കോഴിക്കോട് : കനത്ത മഴയിൽ ഓടയിൽ വീണ് കാണാതായ കോവൂർ സ്വദേശി കളത്തിൽ പൊയിൽ ശശി (58)യുടെ മൃതദേഹം കണ്ടെത്തി. ഉമ്മളത്തൂർ അങ്ങാടിക്ക് സമീപം ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഫയർ ഫോഴ്‌സും നാട്ടുകാരുടെയും ചേർന്ന് നടത്തിയ തെരച്ചിലിൽ അപകടം സംഭവിച്ച എംഎൽഎ റോഡിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിക്കാണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് കോവൂർ എംഎൽഎ റോഡ് വഴി വരികയായിരുന്ന ശശിയും സുഹൃത്തും മണലേരി താഴത്ത് എത്തിയപ്പോൾ മഴ നനയാതിരിക്കാൻ തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് കയറി. ഇതിനിടെ ശശി കാൽവഴുതി അബദ്ധത്തിൽ തൊട്ട് സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഴം കുറവായിരുന്നെങ്കിലും ശക്തമായ മഴയിൽ ഓടയിലെ വെള്ളത്തിന് വലിയ കുത്തൊഴുക്ക് ഉണ്ടായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചു. എന്നാൽ അപകടം സംഭവിച്ച സമയത്ത് ഫയർ യൂണിറ്റുകൾ എല്ലാം കുറ്റിക്കാട്ടൂരിൽ ആക്രിക്കടക്ക് തീപിടിച്ച സ്ഥലത്തായിരുന്നു.
പിന്നീട് സ്ഥലത്ത് എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഓടയിൽ തെരച്ചിൽ നടത്തി. എന്നാൽ ഏറെ വൈകിയും ശശിയെ കണ്ടെത്താൻ ആയില്ല. തുടർന്ന് രക്ഷാപ്രവർത്തനം ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.