്തോടെ തുറക്കുന്ന നട ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നരയ്ക്ക് വീണ്ടും നട തുറക്കും. ശേഷം വൈകിട്ട് 6.15 വരെ ദർശനത്തിന് അവസരമുണ്ടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമ വിലക്ക്: ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അധികൃതർ. ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടിയെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.
അതേസമയം ജസ്‌ന സലീം നടപ്പന്തലിൽ റീല്‍സ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ജസ്‌ന സലീമിനെതിരെ കേസെടുത്തത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്‌ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.