കോഴിക്കോട് : ഈ പരിസ്ഥിതി ദിനത്തില്‍ വരും തലമുറക്കായി നല്ലൊരു പരിസ്ഥിതി പാഠം പകര്‍ന്നു നല്‍കുകയാണ് വെളുത്തേടത്ത് അബ്‌ദുള്ള എന്ന 'ചെടിക്കാക്ക'. ഇന്ന് പൊതു ഇടങ്ങളിൽ മാലിന്യം എറിയാൻ നീട്ടുന്ന കൈകളോരോന്നും അബ്‌ദുള്ളയുടെ നന്മയുടെ പൂക്കളും ചെടികളും കാണുമ്പോൾ പിന്തിരിയുകയാണ്. മാവൂരിലെ പ്രധാന റോഡരികുകളും ഡിവൈഡറുകളും സർക്കിളുകളും സ്‌കൂളുകളുടെ ഉദ്യാനവും പള്ളികളുടെ ഖബർസ്ഥാനും ക്ഷേത്ര പരിസരങ്ങളുമെല്ലാം വെളുത്തേടത്ത് അബ്‌ദുള്ളയുടെ ഒറ്റയാള്‍ പ്രയത്നത്തിൽ ഉദ്യാനമായി മാറിയിട്ടുണ്ട്.
ചെടികളും വൃക്ഷത്തൈകളും നട്ടു പോവുക മാത്രമല്ല ചെയ്യുന്നത്, അതിനുവേണ്ട വളവും വെള്ളവും പരിചരണവുമെല്ലാം ഈ എഴുപത്തിയാറാം വയസിലും ഓരോ ദിവസവും നൽകുന്നതും ചെടിക്കാക്ക തന്നെയാണ്. റോഡരികുകളിലെ മിക്ക പൂന്തോട്ടങ്ങളും ഇപ്പോൾ പുതുതലമുറക്ക് സെൽഫി പോയിന്‍റുകളാണ്. ആയിരക്കണക്കിന് ചെടികളും വൃക്ഷങ്ങളുമാണ് മാവൂർ പഞ്ചായത്തിലെ പലയിടങ്ങളിലായി സ്വന്തം ചെലവിൽ ഈ പരിസ്ഥിതി സ്നേഹി നട്ടുപിടിപ്പിച്ചത്.
പതിനെട്ടാം വയസിൽ സ്വന്തം വീടിൻ്റെ പരിസരത്ത് ചെറിയ രീതിയിൽ വൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിച്ചാണ് തുടക്കം. പിന്നീട് ഗ്വാളിയോ റയോൺസ് ജീവനക്കാരനായി ജോലി ചെയ്യുമ്പോഴും ഒഴിവുസമയങ്ങൾ ചെടികളെയും വൃക്ഷങ്ങളെയും നട്ടുപിടിപ്പിച്ച് പരിചരിക്കുന്നതിലേക്കിറങ്ങി. പരിസ്ഥിതി സ്നേഹം മൂത്ത വെളുത്തേടത്ത് അബ്‌ദുള്ളക്ക് നാട്ടുകാരാണ് 'ചെടിക്കാക്ക' എന്ന പേര് സമ്മാനിച്ചത്.
ശാരീരിക അവശതകൾക്കിടയിലും നാടിനു വേണ്ടി അർപ്പണബോധത്തോടെ ചെയ്യുന്ന ഈ നന്മ വറ്റാത്ത പ്രവൃത്തി തനിക്ക് ശേഷവും ആരെങ്കിലും ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് 'ചെടിക്കാക്ക' ഇന്നും ഉദ്യാന പാലകനായി തുടരുന്നത്.