തിരുവനന്തപുരം: ജൂണ്‍ 23 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്‌റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്‌റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 24 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 30 കൗണ്ടിങ് അസിസ്‌റ്റൻ്റുമാര്‍, 7 അസിസ്‌റ്റൻ്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനവും നല്‍കി. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിനുശേഷം നറുക്കിട്ടെടുത്ത അഞ്ച് പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിങ് ബൂത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വോട്ടെണ്ണല്‍ നടപടികള്‍ സമ്പൂര്‍ണമായി സിസിടിവി നിരീക്ഷണത്തില്‍ ആയിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പൊലീസിൻ്റെയും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാര്‍ഥികള്‍ക്കും ഏജൻ്റുമാര്‍ക്കും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അന്തിമഘട്ട ഒരുക്കങ്ങള്‍, ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, റിട്ടേണിങ് ഓഫീസര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
വോട്ടെണ്ണല്‍ പൂര്‍ണമായും ഇലക്ഷന്‍ കമമീഷന്‍ നിയോഗിച്ച നിരീക്ഷകൻ്റെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിലുമാണ് നടക്കുക. വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി മൈക്രോ ഒബ്‌സര്‍വര്‍മാരെയും എആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം പ്രസ്‌തുത ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളുമായി താരതമ്യം ചെയ്‌ത് ആയതിൻ്റെ കൃത്യത ഉറപ്പു വരുത്തുന്നതാണ്. നിലവില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമില്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിൻ്റെയും സംസ്ഥാന ആംഡ് പൊലീസിൻ്റെയും മുഴുവന്‍ സമയ സുരക്ഷയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭ്യമാകും. ഉച്ചയോടെ അന്തിമ ഫലം പുറത്തു വരും.