തൃശൂർ: ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്. മനസിൽ കയറിപ്പറ്റിയാൽ അങ്ങനങ്ങ് വിട്ട് കളയാൻ തോന്നില്ല. ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലും ഹെവി ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് തൃശൂർ ജില്ലാ കലക്‌ടർ അർജുൻ പാണ്ഡ്യൻ. കരിയർ ആഗ്രഹിച്ചതുപോലെ നേടിയെടുത്തു.
ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലുള്ള ഓരോന്നായി നേടിയെടുക്കുകയാണ് ജില്ലാ കലക്‌ടർ അർജുൻ പാണ്ഡ്യൻ. നാലുചക്ര വാഹനങ്ങൾ നേരത്തെ തന്നെ ഓടിക്കാറുണ്ടെങ്കിലും സമയക്കുറവ് മൂലം ഹെവി ലൈസൻസിന് പരിശ്രമിച്ചിരുന്നില്ല. എന്നാൽ ഉള്ളിലെ ആഗ്രഹം മറന്നതുമില്ല.
ചെറുപ്പം മുതൽ തന്നെ ഹെവി ലൈസൻസ് പ്രേമം അർജുൻ പാണ്ഡ്യന് ഉണ്ടായിരുന്നു. അങ്ങനെ ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ഡ്രൈവിങ് പരിശീലനം നേടി. മാനന്തവാടി സബ് കലക്‌ടറായിരിക്കെയാണ് അദ്ദേഹം ബസ് ഓടിച്ച് പരിശീലിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രിയദർശിനി ബസിലായിരുന്നു ആദ്യ പരിശീലനം. എതാനും ആഴ്‌ച്ചകൾക്ക് മുൻപ് അത്താണിയിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ ലൈസൻസ് ടെസ്റ്റിന് ഹാജരായത്. ഗ്രൗണ്ട് ടെസ്റ്റ് നടത്തിയ ശേഷം സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റൂട്ടിൽ പത്ത് കിലോമീറ്ററോളം ഓടിച്ചാണ് ഏറെ നാളത്തെ അഗ്രഹം സഫലമാക്കിയത്.
ടെസ്റ്റ് വിജയിച്ച വിവരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കലക്‌ടറെ അറിയിച്ചു. ഡ്രൈവിങ് മാത്രമല്ല ട്രക്കിങും യാത്രകളും സ്‌പോട്‌സുമെല്ലാം അർജുൻ പാണ്ഡ്യൻ്റെ ലിസ്റ്റിലുള്ളവയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയ സാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ ചുറുചുറുക്കോടെ കയറിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്.
നിരവധി ട്രക്കിങ്ങിൽ പങ്കെടുത്തിട്ടുള്ള കലക്‌ടർ എതാനും ആഴ്‌ചകൾക്ക് മുൻപ് നടന്ന മാരത്തണിൽ 42 കിലോ മീറ്റർ ഓടിയിരുന്നു. മസൂറിയിലെ ഐഎഎസ് പരിശീലന കാലത്ത് മികച്ച സ്‌പോർട്‌സ്‌മാനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എതാനും മാസം മുമ്പാണ് തൃശൂർ ജില്ലാ കലക്‌ടറായി അദ്ദേഹം ചുമതലയേറ്റത്.