കാസർകോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോഴിക്കോട്, തലശ്ശേരി സ്വദേശികളായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ല സെഷൻസ് കോടതി വിധി ഈ മാസം 16ന് പറയും.
കാസർകോട് സ്വദേശികളായ മഹ്ജീർ സനഫ് (36), മുഹമ്മദ് ഇർഷാദ് (35), മുഹമ്മദ് സഫ്‌വാൻ (35) എന്നിവരെയാണ് ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കൃത്യങ്ങൾ ആരോപിച്ച് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. 47 സാക്ഷികളും 97 രേഖകളും കോടതിയിൽ ഹാജരാക്കി.
പതിനൊന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ നഫീർ(24), കോഴിക്കോട് സ്വദേശിയായ ഫഹീം(25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും വിദേശത്ത് നിന്ന് സ്വർണം കടത്തുന്നതിനുള്ള കാരിയർമാരായി ജോലി ചെയ്തിരുന്നു. എന്നാൽ സ്വർണം നിർദേശിക്കപ്പെട്ടയാൾക്ക് എത്തിക്കുന്നതിനു പകരം മറ്റൊരാൾക്ക് മറിച്ചു വിറ്റു എന്നാരോപിച്ചാണ് മംഗളൂരുവിലെ ഒരു ഫ്ലാറ്റിൽ വച്ച് പ്രതികൾ ഇരുവരെയും കൊലപ്പെടുത്തിയത്. നഫീറും ഫഹീമും ദുബൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം രണ്ട് കിലോ സ്വർണം കടത്തിയതായും ഉദ്ദേശിച്ച കക്ഷിക്ക് കൈമാറുന്നതിനു പകരം അത് മറിച്ചു വിറ്റ് ഏകദേശം 73 ലക്ഷം രൂപ സമ്പാദിച്ചുവെന്നും ആരോപിച്ചാണ് കൊലപാതകം. കർണാടയിൽ നിന്നും കേരളത്തിലേക്ക് പ്രതികൾ മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി കടത്തിയത് കാറിൽ ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2014 ജൂൺ 15ന് മംഗളൂരു അട്ടാവാറിലെ ഉമാമഹേശ്വര ക്ഷേത്രത്തിന് പിന്നിലുള്ള ഒരു വീട് സനഫ്, ഇർഷാദ്, സഫ്‌വാൻ എന്നിവർ വാടകയ്‌ക്കെടുക്കുകയും സൗഹൃദത്തിൻ്റെ മറവിൽ നഫീറിനെയും ഫഹീമിനെയും ഈ വീട്ടിലേക്ക് കൊണ്ടു വന്ന് ജൂലൈ ഒന്നിന് കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ കാറിൻ്റെ ഡിക്കിയിൽ വച്ച് കാസർകോട് ബേഡഡുക്ക കുണ്ടംകുഴി മരുതടുക്കം ശങ്കരംകാടി എന്ന സ്ഥലത്ത് പ്രതിയായ സഫ്‌വാൻ്റെ പേരിലുള്ള 10 സെൻ്റ് ഭൂമിയിൽ എത്തിച്ച് കുഴിച്ചു മൂടുകയുമായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തി. തുടർന്ന് മംഗളൂരുവിലെ ഫ്ലാറ്റിലും രക്തക്കറ കണ്ടു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ മൃതദേഹം കുണ്ടംകുഴിയിൽ കുഴിച്ചിട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മംഗളൂരു പൊലീസ് രഹസ്യമായി കുണ്ടംകുഴിയിലെത്തി താമസിച്ച് സ്ഥലം നിരീക്ഷിച്ചിരുന്നു. അസമയത്ത് പ്രതികളെ ഇവിടെ കണ്ടതായുള്ള അയൽവാസികളുടെ സ്ഥിരീകരണവും മൊഴികളും കോടതിയിൽ നിർണായകമായി.