കോഴിക്കോട്: കൂട്ടമായുള്ള ആക്രമണത്തിന് പൊതുവേ നാട്ടിലുള്ള ചൊല്ലാണ് കടന്നൽകൂട് ഇളകി വരുന്നത് പോലെ എന്ന്. നമ്മുടെ ചുറ്റില്‍ എവിടെയും കടന്നലുകൾ ഉണ്ടാകും, അത് വലിയ സംഘമോ ചെറുകൂട്ടങ്ങളോ ആകാം. സ്വസ്ഥമായി കൂട്ടിൽ തന്നെ കഴിയുന്നവയാണ് കടന്നലുകള്‍. തേനീച്ചകളെ പോലെ തേൻ സംഭരിക്കുന്ന വിഭാഗത്തില്‍ പെടുന്ന കടന്നലുകളുമുണ്ട്. കടന്നലുകള്‍ ശേഖരിക്കുന്ന തേൻ അവര്‍ നിർമ്മിക്കുന്ന മെഴുക് അറകളിൽ നിറക്കും. അറിഞ്ഞോ അറിയാതയോ കടന്നലുകളുടെ കൂടുകളില്‍ തൊട്ടാൽ പക്ഷികളായാലും മനുഷ്യരായാലും അവർ പിന്തുടർന്ന് ആക്രമിക്കും.
മരണം സംഭവിക്കുന്നത് എങ്ങനെ?
കുത്തേറ്റതു മൂലമുണ്ടാകുന്ന അലർജിയുടെ പ്രതിപ്രവർത്തനമാണ് മനുഷ്യരിലെ മരണകാരണമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം അസി. പ്രൊഫസര്‍ ആദർശ് പറയുന്നത്. കടന്നലുകൾ കുത്തിയാൽ ശരീരത്തിലെത്തുന്ന വിഷവസ്തു രക്തത്തില്‍ സ്വാഭാവിക പ്രതിരോധമുണ്ടാക്കും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവയ്ക്കു കാരണമാവുകയും കടന്നലുകളുടെ കുത്തിൻ്റെ ആധിക്യത്തിന് അനുസരിച്ച് മരണം വരെ സംഭവിക്കുകയും ചെയ്യാം. ശ്വാസകോശം, ഹൃദയം, കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കാനും കടന്നലുകളുടെ കൂട്ടായ ആക്രമണത്തിന് കഴിയും. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ചെറിയ തോതിലുള്ള കടന്നല്‍ ആക്രമണം ഗുരുതരമാകാറില്ല. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിന്റെ ചെറിയ ആക്രമണം പോലും മരണകാരണമായേക്കാം. കൂടുതൽ അളവിൽ കുത്തേൽക്കുന്നതും സ്ഥിതി ഗുരുതരമാക്കും.

കടന്നല്‍ ആക്രമണമുണ്ടായാല്‍ ചെയ്യേണ്ടത് എന്ത്?
കടന്നലിന്റെ ആക്രമണുണ്ടായാല്‍ ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് സാധിക്കുമെങ്കില്‍ ഐസ് വയ്ക്കണം. ശേഷം എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലരിൽ കടന്നലിന്റെ കുത്തേറ്റു 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്-ഡോ: ആദർശ് പറയുന്നു. അതേസമയം, കടന്നലിന്റെ കുത്തേറ്റ ഭാഗത്ത് പച്ച മഞ്ഞൾ, ചെറിയ ഉള്ളി എന്നിവയുടെ പ്രയോഗം നടത്താറുണ്ട്. ശരീരത്തിൽ തറഞ്ഞ കടന്നല്‍ മുള്ള് ഇവ ഉപയോഗിച്ച് ഉരസി പുറന്തള്ളിയാൽ അലർജി കുറയും എന്നാണ് കർഷകനായ മാണി പറയുന്നത്. ഒപ്പം മുറിവിൽ മഞ്ഞൾ, ചെറിയ ഉള്ളി നീര് എത്തിയാൽ മരുന്നാകുമെന്നും പറയുന്നു. എന്നാൽ കടന്നല്‍ ആക്രമണം രൂക്ഷമാണെങ്കില്‍ ഇത് പ്രായോഗികമാകണമെന്നില്ല. ഒപ്പം വൈദ്യ ശാസ്ത്രം ഈ രീതിയെ അംഗീകരിച്ചിട്ടുമില്ല.

പത്തു കടന്നലുകള്‍ ഒരു പാമ്പിന് തുല്യം
പാമ്പിന്‍ വിഷത്തിന്റെ പത്തിലൊന്നു വിഷം ഓരോ കടന്നലിലും ഉണ്ടെന്നാണ് റിപ്പോർട്ട്. പത്തു കടന്നല്‍ ചേര്‍ന്നാല്‍ പാമ്പു കടിച്ചതിനു തുല്യമായും. മര്‍മത്തിലാണു കടന്നല്‍ ആക്രമിക്കുക. രക്തം, നാഡീവ്യവസ്ഥ, ശ്വാസകോശം എന്നിവിടങ്ങളെയും ബാധിക്കും. അതിനേക്കാളുപരി കുത്തേറ്റ ഭാഗത്തു പ്രതിരോധം ശക്തമാക്കുന്നതിനു ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളും വിപരീതഫലം സൃഷ്ടിക്കും. കടുത്ത അലര്‍ജിയാണു കടന്നല്‍ കുത്ത് നല്‍കുന്നത്. ഇതിനെതിരെ വ്യാപകമായി ആന്റി ഹിസ്റ്റമിനുകള്‍ പുറപ്പെടുവിക്കുന്നതു മൂലമാണു ദേഹം മുഴുവനും നീര് വരുന്നത്. ശരീരത്തിലെ മര്‍മ ഭാഗങ്ങളില്‍ വിഷാംശം ഏറ്റാല്‍ പ്രഹരശേഷി പതിന്മടങ്ങാകും. മര്‍മം നോക്കി കുത്താനും കടന്നലുകള്‍ക്കറിയാം. പ്രത്യേകിച്ചും അരയ്ക്കു മുകളിലായിരിക്കും ആക്രമണം. നെറ്റിയുടെ മധ്യം, ഹൃദയഭാഗം, ചെന്നി, കഴുത്തിന്റെ വശങ്ങള്‍, തൊണ്ടയുടെ അടുത്ത് എന്നിവിടങ്ങളില്‍ കുത്തേറ്റാല്‍ വിഷം പെട്ടെന്നു പടരും.



ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ചില മാര്‍ഗങ്ങള്‍ മാത്രം
കടന്നൽ കൂട്ടത്തോടെ ഇളകിയാൽ ഓടി വെള്ളത്തില്‍ മുങ്ങുകയോ വളരെവേഗം വീട്ടിൽ കയറി കതകടക്കുകയോ ആണ് ആക്രമണത്തില്‍ നിന്ന് രക്ഷപെടാനുള്ള പ്രധാന മാര്‍ഗങ്ങള്‍. റോഡരുകില്‍ ആണെങ്കില്‍ വാഹനങ്ങളിൽ കയറി ചില്ലു പൊക്കി ഡോർ അടച്ചും ആക്രമണം തടയാം. കൂടിനു നേരേ ആക്രമണം നടത്തിയവരെ പിന്തുടർന്ന് ഏറെ നേരം കാത്തു നിന്ന് തിരികെ ആക്രമിക്കുന്ന ചില കൂട്ടാം കടന്നലുകളുമുണ്ട്.
മരണനിരക്ക് കുത്തനെ കൂടുന്നു, ജീവഹാനിക്ക് നഷ്ടപരിഹാരത്തിനും അര്‍ഹത
മനുഷ്യർക്ക് കടന്നൽ കുത്തേൽക്കുന്ന സംഭവങ്ങൾ കാലങ്ങൾക്ക് മുമ്പേ കേൾക്കുന്നതാണെങ്കിലും ആക്രമണം മൂലമുള്ള മരണ നിരക്ക് ഈയിടെ കൂടിവരികയാണ്. എന്നാൽ മരണനിരക്ക് സംബന്ധിച്ച കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. കുത്തേറ്റ വ്യക്തിയെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്. മരണം സംഭവിച്ചാൽ കാരണം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. ഇതുമായി അപേക്ഷിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല്‍ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത് കേരളമാണ്. 2022 ഒക്ടോബറിലാണ് മന്ത്രിസഭ യോഗം ഇതിന് അംഗീകാരം നൽകിയത്. 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന ചട്ടത്തിൽ കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ നഷ്ടപരിഹാരത്തിന് ഭൂരിഭാഗം പേരും അപക്ഷിക്കാറില്ല എന്നതാണ് നിജസ്ഥിതി.