തിരുവനന്തപുരം: കേരള തീര പ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസത്തേക്കാണ് നിരോധനം. പരമ്പരാഗത മോട്ടോര്‍ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യ ബന്ധന ബോട്ടുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ട്രോളറുകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രോളിങ് നിരോധന കാലത്ത് മത്സ്യ ലഭ്യത കുറയുമെന്നതിനാല്‍ വില വര്‍ധനയ്ക്ക് സാധ്യതയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രോളിങ് നിരോധനം എന്തിന്?
പ്രജനന കാലത്തെ നാശം തടഞ്ഞ് മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് 1988 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ട്രോളിങ് നിരോധനം നടപ്പാക്കിയത്. ആദ്യമായി നടപ്പാക്കിയത് കേരളത്തിലെ കൊല്ലം തീരത്തായിരുന്നു. ഇക്കാലത്ത് വന്‍കിട ട്രോളറുകള്‍ക്ക് മത്സ്യ ബന്ധനത്തിന് നിരോധനമാണെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യ ബന്ധനം നടത്തുന്നതിന് തടസമില്ല. അയല, മത്തി, തുടങ്ങിയ മത്സ്യ ഇനങ്ങളുടെ പ്രജനനം മണ്‍സൂണ്‍കാലത്താണ്. ഇക്കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരത്തോട് ചേര്‍ന്ന് കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വന്‍ തോതില്‍ മത്സ്യ ബന്ധനം നടത്തുന്നതു കാരണം മുട്ടയിടാറായ മത്സ്യങ്ങള്‍ വലയില്‍ കുടുങ്ങി അടുത്ത തലമുറ മത്സ്യക്കുഞ്ഞുങ്ങള്‍ ജനിക്കാത്ത സാഹചര്യമുണ്ടാകും. ഇതാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനുള്ള കാരണം. നിരോധന കാലത്ത് തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരവരെ മത്സ്യ ബന്ധനം അനുവദിക്കാറില്ല. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇന്‍ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.