ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാർ. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് സെൽഫിയെടുക്കുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം.
തമിഴ്‌നാട് മധുര സ്വദേശിയായ വിനോദ സഞ്ചാരിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തിയതായിരുന്നു. ഇവർ സെൽഫി എടുക്കുന്നതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒഴുക്കിൽപെട്ട ഇയാൾ സമീപത്തുണ്ടായിരുന്ന പാറ ഇടുക്കിൽ തങ്ങിനിന്നു. യുവാവ് തങ്ങി നിന്നതിന് താഴെ വലിയ രണ്ട് കയങ്ങളാണ് ഉള്ളത്. കൂടെ ഉണ്ടായിരുന്നവർ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിൻ്റെ ശരീരത്തിൽ കുരുക്ക് ഇട്ട് കെട്ടി വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്.
ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ ഇവിടെ മരിച്ചു. നിരവധി അപകടം നടക്കുന്ന മേഖലയാണ് തൂവൽ വെള്ളച്ചാട്ടമെന്ന് നാട്ടുകാർ പറയുന്നത്.
മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവൽ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. ഇവിടെയെത്തുന്നവർ വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശവും ഉള്ളതാണ്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്
Also Read: രണ്ട് കാറുകളിലെത്തിയ സംഘത്തിൻ്റെ ആക്രമണം; യുവാവിന് പരിക്ക്