തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യത്തിന് വിരാമമിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള(94) വിടവാങ്ങുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് പാര്‍ട്ടിയെയും കേരള രാഷ്ട്രീയത്തെയും പിടിച്ചു കുലുക്കിയ ഗ്രൂപ്പു തര്‍ക്കങ്ങളുടെ സുപ്രധാന പരിഹാര ഫോര്‍മുലയാണ്.
1998 ല്‍ വയലാര്‍ രവി കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉരുണ്ടു കൂടിയ പ്രതിസന്ധിക്കിടെ കെപിസിസി പ്രസിഡന്‍റായി ഹൈക്കമാന്‍ഡ് നിയോഗിച്ചത് തെന്നലയെയായിരുന്നു. ആ നിയോഗമേറ്റെടുത്ത തെന്നല ബാലകൃഷ്ണപിള്ള 2001 ല്‍ നൂറ് സീറ്റ് നേടി യുഡിഎഫിനെ അധികാരത്തിലെത്തിച്ചു.
2004ല്‍ കരുണാകരന്‍ - ആന്‍റണി ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ച കാലത്തും ഗ്രൂപ്പുകള്‍ക്കതീതന്‍ എന്ന നിലയിലാണ് അന്നും തെന്നലയെ കെപിസിസി അധ്യക്ഷനാക്കിയത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ കാറും കോളും നിറഞ്ഞ അന്തരീക്ഷങ്ങളില്‍ അഭ്യന്തര കലഹങ്ങള്‍ ശാന്തമാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എല്ലാ കാലത്തും നിയോഗിച്ചിരുന്നത് തെന്നല ബാലകൃഷ്ണപിള്ളയെയാണ്.

ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ ആടിയുലഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിരവധി തവണ താങ്ങായെങ്കിലും പലപ്പോഴും അവഗണനകളുടെ കയ്പുനീര് കുടിക്കേണ്ടി വന്ന നേതാവ് കൂടിയാണ് തെന്നല ബാലകൃഷ്ണ പിള്ള. കെപിസിസി പ്രസിഡന്‍റായി യുഡിഎഫിനെ 100 സീറ്റ് നേടി അധികാരത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെ മുരളീധരനെ കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുത്തപ്പോഴും പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പുകള്‍ തെന്നല പുറത്തു പ്രകടിപ്പിച്ചില്ല. പിന്നീട് മന്ത്രിസ്ഥാനത്തേക്ക് തെന്നലയെ പരിഗണിച്ചെങ്കിലും ഗ്രൂപ്പ് നാടകങ്ങള്‍ വിലങ്ങു തടിയായി. ഇതിന് ശേഷമായിരുന്നു മൂന്നാമതും രാജ്യസഭാ പ്രതിനിധിയായി തെന്നലയെ പാര്‍ട്ടി പരിഗണിക്കുന്നത്.

വര്‍ഷങ്ങളായി തിരുവനന്തപുരം നെട്ടയം മുക്കോലയായിരുന്നു സ്ഥിര താമസം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഇന്നലെയാണ് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ആദ്യം കരകുളത്തെ വീട്ടിലെത്തിക്കും. തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി, എം എം ഹസന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് രണ്ടു ദിവസത്തെ (ജൂണ്‍ 6,7) ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കെപിസിസിസി ആസ്ഥാനത്ത് ജൂണ്‍ 7 ശനിയാഴ്ച രാവിലെ 10.30ന് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ക്കായി ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.
Also Read: തെന്നല ബാലകൃഷ്‌ണപിള്ള അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിൻ്റെ ജനകീയ സൗമ്യമുഖം