എറണാകുളം/കാസർകോട്: ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട വാൻ ഹായി 530 കപ്പലിലെ തീ മൂന്നാം ദിവസവും നിയന്ത്രണവിധേയമാക്കാനായില്ല. കപ്പലിന് പത്ത് ശതമാനം ചരിവ് സംഭവിച്ചത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്.
തീയണക്കാനുള്ള പ്രവർത്തനം കഴിഞ്ഞ രാത്രിയും കോസ്റ്റ് ഗാർഡ് തുടർന്നു. തുടർച്ചയായി രണ്ടു പകലും രണ്ടു രാത്രിയും പിന്നിട്ടാണ് കോസ്റ്റ് ഗാർഡിൻ്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. തീ ആളിക്കത്തുന്നത് കുറയ്ക്കാൻ കഴിഞ്ഞതായി പ്രതിരോധ സേനാ വക്താവ് അതുൽ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു.
വലിയ രീതിയിൽ കപ്പലിൽ നിന്ന് പുക ഉയരുന്നുണ്ട്. മൂന്ന് കോസ്റ്റ് ഗാർഡ് കപ്പലുകളാണ് തീയണക്കാനുള്ള പ്രവർത്തനം തുടരുന്നത്. കാണാതായ നാല് കപ്പൽ ജീവനക്കാരെക്കുറിച്ച് വിവരങ്ങളില്ലെന്നും സേനാ വക്താവ് അറിയിച്ചു. കോസ്റ്റ് ഗാർഡ് കപ്പലുകൾ വാൻ ഹായി 530 കപ്പലിലേക്ക് നേരിട്ട് വെള്ളം പമ്പ് ചെയ്യുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ സമുദ്രപ്രഹരി, സച്ചേത് കപ്പലുകൾ വാൻ ഹായി കപ്പലിൻ്റെ രണ്ട് ഭാഗത്തുനിന്നും തുടർച്ചയായി വെള്ളം പമ്പ് ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തീ പടരാത്ത ഭാഗത്ത് വെള്ളം പമ്പ് ചെയ്ത് തണുപ്പിക്കുന്നുണ്ട്. തീരരക്ഷ സേനയുടെ സമാർത്ത് കപ്പലും പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. കോസ്റ്റ് ഗാർഡ് ഡോർണിയർ വ്യോമ നിരീക്ഷണം തുടരുന്നു. കപ്പലിൻ്റെ മധ്യത്തിൽനിന്ന് തീയും സ്ഫോടനങ്ങളും തുടരുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. കപ്പലിൻ്റെ ഫോർവേഡ് ബേയിലെ തീ ഇപ്പോൾ നിയന്ത്രണത്തിലാണ്.
ചികിത്സയിലായിരുന്ന ചൈനീസ് പൗരൻ ആശുപത്രി വിടും
കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചൈനീസ് പൗരൻ ഇന്ന് ആശുപത്രി വിടും. ചൈനീസ് പൗരൻ ഗുവോ ലെനിനോ ആണ് പരിക്ക് ഭേദമായി ആശുപത്രി വിടുന്നത്. ഗുരുതരമായി പരുക്കേറ്റ ലൂ എൻലി, സോണിറ്റൂർ എസൈനി എന്നിവർ ഐസിയുവിൽ തുടരുകയാണ്.
ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് മംഗളൂരുവിലെ എജെ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ മറ്റൊരു നാവിക ഓഫിസർ കൂടി ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. ഗുരുതര പരുക്കേറ്റ രണ്ടുപേർ അടക്കം ആറുപേരാണ് നിലവിൽ ചികിത്സയിലുള്ളത്.
രക്ഷപ്പെട്ട 18 പേരിൽ 12 പേർ മംഗളൂരുവിലെ ഹോട്ടലിൽ കഴിയുകയാണ്. കാണാതായ നാല് ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ഡിജി ഷിപ്പിങ്ങിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.