ഇടുക്കി: കോടമഞ്ഞിൽ പുതഞ്ഞ തേയില ചെരിവുകൾ.... ഈ കടുത്ത വേനലിൽ ഇങ്ങനെയൊരു കാഴ്‌ച ഉണ്ടാകുമോ എന്ന് അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാൽ നേരെ മൂന്നാറിലേക്ക് വിട്ടോളൂ.. ഇവിടെയെത്തിയാൽ മനം കുളിരും മഞ്ഞുകാഴ്‌ചകള്‍ മനസ് നിറയെ കണ്ടു മടങ്ങാം.
ഇത്തവണത്തെ വേനൽ മഴ ഇടുക്കിയ്‌ക്ക് സമ്മാനിച്ചത് കടുത്ത ചൂടിൽ നിന്ന് ശമനം മാത്രമല്ല, വേനലിൽ അപൂർവമായ ഈ മഞ്ഞിൻ കാഴ്‌ചകൾ കൂടിയാണ്. സാധാരണ മഞ്ഞു കാലത്ത് മൂന്നാറിൽ എത്തുന്ന സഞ്ചരികളെ ഏറെ ആകർഷിയ്ക്കുന്ന കാഴ്‌ചകൾ ആണ് ഈ വേനലിലും ദൃശ്യമാകുന്നത്.
മൂന്നാറും പിന്നിട്ട് ഗ്യാപ് റോഡും കടന്ന്, ആനയിറങ്കൽ ജലാശയത്തിന്‍റെ മനോഹര കാഴ്ച്ചകൾ തേടി ഒരു യാത്ര. കടുത്ത വേനൽ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ഇടുക്കിയിലേക്കെത്തുന്ന സഞ്ചരികൾക്ക് വലിയ ആശ്വാസവും സന്തോഷവുമാവുന്നുണ്ട് ഈ കാലാവസ്ഥയും മഞ്ഞുകാഴ്‌ചകളും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തേയില തോട്ടങ്ങളെ ഇടയ്ക്കിടെ വന്ന് മൂടുന്ന കോട മഞ്ഞിന്‍റെ കാഴ്‌ച ആസ്വദിച്ച്, നല്ല തണുത്തുറഞ്ഞ കാലാവസ്ഥയിൽ വെറുതെ ഇരിയ്ക്കാൻ, പ്രതീക്ഷിയ്ക്കാതെ അവസരം ലഭിച്ച ആവേശത്തിലാണ് സഞ്ചാരികൾ. ഒപ്പം നിറഞ്ഞു കിടക്കുന്ന ആനയിറങ്കൽ ജലാശയത്തിന്‍റെ കാഴ്‌ചകളും. ഇത് മറക്കാനാവാത്ത അനുഭവമാണെന്ന് വിനോദസഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരാഴ്‌ചയോളമായി ഇടയ്ക്കിടെ പെയ്‌ത വേനൽ മഴ ഇടുക്കിയുടെ കാർഷിക മേഖലയ്‌ക്കും വലിയ ആശ്വാസമാണ്. കൃഷിയിടങ്ങളെല്ലാം പച്ചപ്പണിഞ്ഞു. ഇതോടൊപ്പം പച്ച വിരിച്ച തേയില കാടുകളെ തഴുകി ഇടയ്ക്കിടെ മഞ്ഞിന്‍റെ ആവരണവും. ഇവിടെ എത്തി മഞ്ഞിൽ കുതിർന്ന് തിരിച്ചു പോകുന്ന ഏതൊരാളും മനസിൽ അറിയാതെ മൂളിപ്പോകും... ഇവിടുത്തെ കാറ്റാണ് കാറ്റ്... മലമൂടും മഞ്ഞാണ് മഞ്ഞ്...