തിരുവനന്തപുരം: മുനമ്പത്തെ ജനതയെ സർക്കാർ പിന്നിൽ നിന്നു കുത്തിയെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു മത വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി അതിൽ ലാഭം കണ്ടെത്താനുള്ള സംഘ പരിവാർ അജണ്ടയ്ക്ക് കുടപ്പിടിച്ചു കൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേന്ദ്രം പാസാക്കിയ വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാൻ പര്യാപ്തമല്ല. ഒരിക്കലും അവസാനിക്കാത്ത നിയമ പ്രശ്നത്തിലേക്ക് ഇതു വഴി തിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
മെയ് 19 വരെ വഖഫ് ട്രൈബ്യുണലിന് പ്രവർത്തിക്കാനുള്ള അവസരമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പോയി മെയ് 20 വരെ വഖഫ് ട്രൈബ്യുണലിന് സ്‌റ്റേ വാങ്ങി. പാർലമെൻ്റ് പാസാക്കിയ പുതിയ വഖഫ് നിയമ പ്രകാരമേ ഇനി പരിഹാരം കാണാനാകു. മുനമ്പം പ്രശ്‌നം തീർക്കാനുണ്ടായിരുന്ന അവസരം പിറകിൽ നിന്നു കുത്തി ചതിച്ചത് സർക്കാരാണെന്നും വിഡി സതീശൻ വിമർശിച്ചു.
ദേവാലയങ്ങളെ രാഷ്ട്രീയ വിമുക്തമാക്കണം, നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം ഒരു കൂട്ടർ പുഷ്പനെ അറിയാമോയെന്ന് പാടുമ്പോൾ മറ്റൊരു കൂട്ടർ ഹെഡ്ഗോവറുടെ കുട ഉയർത്തുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. മത സ്ഥാപനങ്ങളെ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേവാലയങ്ങളെ രാഷ്ട്രീയ വിമുക്തമാക്കണം. ആർഎസ്എസിൻ്റെ പരിപാടികൾ ദേവാലയങ്ങളിൽ നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് സ്ഥാനാർഥിയെ അറിയാമെന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിലമ്പൂരിൽ ഏതു സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാൻ യുഡിഎഫ് സജ്ജമാണ്. മാധ്യമങ്ങളിൽ പല തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. പലതും വസ്തുത വിരുദ്ധമാണ്. പാർട്ടി സംവിധാനം കൃത്യമായി ചർച്ച ചെയ്തു സ്ഥാനാർത്ഥി പ്രഖ്യാപനം ഉചിതമായ നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.