ഇടുക്കി: ആമസോണ്‍ മഴക്കാടുകളിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും റഫ്ലേഷ്യ വിരിയും. നല്ല സുഗന്ധമുള്ള റഫ്ലേഷ്യ. ഇടുക്കിയിലെ രാമക്കൽമേട്ടിലാണ് അപൂർവമായ ലോകത്തിലെ ഏറ്റവും വലിയ പൂവ് വിരിഞ്ഞത്. കേള്‍ക്കുമ്പോള്‍ കുറച്ച് അതിശയോക്തിയൊക്കെ തോന്നുമെങ്കിലും സംഭവം ശരിയാണ്. ആമസോണ്‍ മഴക്കാടുകളിലും ഇന്തോനേഷ്യയിലെ സുമാത്രയിലെ മഴക്കാടുകളിലും മാത്രം കണ്ട് വരുന്ന റഫ്ലേഷ്യ, ടൈറ്റാൻ ആറം എന്നിവയെല്ലാം സ്വന്തമായി നിർമിച്ചിരിക്കുകയാണ് ഇടുക്കിക്കാരനായ പ്രിൻസ് ഭുവന ചന്ദ്രൻ.
പലതരത്തിലും കരകൗശലം കണ്ടിട്ടുണ്ടെങ്കിലും ഇടുക്കിക്കാരനായ പ്രിൻസ് ഭുവന ചന്ദ്രൻ്റെ ഐഡിയ അൽപം വെറൈറ്റിയാണ്. കണ്ടാൽ ഒറിജിനൽ മാറി നൽക്കുന്ന തരത്തിലാണ് പ്രിൻസ് ഇവയെല്ലാം നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പുവായ റഫ്ലേഷ്യ വിരിഞ്ഞാൽ ചീഞ്ഞ ശവത്തിൻ്റെ മണമാണെന്നാണ് പറയാറ്. അതിനാലാണത്രെ ഇതിനെ ശവപുഷ്‌പം എന്ന് വിളിക്കുന്നത്. എന്നാൽ ഇടുക്കിയിൽ വിരിഞ്ഞ പൂവിന് സുഗന്ധമാണുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുപോലെത്തന്നെയുള്ള ഒന്നാണ് ഇന്തോനേഷ്യയിലെ സുമാത്രയിലെ മഴക്കാടുകളിൽ കണ്ട് വരുന്ന ഭീമൻപുങ്കുലയായ ടൈറ്റാൻ ആറം. ഇതിന് ഏകദേശം മൂന്ന് മീറ്റർ വരെ ഉയരം വെക്കാൻ കഴിയും. അളവിലും തൂക്കത്തിലുമൊന്നും പ്രിൻസ് വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല. എല്ലാം കിറുകൃത്യം. ആകെയുള്ളൊരു മാറ്റം ദുർഗന്ധത്തിന് പകരം സുഗന്ധമാണെന്നുള്ളതാണ്.
സാധാരണയായി ഏഴ് മുതൽ പത്ത് വർഷത്തിലൊരിക്കൽ മാത്രമാണത്രെ ഇവ പുഷ്‌പിക്കാറുള്ളത്. മൂന്നു മീറ്ററോളം ഉയരത്തിൽ തകിടും തുണിയും ഉപയോഗിച്ചാണ് റഫ്ലേഷ്യ നിർമിച്ചിരിക്കുന്നത്. ഇതിന് ഒരു മീറ്ററിലധികം വ്യാസവും 10 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഇലകളോ തണ്ടുകളോ വേരുകളോ ഇല്ലാത്ത ഒരു പരാദസസ്യമാണിതെന്നും പ്രിൻസ് പറയുന്നു.
വ്യത്യസ്‌തങ്ങളായ നിരവധി നിർമിതികൾ പ്രിൻസ് ഇതിനുമുമ്പും നിർമിച്ചിട്ടുണ്ട്. ഇവയെല്ലാം വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വേറിട്ട കാഴ്‌ചയായി നിൽക്കുന്നുണ്ട്. പ്രിൻസ് ഭുവന ചന്ദ്രൻ്റെ സൃഷ്‌ടികള്‍ കാണാൻ നിരവധിപേരാണ് എത്തുന്നത്.
Also Read: ഓർമ്മ വേണം ഷിരൂർ ദുരന്തം! മലബാറിലെ കുന്നുകൾ ഇടിച്ചു നിരത്തുന്നു; ജലസ്രോതസുകൾ വറ്റും, ഉരുൾപൊട്ടൽ സാധ്യതയേറും