കാസർകോട്: കാസര്‍കോടിന്‍റെ പ്രകൃതിരമണീയതയെ യുകെ, യുഎസ് പൗരന്മാർക്ക് ഏറെ സ്നേഹിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വർഷങ്ങളിൽ എത്തിയ വിനോദ സഞ്ചാരികളുടെ പട്ടികയിലാണ് ജില്ലയിൽ എത്തിയ വിനോദസഞ്ചാരികളിൽ ഏറെയും യുകെ, യുഎസ് നിവാസികളാണെന്ന് കണ്ടെത്തിയത്.കഴിഞ്ഞ വർഷം യുകെയിൽ നിന്നു 1125 പേരും യുഎസിൽ നിന്ന് 1025 പേരും ആണ് കാസർകോട് വന്നു തങ്ങി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്.
മനോഹരമായ അന്തരീക്ഷം, ബേക്കൽ കോട്ട, തൃക്കരിപ്പൂർ മുതൽ മഞ്ചേശ്വരം വരെയുള്ള ബീച്ചുകൾ, റാണിപുരത്തെ ട്രക്കിങ്, മലയാളത്തിനു പുറമെ കൊങ്കിണി, മറാഠി, കന്നഡ, ഉർദു ഭാഷകൾ സംസാരിക്കുന്നവർ, കല്ലുമ്മക്കായ കൃഷി, കായലിലൂടെയുള്ള ബോട്ട് യാത്ര, വ്യത്യസ്ത തരം രുചികരമായ ഭക്ഷണങ്ങൾ ഇവയൊക്കെയാണ് സഞ്ചാരികളെ പ്രധാനമായും കാസര്‍കോട്ടേക്ക് ആകർഷിച്ചത്. ടൂറിസം വകുപ്പ് പുറത്തു വിട്ടതാണ് വിവരപ്രകാരം 2024ൽ ജില്ലയിൽ എത്തിയ 3,775 വിദേശ സഞ്ചാരികളിൽ 2150 പേരും ഈ രാജ്യക്കാരാണ്.

2021 ൽ 24, 2022 ൽ 27, 2023 ൽ 655 യുകെ നിവാസികൾ സന്ദർശിച്ചു. ഈ വർഷങ്ങളിൽ 42, 105, 398 എന്നിങ്ങനെയാണ് യുഎസ് സഞ്ചാരികളുടെ എണ്ണം. 249 രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണു ഇത് ലഭിച്ചത്. ഇതിൽ കഴിഞ്ഞ വർഷം 187 രാജ്യങ്ങളിൽ നിന്ന് ഒരാൾ പോലും എത്തിയില്ല. 62 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രധാനമായും കാസര്‍കോട്ടേക്ക് എത്തുന്നത്.

സിറിയ, ഇസ്രയേൽ, മാൾട്ട, ഗ്വാട്ടിമാല, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു 2023ൽ സന്ദർശകർ എത്തിയിരുന്നു.
വിദേശ സഞ്ചാരികളിലൂടെ കഴിഞ്ഞ വർഷം 33.9 കോടിയുടെ വരുമാനമുണ്ടായിട്ടുണ്ട്. മുൻവർഷം 2,291 വിദേശികൾ എത്തിയപ്പോൾ 18.51 കോടിയുടെ വരുമാനമാണ് ലഭിച്ചത്.
വിനോദസഞ്ചാരമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനപദ്ധതികളുടെ നേട്ടവും ഇതിൽ പ്രതിഫലിച്ചു. ബേക്കലിൽ ഫൈവ് സ്‌റ്റാർ സൗകര്യമുള്ള മൂന്ന് ഹോട്ടലുകൾ കൂടിവന്നത് സഞ്ചാരികളെ കൂടുതല്‍ കാസര്‍കോട്ടേക്ക് ആകര്‍ഷിക്കുന്നുണ്ട്.