തിരുവനന്തപുരം: വേനലിൻ്റെ തീഷ്‌ണത വര്‍ധിക്കുന്തോറും ചങ്കിടിപ്പേറുന്നത് ക്ഷീര കര്‍ഷകര്‍ക്കാണ്. കന്നുകാലികളുടെ മേച്ചില്‍പ്പുറങ്ങള്‍ വേനലില്‍ ഇല്ലാതാകുന്നതു മാത്രമല്ല, വരള്‍ച്ച മൂലം പച്ചപ്പുല്ലിൻ്റെ ലഭ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇതു മൂലം പാലുല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടാകുകയും വരുമാന നഷ്ടം നേരിടേണ്ടിയും വരുന്നു. പാലിൻ്റെ അളവ് മാത്രമല്ല, കൊഴുപ്പും എന്‍എസ്‌എഫും കുറയും. വേനല്‍ക്കാലത്ത് പശുക്കള്‍ കൂടുതലായി മതി ലക്ഷണങ്ങള്‍ പ്രകടമാക്കുക സാധാരണയാണ്. എന്നാല്‍ കൃത്രിമ ബീജധാരണം വിജയിക്കണമെങ്കില്‍ ശരീരോഷ്‌മാവ് സാധാരണ നിലയിലായിരിക്കണം. അല്ലെങ്കില്‍ ശരീരോഷ്‌മാവ് താങ്ങാനാകാതെ ബീജം നശിച്ചു പോകുകയും കൃത്രിമ ബീജധാരണം പരാജയപ്പെടുകയും ചെയ്യും. അതിനാല്‍ ഈ വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് പ്രത്യേകിച്ചും കറവ മാടുകള്‍ക്ക് പ്രത്യേക പരിചരണം നല്‍കാന്‍ കര്‍ഷര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് തൃശൂര്‍ ജില്ലാ വെറ്റിനറി ഓഫീസര്‍ ഡോ. അജിത് ബാബു.
പശുക്കളുടെ ശ്രദ്ധ ഇങ്ങനെ
- തൊഴുത്തുകളില്‍ വായു സഞ്ചാരവും ഫാനും നിര്‍ബന്ധമാക്കുക. ചൂടുവായു പുറത്തേക്കു കളയാനായി എക്‌സോസ്‌റ്റ് ഫാനും ഉപയോഗിക്കാം
- തൊഴുത്തിൻ്റെ മേല്‍ക്കൂരയ്‌ക്കു മുകളില്‍ പച്ചക്കറി പന്തല്‍ സജ്ജമാക്കാം. അല്ലെങ്കില്‍ റൂഫില്‍ തുള്ളി തുള്ളിയായി വെള്ളം നനയ്‌ക്കുകയോ നനച്ച ചാക്കിടുകയോ ചെയ്യാം.
- ടാര്‍പോളിനു കീഴെ പശുക്കളെ വേനല്‍ക്കാലത്തു കെട്ടിയിടുന്നത് അപകടമാണ്.
- ഇടയ്‌ക്കിടെ പശുക്കളെ കുളിപ്പിക്കുന്നതിനെക്കാള്‍ ഉത്തമം തുണി നനച്ച് തുടയ്‌ക്കുകയോ മേല്‍ക്കൂരയ്‌ക്കു മുകളില്‍ വെള്ളം തുള്ളിതുള്ളിയായി നയ്‌ക്കുന്നതോ ആണ്.
- രാവിലെ 9 നും വൈകിട്ട് 5നും ഇടയില്‍ തുറസായ സ്ഥലത്ത് പൊള്ളുന്ന വെയിലില്‍ പശുക്കളെ കെട്ടിയിടരുത്.
- ശുദ്ധമായ പച്ചവെള്ളം എല്ലായ്‌പ്പോഴും ലഭ്യമാക്കണം.
- കാലിത്തീറ്റ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുക.
- ധാതു ലവണ മിശ്രിതം, അപ്പക്കാരം, ഉപ്പ്, പ്രോബയോട്ടിക്‌സ്, ഇലക്ട്രോലൈറ്റ്‌സ്, വിറ്റാമിന്‍ എ എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എരുമകളുടെ സംരക്ഷണം
എരുമകള്‍ക്ക് മുങ്ങിക്കിടക്കാനായി ടാങ്കുകള്‍ നിര്‍ബന്ധമാണ്. എരുമകള്‍ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ എപ്പോഴും തണുപ്പിച്ചു കൊടുക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം.
പന്നികള്‍ക്ക്
വിദേശ ഇനം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ്. എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും ഇടയ്‌ക്കിടെ നനച്ചു കൊടുക്കുന്നതും അവയെ ചൂടില്‍ നിന്നു സംരക്ഷിക്കും. പ്രോബയോട്ടിക്‌സ്, ധാതു ലവണ മിശ്രിതം ഇവയൊക്കെ പന്നികള്‍ക്കും ആവശ്യമാണ്.
Also Read: 'ഇത്തവണ വില്ലൻ ആയുർവേദ മരുന്ന്'; ബ്രത്തലൈസറില്‍ കുടുങ്ങി കെഎസ്ആർടിസി ജീവനക്കാരൻ