മലപ്പുറം: പത്തുവയസുള്ള ഒരു കൊച്ചുകുട്ടിയുടെ കമ്പ്യൂട്ടർ വൈദഗ്‌ധ്യം കണ്ടാൽ ആരുമൊന്ന് അത്ഭുതപ്പെട്ടുപോകും. നിലമ്പൂർ പറമ്പ ജിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അദിത്ത് ആർ ആണ് ഐ ടി ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ കൈവരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ അസാമാന്യമായ കഴിവുകളാണ് ഈ കൊച്ചുമിടുക്കന്.
കൊറോണ കാലത്ത് ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ മുത്തശ്ശി വാങ്ങി നൽകിയ ഒരു പഴയ ലാപ്ടോപ്പിൽ നിന്നാണ് അദിത്തിന്‍റെ കമ്പ്യൂട്ടർ യാത്ര ആരംഭിക്കുന്നത്. ഗെയിം ഡെവലപ്പർ, കമ്പ്യൂട്ടർ എഞ്ചിനീയർ എന്നീ സ്വപ്‌നങ്ങളുമായി തുടങ്ങിയ യാത്ര ഇന്ന് എത്തിനിൽക്കുന്നത് ഗൂഗിൾ പോലൊരു വലിയ കമ്പനി തുടങ്ങുക എന്ന സ്വപ്‌നത്തിലാണ്.
ഈ കൊച്ചുമിടുക്കൻ ഇതിനോടകം രണ്ട് ഗെയിമുകൾ നിർമിച്ചു കഴിഞ്ഞു. ഒരു 3D ഗെയിമും ഒരു 2D ഗെയിമും. 3D ഗെയിം നിർമിക്കാൻ എടുത്തത് വെറും 2 ദിവസം, 2D ഗെയിമിനാകട്ടെ അര ദിവസവും. ഗെയിം കളിച്ചപ്പോൾ കണ്ട ലോഗോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങളും യൂട്യൂബിൽ യാദൃച്ഛികമായി ഗെയിം ഉണ്ടാക്കുന്ന വീഡിയോ കണ്ടതും ഗെയിം ഡെവലപ്പിങിലേക്ക് ശ്രദ്ധതിരിച്ചു.


രണ്ട് മാസത്തിലേറെ സമയമെടുത്താണ് സ്‌കൂൾ വെബ്സൈറ്റ് നിർമിച്ചത്. അതിൻ്റെ മോഡിഫിക്കേഷൻ പ്രോസസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. വെബ്സൈറ്റുകളിലും യൂട്യൂബിലുമുള്ള ഫ്രീ കോഴ്‌സുകൾ അറ്റൻഡ് ചെയ്‌താണ് ആദിത്യൻ ഇതെല്ലാം പഠിച്ചെടുക്കുന്നത്. ഹാക്കിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ എത്തിക്കൽ ഹാക്കിങ് മാത്രമേ ചെയ്യൂ എന്നായിരുന്നു അദിത്തിന്‍റെ മറുപടി.


Adith2025 എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും അദിത്ത് തുടങ്ങിയിട്ടുണ്ട്. കോഡിങ് പഠിപ്പിക്കൽ, ഗെയിം നിർമാണം, ഐ ടി സാധ്യതകൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷയൊക്കെ കഴിഞ്ഞ് അവധിക്കാലത്ത് കൂടുതൽ സജീവമാകാനുള്ള തീരുമാനത്തിലാണ് അദിത്ത്. ഐടി ലോകത്തെക്കുറിച്ച് മികച്ച ധാരണകൾ ഇതിനോടകം അദിത്ത് സ്വായത്തമാക്കിയിട്ടുണ്ട്.