കണ്ണൂര്‍: വനമേഖലയിലെ കൊടും ചൂടും ഈര്‍പ്പക്കുറവും കാരണം ഉഗ്രവിഷമുള്ള രാജവെമ്പാലകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. രാജ്യത്തെ വിഷപ്പാമ്പുകളില്‍ ഏറ്റവും വിഷമുള്ളതും നീളം കൂടിയതുമായ പാമ്പുകളാണ് രാജവെമ്പാല. കൊടും വേനലില്‍ ഈര്‍പ്പം തേടിയാണ് രാജവെമ്പാലകള്‍ വീട്ടുപറമ്പിലേക്കും വീടുകളിലേക്കും എത്തുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആറ് രാജവെമ്പാലകളെയാണ് വനം വകുപ്പ് വാച്ചര്‍ ഫൈസല്‍ വിളക്കോട്ട് പിടികൂടി കാട്ടിലേക്ക് അയച്ചത്. ആറളം മേഖലയില്‍പെട്ട മുട്ടുമാറ്റിയിലെ ചേനാട്ടുമാത്യു, കരിയം കാപ്പിലെ റോജി, ആറളം ഫാം ബ്ലോക്കുകളില്‍പെട്ട മീനാക്ഷി ശശി, അയ്യ എന്നിവരുടെ വീട്ടുപറമ്പില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. കഴിഞ്ഞ ദിവസവും ഫാം ബ്ലോക്കുകളില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു.
നാഗാരാധനക്കാര്‍ കരിനാഗം, കരിനാട, സര്‍പ്പം എന്നൊക്കെ വിശേഷിപ്പിക്കുന്നത് രാജവെമ്പാലകളെയാണ്. പാമ്പുകളുടെ രാജാവ് എന്ന നിലയില്‍ രാജവെമ്പാല എന്ന പദവിയും കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ഹിമാലയ താഴ്‌വരയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രാജവെമ്പാലകളെ കണ്ടു വരുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തിലെ ആഗുംമ്പ വനമേഖലയാണ് രാജവെമ്പാലകളുടെ പ്രധാന ആവാസ്ഥ സ്ഥാനം.
ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന നിബിഢ വനമാണ് രാജവെമ്പാലകളുടെ ഇഷ്‌ട സ്ഥലം. മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും ഈര്‍പ്പമുള്ള വനങ്ങളിലും രാജവെമ്പാലകളെ കാണാം. കൊടും ചൂടില്‍ പശ്ചിമ ഘട്ടത്തിന് കീഴെയുള്ള ഗ്രാമങ്ങളിലേക്ക് ഈര്‍പ്പം തേടിയാണ് ഇവ കടന്നു വരുന്നത്. സുരക്ഷിതമായി പിടികൂടി ഉള്‍വനങ്ങളിലേക്ക് തിരിച്ചയക്കുകയാണ് വനംവകുപ്പിൻ്റെ റസ്‌ക്യൂ സ്‌പെഷ്യലിസ്റ്റുകള്‍. കഴിഞ്ഞ വര്‍ഷം ആറളം, കൊട്ടിയൂര്‍, ആലക്കോട് , കേളകം എന്നിവിടങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ രാജവെമ്പാലകളെ ഉള്‍വനത്തിലേക്ക് ഇവർ എത്തിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നനയുള്ള തെങ്ങ്, വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇവ എത്തിച്ചേരുന്നത്. ഇര തേടിയും ഇണ തേടിയുമുള്ള യാത്രക്കിടയിലാണ് രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നത്. മൂര്‍ഖന്‍, ചേര എന്നിവ ഉള്‍പ്പെടെയുള്ള പാമ്പുകളും സസ്‌തനികളുമൊക്കെ ഇവയുടെ ഇരകളാണ്.
ഇണപ്പാമ്പുകള്‍ ഒന്നു ചേര്‍ന്ന് കൂടു നിര്‍മ്മിക്കുകയും മുട്ടകള്‍ക്ക് പെണ്‍പാമ്പുകള്‍ അടയിരിക്കുകയും ചെയ്യും. എന്നാല്‍ ആണ്‍ പാമ്പുകള്‍ സമീപ പ്രദേശത്ത് സുരക്ഷയൊരുക്കി നിലയുറപ്പിക്കും. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് മുക്കാല്‍ മീറ്റര്‍ നീളമുണ്ടാകും. എട്ടടി മുതല്‍ പതിനഞ്ച് അടിവരെയാണ് പൂര്‍ണ വളര്‍ച്ചയുള്ള രാജവെമ്പാലയുടെ നീളം.
ഒരു ദ്വംസനത്തില്‍ ആനയെപ്പോലും കൊല്ലാന്‍ കഴിവുളള വിഷം രാജവെമ്പാലക്കുണ്ട്. രാപ്പകല്‍ ഭേദമന്യേ ഇവ ഇര തേടിയും ഇണ തേടിയും സഞ്ചരിക്കും. വെറുതെ അലഞ്ഞു തിരിയുന്ന സ്വഭാവം ഇവക്കില്ല. പാമ്പിനെ കണ്ടാല്‍ സുരക്ഷിതമായി മാറി നില്‍ക്കുകയാണ് വേണ്ടത്. വടിയെടുത്ത് ഇവയെ പ്രതിരോധിക്കരുതെന്ന് വാച്ചര്‍ ഫൈസല്‍ വിളക്കോട് പറയുന്നു. ഇവയെ കണ്ടാലുടന്‍ വനംവകുപ്പിനെ വിവരമറിയിച്ച് പാമ്പിനെ കാട്ടിലേക്ക് തിരിച്ചു വിടാന്‍ ശ്രമിക്കണം. അതിരുവിട്ടുള്ള പ്രകടനങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നും ഫൈസല്‍ പറഞ്ഞു.