തൃശൂര്‍: വാൽപ്പാറയിൽ പുലി പിടിച്ച നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും വനം വകുപ്പും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ പുലി പിടികൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാൽപ്പാറ നഗരത്തോടു ചേർന്നുള്ള അണ്ണാമല ടൈഗർ റിസർവ് വനത്തിൽ ഉൾപ്പെടുന്ന പച്ചമല എസ്റ്റേറ്റിലെ തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകളാണ് നാലു വയസുകാരിയായ റൂസ്‌നി. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും എത്തിയ പുലി കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
അമ്മയുടെ കണ്‍മുന്നിൽ നിന്നുമാണ് കുട്ടിയെ പുലി കടിച്ചെടുത്തു രക്ഷപ്പെട്ടത്. വിവരം അറിഞ്ഞ മറ്റു തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാർ തോട്ടം മുഴുവനും അരിച്ചു പെറുക്കിയെങ്കിലും ഇന്നലെ കുട്ടിയെ കണ്ടെത്താനായില്ല.
നാട്ടുകാർ പുലിയെ കണ്ടതോടുകൂടി പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. പിന്നാലെ വിവിധ സേനാംഗങ്ങൾ ചേർന്ന് ഒന്നിച്ചു നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഉടുപ്പ് തേയില തോട്ടത്തിൽ നിന്നും കണ്ടെടുത്തു.
എന്നാൽ വന്യമൃഗങ്ങളുടെ നിരന്തര ശല്യം ഉണ്ടാകുന്ന മേഖലയിൽ കാലാവസ്ഥ കൂടി പ്രതികൂലമായതോടെ രാത്രി വൈകി തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ച തെരച്ചിൽ ഏഴുമണിക്കൂർ പിന്നിട്ടപ്പോൾ ആണ് ഡോഗ് സ്ക്വാഡ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
കുട്ടി താമസിച്ച ലയത്തില്‍ നിന്നും 300 മീറ്റര്‍ അകലെ കാട്ടിലാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ബാക്കി ആയത് തല മാത്രം. മൃതദേഹം പൊള്ളാച്ചി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോർട്ടത്തിനായി മാറ്റി.
ALSO READ: ഒളിപ്പിച്ച ഗർഭം, രഹസ്യ പ്രസവം, കൊലപാതകം: മെഴുവേലിയിൽ നടുക്കുന്ന സംഭവം; 21 വയസുകാരിയായ അമ്മ അറസ്റ്റിൽ
തെരച്ചിലിനായി പൊലീസിൻ്റെ കടാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചിരുന്നു. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തെരച്ചിലിന് എത്തി. അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
വന്യമൃഗ ശല്യം അതിരൂക്ഷമായ മേഖലയിൽ ഒരു ജീവൻ കൂടി നഷ്‌ടപ്പെട്ടതോടെ വലിയ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് മേഖലയിൽ നിന്നും ആവശ്യങ്ങൾ ഉയരുന്നത്.