കാസർകോട്: ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട കപ്പലിലെ പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തന്നെ തുടരുന്നു. രണ്ടുപേർക്കും നാല്‍പ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്‌ടര്‍മാർ അറിയിച്ചു. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണ്. ശ്വാസകോശത്തിൽ വരെ പൊള്ളലേറ്റിയിട്ടുണ്ടെന്നും ഡോക്‌ടര്‍മാർ വ്യക്തമാക്കി.
ചൈന, തായ്‌വാൻ സ്വദേശികളുടെ ആരോഗ്യ നിലയാണ് ഗുരുതരമായി തുടരുന്നത്. മറ്റ് നാല് പേര്‍ കൂടി ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആറുപേരും മംഗളൂരു എജെ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ പൊള്ളല്‍ ചികിത്സയ്ക്ക് പ്രസിദ്ധമാണ് മംഗളൂരു എ ജെ ആശുപത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം കേരളാ തീരത്തിന് സമീപത്ത് വച്ച് വാൻഹായ് 503 എന്ന സിംഗപ്പൂര്‍ ചരക്ക് കപ്പലിനാണ് തീ പിടിച്ചത്. കപ്പലില്‍ ആകെ 22 ജീവനക്കാരുണ്ടായിരുന്നു. ഇവരില്‍ 18 പേര്‍ കടലിലേക്ക് ചാടി. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ലന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള ഇ ടിവി ഭാരതിനോട് പറഞ്ഞിരുന്നു.
രക്ഷപ്പെട്ട 18 ജീവനക്കാരെയും അപകട സ്ഥലത്ത് നിന്നും ഐഎൻഎസ് സൂറത്തിൽ മംഗളൂരു തുറമുഖത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ രണ്ടു ആംബുലൻസുകളിലായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.
പരിക്കേല്‍ക്കാത്ത 12 പേരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ചൈന, തയ്‌വാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിലുള്ളവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. അതേസമയം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്‌നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിൻ്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.