തിരുവനന്തപുരം: പോക്സോ കേസ് പ്രതിയും പ്രമുഖ വ്‌ളോഗറുമായ മുകേഷ് എം നായർ ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. ഉത്തരവാദിത്തത്തിൽ നിന്ന് ഹെഡ്‌മാസ്റ്റര്‍ക്ക് മാറിനിൽക്കാനാവില്ലെന്ന് തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ ഗോപിനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എ ഷാനവാസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജരോട് ആവശ്യപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പ്രവേശനോത്സവത്തിൻ്റെ സഹസംഘാടകരായ ജെസിഐ സംഭവത്തിൽ മാപ്പപേക്ഷിച്ച് സ്കൂൾ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പോക്സോ കേസ് പ്രതിയെ ക്ഷണിച്ചതിനെക്കുറിച്ച് അറിയില്ലെന്നും ജെസിഐ ഭാരവാഹികളാണ് മുകേഷിനെ സ്കൂളിലേക്ക് ക്ഷണിച്ചതെന്നും സ്കൂൾ ഹെഡ്‌മാസ്റ്റര്‍ പ്രദീപ് ഇന്നലെ പ്രതികരിച്ചിരുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മുന്നിലും ഇതേ മൊഴിയാണ് ഹെഡ്‌മാസ്റ്റര്‍ നൽകിയത്. ഹെഡ്‌മാസ്റ്റര്‍ പ്രദീപ് ഇന്നലെ വിദ്യാഭ്യാസ മന്ത്രിയെയും കണ്ടിരുന്നു.
തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലെ ഫോർട്ട് ഹൈസ്കൂളിൽ ജൂൺ 2ന് നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായർ മുഖ്യ അതിഥിയായി എത്തിയത്. ചടങ്ങിൽ പങ്കെടുത്ത ശേഷം എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മധുര വിതരണം നടത്തി. കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്താണ് മുകേഷ് മടങ്ങിയത്. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളായിരുന്നു പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടക. മുൻ അസിസ്റ്റൻ്റ് കമ്മിഷണർ സുനിൽ ഒ എ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിപാടിയുടെ പോസ്റ്റർ മുകേഷ് തന്നെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. മദ്യപാനം പ്രോത്സാഹിപ്പിച്ച കേസിൽ മുൻപ് എക്സൈസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കോവളത്തെ സ്വകാര്യ റിസോർട്ടിൽ പെൺകുട്ടിയുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അർധനഗ്ന വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നുമാണ് പോക്‌സോ കേസ്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മുകേഷിനെ പ്രതിയാക്കി കോവളം പൊലീസ് കേസെടുത്തിരുന്നു.
More Read: പതിനാറുകാരിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു; വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്