കേരളത്തിലെ കാലാവസ്ഥയില്‍ നിലവില്‍ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ മഴയും ചൂടും ഒരുമിച്ചെത്തിയതോടെ ഒരേസമയം താപനില മുന്നറിയിപ്പും മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കേണ്ട സ്ഥിതി... ചില ദിവസങ്ങളില്‍ കനത്ത മഴയും അല്ലെങ്കില്‍ കനത്ത ചൂടും അനുഭവപ്പെടുന്നു. താളം തെറ്റിയുള്ള ഈ കാലാവസ്ഥ വലിയ വെല്ലുവിളികളാണ് പ്രകൃതിക്കും മനുഷ്യരാശിക്കും ഉയര്‍ത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഉഷ്‌ണം തരംഗം മുതല്‍ വെള്ളപ്പൊക്കത്തിലേക്ക് വരെ നയിച്ചേക്കാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ഥത്തില്‍ ഇന്ത്യയിലാകെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കനത്ത വേനല്‍ മഴയും ഉയര്‍ന്ന താപനിലയും ഒരേസമയം അനുഭവപ്പെടുന്നു.
കേരളത്തിലെ കാലാവസ്ഥ താളം തെറ്റിയെന്ന് പഠനം
കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഭാവിയിലും കേരളം നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികളാണെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അടുത്ത ദശകങ്ങളിൽ അന്തരീക്ഷ താപനില 1°C വർധിക്കുമെന്നും വാർഷിക മഴയിൽ 10% വർധനവുണ്ടാകുമെന്നും പഠനം പറയുന്നു. യുഎസിലെ മിസിസിപ്പി സർവകലാശാലയിലെ ജിയോളജി ആൻഡ് ജിയോളജിക്കൽ എഞ്ചിനീയറിങ് വകുപ്പിലെ പോസ്റ്റ്ഡോക്‌ടറൽ റിസർച്ച് അസോസിയേറ്റായ ജോബിൻ തോമസിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ.

2025 നും 2100 നും ഇടയിൽ കേരളത്തിന്‍റെ ജലസ്രോതസുകളിൽ ഉണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം പരിശോധിക്കുന്നതാണ് പഠനം. നിലവിൽ 28°C നും 32°C നും ഇടയിലാണ് കേരളത്തിലെ ശരാശരി ഉയര്‍ന്ന താപനില. ഇത് ഏകദേശം 1.7°C ഉയരാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 18°C നും 25 °C നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ താപനില 1.9°C വരെ വർധിച്ചേക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഴയുടെ അളവ് കുത്തനെ കൂടും...
ഇപ്പോൾ 1000mm മുതൽ 3000mm വരെ വ്യത്യാസപ്പെടുന്ന വാർഷിക മഴ 400mm വരെ വർധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൺസൂൺ കാലത്ത് മഴ ശക്തിപ്പെടാനും വേനൽക്കാലം കൂടുതൽ കടുത്തതാകാനും വരൾച്ചയുണ്ടാകാനുമുള്ള സാധ്യതയാണ് പഠനത്തില്‍ എടുത്തു പറയുന്നത്.
കാലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ കൃഷിയെയും ഊർജ്ജ - ജലവൈദ്യുത പദ്ധതികൾ തുടങ്ങിയ പ്രധാന മേഖലകളെയും സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. വെല്ലുവിളികളെ നേരിടാൻ സംസ്ഥാനത്ത് കാര്യക്ഷമമായ ജലവിഭവ മാനേജ്മെന്‍റ് തന്ത്രം നടപ്പിലാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

'തെക്കൻ പശ്ചിമഘട്ടത്തിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ തീരദേശ സമതലങ്ങളിലും ഉണ്ടാകുന്ന ആഗോള താപനം ജലചക്രം തീവ്രമാക്കും, ഇത് മഴ, താപനില പാറ്റേണുകൾ, ജലവൈദ്യുത പ്രവാഹങ്ങൾ എന്നിവയിൽ മാറ്റം വരുത്തും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ, ജലവൈദ്യുത ദുരന്തങ്ങളെ നേരിടാനുള്ള മുന്‍കരുതലുകള്‍ എന്നിവ ആവിഷ്‌കരിക്കേണ്ടതുണ്ട്'- ഗവേഷകർ പറയുന്നു.
എന്താണ് ജലചക്രം?
ഭൂമിയുടെ ഉപരിതലത്തിൽ, മുകളിലും താഴെയുമായി ജലത്തിന്‍റെ തുടർച്ചയായ ചലനം സമുദ്രങ്ങൾ, തടാകങ്ങൾ, നദികൾ, മണ്ണ്, അന്തരീക്ഷം, ജീവജാലങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾക്കും ജലസംഭരണികൾക്കും ഇടയിൽ വെള്ളം എങ്ങനെ സംഭരിക്കപ്പെടുന്നു, ഒഴുകുന്നു എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ജലചക്രം. ഇത് തീവ്രമായാല്‍ പരിസ്ഥിതി ആഘാതങ്ങളിലേക്ക് നയിക്കും.
കാലാവസ്ഥ താളം തെറ്റിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍
കനത്ത ചൂടും അതോടൊപ്പം മഴയും എത്തുന്നതോടെ കാലാവസ്ഥയില്‍ വലിയ മാറ്റാണ് ഉണ്ടായത്. ഇത് പാരിസ്ഥിതിക സാമൂഹിക ആരോഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു..

- ഉഷ്‌ണ തരംഗം, സൂര്യാഘാതം, എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും
- വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കും: ഉഷ്‌ണ തരംഗങ്ങൾ ബാഷ്‌പീകരണം വർധിപ്പിക്കുന്നതിന് കാരണമാകുന്നു, തുടർന്ന് ലഭിക്കുന്ന മഴ കൂടുതൽ തീവ്രമായ മഴയ്ക്ക് കാരണമാകും, വരണ്ട പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കും
- മണ്ണിടിച്ചിലിന് സാധ്യത: മണ്‍സൂണില്‍ ജൂൺ, ജൂലൈ മാസങ്ങളിൽ അധിക മഴ പെയ്‌താല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലാണ്
- വരൾച്ച: ചില പ്രദേശങ്ങളിൽ മഴയുടെ അളവ് വർധിക്കുമ്പോൾ, മറ്റു ചില പ്രദേശങ്ങളിൽ ബാഷ്‌പീകരണവും ചൂടും വർധിക്കുന്നത് മൂലം വരൾച്ച അനുഭവപ്പെടാം
- സമുദ്രനിരപ്പ് ഉയരുന്നു: ജലത്തിന്‍റെ താപ വികാസവും മഞ്ഞുരുകലും മൂലം സമുദ്രനിരപ്പ് ഉയരുന്നു, ഇത് തീരദേശ സമൂഹങ്ങളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നു.
- ആവാസവ്യവസ്ഥയെ നശിപ്പിക്കും: താപനിലയിലും മഴയുടെ അളവിലുമുള്ള മാറ്റങ്ങൾ ആവാസവ്യവസ്ഥയെ തടസപ്പെടുത്തുകയും ജൈവവൈവിധ്യം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു
- കൃഷിയെ സാരമായി ബാധിക്കും: ഉഷ്‌ണ തരംഗങ്ങളും വരൾച്ചയും കൃഷിയെയും അതിന്‍റെ വിളകളെയും നശിപ്പിക്കുന്നു
- കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങളുടെ വംശനാശത്തിനും ജൈവവൈവിധ്യ നഷ്‌ടത്തിനും കാരണമാകുന്നു.
ശ്രദ്ധിക്കുക:ജേണൽ ഓഫ് എൻവയോൺമെന്‍റൽ മാനേജ്‌മെന്‍റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്