ആലപ്പുഴ : ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളിലെ മാലയിൽ നിന്നും കണ്ണികൾ അടർത്തിയെടുത്ത് വിൽപ്പന നടത്തിയ ശാന്തിക്കാരൻ അറസ്റ്റിൽ. എഴുപുന്ന തെക്ക് വളപ്പനാടി നികർത്തിൽ വിഷ്ണുവിനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എഴുപുന്ന കണ്ണന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്‌ണു.
ഈ വർഷം വിഷുദിനത്തിലും ഇടവമാസം ഒന്നാം തീയതിയും മാത്രമാണ് വിഷ്ണു ക്ഷേത്രത്തിൽ ജോലിക്കായി എത്തിയിരുന്നത്. ഈ രണ്ടു ദിവസങ്ങളിലും രണ്ടു വിഗ്രഹങ്ങളിലായി ചാർത്തിയിരുന്ന മാലയിൽ നിന്നും കണ്ണികൾ അടർത്തി മാറ്റി ബാക്കിയുള്ള ഭാഗം നൂലുകൊണ്ട് കെട്ടി യോജിപ്പിച്ച് വിഗ്രഹത്തിൽ തന്നെ ചാർത്തുകയായിരുന്നു.

തിരുവാഭരണങ്ങൾ തിരികെ കൊടുക്കുന്ന സമയം സംശയം തോന്നിയ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതിപ്പെടുകയും തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. മോഷണം നടത്തിയ സ്വർണം പ്രതി എരമല്ലൂരിലെയും ചാവടിയിലെയും ജ്വല്ലറികളിൽ വിൽപന നടത്തിയത് പൊലീസ് കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2014 ൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ മാല പൊട്ടിക്കൽ കേസിലെ പ്രതി കൂടിയാണ് വിഷ്ണു.
Also Read: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകന്‍ ലഹരിക്ക് അടിമയെന്ന് സംശയം