തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും കോണ്‍ഗ്രസിൻ്റെ സൗമ്യമുഖമായിരുന്നു തെന്നല. നിയമസഭാംഗം, രാജ്യസഭാംഗം, കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് പതിനൊന്നിനാണ് തെന്നല ജനിച്ചത്.
കോൺഗ്രസ് പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡിസിസിയുടെ പ്രസിഡൻറായി. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടിയിരുന്നു. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെപിസിസിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തല പ്രസിഡൻ്റാകുന്ന 2005 വരെ ആ സ്ഥാനത്ത് തുടർന്നു. 1991-1992, 1992-1998, 2003-2009 കാലയളില്‍ രാജ്യസഭാംഗമായും തെന്നല പ്രവര്‍ത്തിച്ചു.