കോട്ടയം : രാജഭരണ കാലത്തെ ഓർമ്മകൾ പുതുക്കി ഉത്രാടക്കിഴി സമർപ്പണം നടന്നു. കോട്ടയം വയസ്‌കര രാജ്ഭവനിലെത്തി ജില്ല കലക്‌ടർ ജോൺ വി സാമുവൽ ഉത്രാടക്കിഴി സൗമ്യവതി തമ്പുരാട്ടിക്ക് നൽകി. കൊച്ചി രാജവംശത്തിലെ പിൻമുറക്കാരിയാണ് സൗമ്യവതി തമ്പുരാട്ടി. രാജവംശത്തിലെ സ്ത്രീകൾക്ക് ഓണം ആഘോഷിക്കാൻ രാജാവ് നൽകിവന്ന തുകയാണ് ഉത്രാടക്കിഴി.
രാജഭരണം അവസാനിച്ചതോടെ ഉത്രാടക്കിഴി നൽകുന്ന ചുമതല സർക്കാരിന് വന്ന് ചേർന്നു. വയസ്‌കര രാജ് ഭവനിലെ എ ആർ രാജരാജ വർമ്മയുടെ പത്നിയാണ് സൗമ്യവതി തമ്പുരാട്ടി. ഉത്രാടക്കിഴി സമർപ്പണം പഴയകാല സ്‌മരണ ഉണർത്തുന്നുവെന്നും ഈ ദിവസം അത്യധികം സന്തോഷം നൽകുന്നുവെന്നും തമ്പുരാട്ടി പറഞ്ഞു. 1001 രൂപയാണ് കിഴിപ്പണം.
ആദ്യം 14 രൂപയായിരുന്നു കിഴിപ്പണം. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മന്ത്രിയായിരുന്നപ്പോഴാണ് 1001 രൂപയായി ഉയർത്തിയത്. രാജ്ഭവനിലെത്തിയ തിരുവഞ്ചൂർ തമ്പുരാട്ടിയെ പൊന്നാടയണിയിച്ചു. തഹസിൽദാർ
എസ്എൻ അനിൽ കുമാർ, വില്ലേജ് ഓഫിസർ എം നസിം, ഡെപ്യൂട്ടി തഹസിൽദാർ ബിനി കെ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Also Read: തൊഴിലുകള്‍ മത്സരമായത് ആവേശമായി; വ്യത്യസ്‌തം കൊല്ലത്തെ ഓണാഘോഷം