കൊല്ലം: സ്‌കൂളുകളും കോളജുകളുമെല്ലാം കെഎസ്‌യു അടക്കി ഭരിച്ചിരുന്ന കാലം. പ്രാക്കുളം എൻഎസ്എസ് ഹൈസ്‌കൂളിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. മാനേജ്മെന്‍റിന്‍റെയും ഒരു വിഭാഗം അധ്യാപകരുടെയും പിന്തുണയുള്ളതിനാൽ കെഎസ്‌യു സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിലാണ് അവിടെയും ജയിച്ചിരുന്നത്.
1967 കാലത്ത് തൊട്ടടുത്തുള്ള നീരാവിൽ സ്‌കൂളിലെ വിദ്യാർഥിയായ വികെ വിക്രമനാണ് പ്രാക്കുളം സ്‌കൂളിലെ കെഎസ്‌എഫിന്‍റെ ചുമതലക്കാരൻ. അങ്ങനെയിരിക്കെ സ്‌കൂൾ പാർലമെന്‍റ് തെരഞ്ഞെടുപ്പെത്തി. പ്രാക്കുളം സ്‌കൂളിലെ ഒരു ക്ലാസെങ്കിലും പിടിക്കണമെന്ന വാശിയിലായിരുന്നു വികെ വിക്രമൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷേ സ്ഥിരമായി തോൽക്കുന്നതിനാൽ അക്കാലത്ത് കെഎസ്എഫിന് സ്ഥാനാർഥിയാകാൻ ആളെ കിട്ടില്ലായിരുന്നു. നല്ല പയ്യൻമാർ ആരെങ്കിലും ഉണ്ടോയെന്ന് വിക്രമൻ പ്രദേശത്തെ സിപിഎം നേതാക്കളോട് അന്വേഷിച്ചു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു. 'സ്‌കൂളിന് തൊട്ടടുത്തുള്ള അലക്‌സാണ്ടർ സാറിന്‍റെ മക്കളിൽ ഒരാൾ അവിടെ പഠിക്കുന്നുണ്ട്. എട്ടാം ക്ലാസിലാണ്. ബേബി എന്നാണ് പേര്. കാണാനും സുന്ദരനാണ്. നന്നായി പ്രസംഗിക്കും. ഡിബേറ്റ് മത്സരത്തിലൊക്കെ സ്ഥിരമായി സമ്മാനം വാങ്ങാറുണ്ട്.'
സ്‌കൂളിന് മുന്നിൽ കാത്തു നിന്ന്, പാർട്ടി സഖാവ് പറഞ്ഞ അടയാളങ്ങൾ വച്ച് വിക്രമൻ എട്ടാം ക്ലാസുകാരനായ എംഎ ബേബിയെ കണ്ടെത്തി. തെരഞ്ഞെടുപ്പിൽ എട്ടാം ക്ലാസിലെ കെഎസ്എഫിന്‍റെ സ്ഥാനാർഥിയാക്കി ബേബിയെ. പക്ഷെ പതിവ് പോലെ ബേബിയടക്കം എല്ലാ കെഎസ്എഫ് സ്ഥാനാർഥികളും പരാജയപ്പെട്ടു.
പക്ഷെ ബേബി സ്‌കൂളിലെ കെഎസ്എഫിന്‍റെ തീപ്പൊരി നേതാവായി. പിന്നെ കൊല്ലം എസ്എൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ എസ്എഫ്ഐയുടെ നേതാവായി വളർന്നു. കുറച്ചുകാലം എസ്എഫ്ഐയിൽ പ്രവർത്തിച്ച വികെ വിക്രമൻ തൊഴിലാളി സംഘടനാ രംഗത്തേക്ക് തിരിഞ്ഞു.
കയർ തൊഴിലാളിയായിരുന്ന അദ്ദേഹം ദീർഘകാലം സിപിഎമ്മിന്‍റെ തൃക്കരുവാ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. താൻ കെഎസ്എഫിൽ കൊണ്ടുവന്ന എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറിയായതറിഞ്ഞ് വലിയ സന്തോഷത്തിലാണ് വികെ വിക്രമൻ.
'ആരെയും വധിച്ചുകൊണ്ട് മുകളിലേക്ക് ഉയര്‍ന്നു വരണം എന്ന് ആഗ്രഹമുള്ളയാളല്ല ബേബി. എല്ലാവരും വളരണമെന്നാണ് ബേബിയുടെ ആഗ്രഹം. അതിനു വേണ്ട സഹായവും ചെയ്യും. മന്ത്രിയായി അഞ്ച് കൊല്ലം ഇരുന്നു. ഭരണ കാര്യങ്ങളില്‍ പാര്‍ട്ടിയോട് എപ്പോഴും അഭിപ്രായം തേടും.
ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ ചെറിയ ഒരു ഏരിയയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ... ഇന്ത്യയൊട്ടാകെ ശ്രദ്ധ വേണം. ഇന്ത്യയിലെ കാര്യങ്ങള്‍ മാത്രം നോക്കിയാലും പോരാ, ലോകം മുഴുവന്‍ നടക്കുന്ന കാര്യങ്ങള്‍ പഠിക്കണം. ബേബിക്ക് അതിന് കഴിയും. എനിക്ക് വിശ്വാസമുണ്ട്' - വിക്രമന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അടുത്ത സഖാക്കളോട് ബേബി തന്നെ ജനറൽ സെക്രട്ടറിയാകുമെന്ന് നേരത്തെ അദ്ദേഹം പ്രവചിച്ചിരുന്നു. എംഎ ബേബി പ്രാക്കുളത്ത് വരുമ്പോഴെല്ലാം വികെ വിക്രമന്‍റെ വാലുവിളയിലെ വീട്ടിലെത്തും. ഇക്കഴിഞ്ഞ ക്രിസ്‌മസിന് ഭാര്യ ബെറ്റിക്കൊപ്പം ക്രിസ്‌മസ് കേക്കുമായാണ് എത്തിയത്. പത്ത് ദിവസം മുൻപും എംഎ ബേബി തന്നെ കൈപിടിച്ചുയർത്തിയ വികെ വിക്രമനെ വീട്ടിലെത്തി കണ്ടിരുന്നു.